കാര്‍ഷിക ബില്ലുകള്‍; ജനാധിപത്യത്തിന്റെ വായടപ്പിച്ച് കേന്ദ്ര നടപടി

Web Desk

ന്യൂഡല്‍ഹി

Posted on September 21, 2020, 3:19 pm

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ ബില്ലുകളില്‍ രാജ്യമൊട്ടാകെ പ്രതിഷേധം അലയടിക്കുമ്പോഴും ബില്‍ പാസാക്കി കേന്ദ്രം. പത്രങ്ങളും ചാനലുകളും ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് രംഗത്ത് വന്നിരുന്നെങ്കിലും ജനാധിപത്യത്തിന്റെ വായടപ്പിച്ചായിരുന്നു കേന്ദ്ര നടപടിയെന്ന് സ്ക്രോള്‍ ഡോട്ട് ഇന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കര്‍ഷക ബില്ലുകള്‍ക്കെതിരെയുള്ള ശബ്ദങ്ങളെ നിശബ്ദമാക്കി, ജനാധിപത്യത്തിന്റെ വായടപ്പിക്കുന്നുവെന്ന തലക്കെട്ടോടെയാണ് ‘ദി ടെലഗ്രാം’ വാര്‍ത്ത നല്‍കിയത്. എത്രയെല്ലാം പ്രതിഷേധമുണ്ടായിട്ടും രാജ്യസഭ കര്‍ഷക ബില്ലുകള്‍ പാസാക്കി.

ബിജെപിയോട് അനുഭാവം പുലര്‍ത്തുന്ന ബിജു ജനതാദള്‍, തെലങ്കാന രാഷ്ട്ര സമിതി എന്നീ പാര്‍ട്ടികള്‍ ഉള്‍പ്പെടെ ശക്തമായി പ്രതിഷേധിച്ചിട്ടും ബില്ലുകള്‍ പാസാക്കാന്‍ കേന്ദ്രം കാണിച്ച ധാര്‍ഷ്ഠ്യം മുഖ്യധാരാ മാധ്യമങ്ങള്‍ വാര്‍ത്തയാക്കി. ബില്ലുകള്‍ പാസാക്കിയതിനെ മരണവാറണ്ടെന്നും കര്‍ഷക വിരുദ്ധമെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് വിലയിരുത്തി.

ജനാധിപത്യത്തെ കശാപ്പുചെയ്യുന്നതായും പത്രം ഞായറാഴ്ച പാര്‍ലമെന്റില്‍ നടന്ന സംഭവങ്ങളെ ഉദ്ധരിച്ചുകൊണ്ട് പറയുന്നു.
കേന്ദ്രത്തിന്റെ നിര്‍ണായക കാര്‍ഷിക ബില്ലിന്റെ പരിഷ്കാരങ്ങള്‍ സഭയില്‍ അപസ്വരങ്ങള്‍ക്കും ഭിന്നതയ്ക്കും കാരണമായതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യസഭയിലെ യുദ്ധമെന്നാണ് ബില്‍ പാസാക്കിയതിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങളെ മറാത്തി ദിനപത്രം ലോക്‌സട്ട തലക്കെട്ട് നല്‍കി. പ്രതിപക്ഷം മൈക്കുകള്‍ തകര്‍ത്തിട്ടും രാജ്യസഭയില്‍ കര്‍ഷക ബില്ലിനെതിരെയുള്ള പ്രതിഷേധം രൂക്ഷമായിട്ടും ബില്ലുകള്‍ പാസാക്കുന്നതിലായിരുന്നു കേന്ദ്രത്തിന്റെ ശ്രദ്ധയെന്ന് ലോക്‌സട്ട പറഞ്ഞു. അതേസമയം മോഡിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ബില്ലുകളെ ചരിത്രപരമെന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഗുജറാത്ത് ദിനപത്രമായ ഗുജറാത്ത് സമാചാറിലും മറ്റൊന്നായിരുന്നില്ല പ്രധാന വിഷയം. പ്രതിപക്ഷ ബഹളങ്ങള്‍ക്കിടെയും കര്‍ഷക ബില്ലുകള്‍ പാസാക്കിയെന്ന തലക്കെട്ടോടെ അവര്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചു. ഹിന്ദി ദിനപത്രമായ അമര്‍ ഉജാല, ദൈനിക് ഭാസ്കര്‍, എന്നിവയും വളരെ പ്രധാന്യത്തോടെതന്നെ ഈ വിഷയം അവതരിപ്പിച്ചു. ബില്ല് പാസാക്കി എന്നാല്‍ രാജ്യസഭ പരാജയപ്പെട്ടുവെന്ന് ദൈനിക് ഭാസ്കറിന്റെ തലക്കെട്ട് വിഷയങ്ങളുടെ ഗൗരവം ഉള്‍ക്കൊള്ളുന്നതായിരുന്നു. പാര്‍ലമെന്റില്‍ കലാപങ്ങള്‍ക്കിടെ ബില്‍ പാസായതിനെക്കുറിച്ച് അസം ദിനപത്രം ദൈനിക് അസവും പ്രധാന വാര്‍ത്തയായി തന്നെ നല്‍കി. കര്‍ഷ വിരുദ്ധം എന്ന തലക്കെട്ടോടെയായിരുന്നു തമിഴ്‌നാട് ദിനപത്രമായ ഡെയ്ലി തന്തി കര്‍ഷക ബില്ലിന്റെ വാര്‍ത്തകള്‍ നല്‍കിയത്. പശ്ചിമബംഗാള്‍ പത്രമായ അനന്ത ബസാര്‍ പത്രിക, രാജ്യസഭയിലെ യുദ്ധക്കളം വിഷയമാക്കി.

Eng­lish sum­ma­ry: Agri­cul­tur­al ordi­nances fol­lowup sto­ry

You may also like this video: