June 5, 2023 Monday

Related news

October 7, 2021
May 22, 2021
May 19, 2021
February 25, 2021
December 22, 2020
November 1, 2020
October 21, 2020
August 14, 2020
August 6, 2020
July 27, 2020

കാർഷിക ഗവേഷകർ വ്യവസായ ലോബിയുടെ ഭാഗമാകരുത്: മന്ത്രി വി എസ് സുനിൽകുമാർ

Janayugom Webdesk
December 19, 2019 9:10 pm

തൃശൂർ: സ്ഥാപിത താൽപര്യമുള്ള വ്യവസായ ലോബിയുടെ ഭാഗമായി മാറുന്ന രീതിയിൽനിന്ന് കാർഷിക ഗവേഷകർ മാറിയേ മതിയാവൂ എന്ന് കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. ഈ സമൂഹത്തിൽ ഏറ്റവുമധികം കഷ്ടപ്പെടുന്ന കൃഷിക്കാരന്റെ കണ്ണീരിനെ ഗവേഷകർ കാണണം. ഇന്ത്യൻ സൊസൈറ്റി ഫോർ പ്ലാന്റ് ഫിസിയോളജി (ഐഎസ്പിപി) കേരള കാർഷിക സർവകലാശാലയിൽ സംഘടിപ്പിച്ച പ്ലാന്റ് ഫിസിയോളജി ത്രിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

നമ്മുടെ ഗവേഷണ സ്ഥാപനങ്ങളും ഗവേഷകരും കാർഷികമേഖലയുമായി ബന്ധപ്പെട്ട് പടർന്നു പന്തലിച്ച സ്ഥാപിത താൽപര്യമുള്ള വ്യവസായ ലോബിയുടെ വക്താക്കളും പ്രയോക്താക്കളുമായി മാറിക്കൊണ്ടിരിക്കുകയാണ്. ഗവേഷകർ വ്യവസായ ലോബിയുടെ പക്ഷത്താണോ, കർഷകരുടെ പക്ഷത്താണോ എന്നത് വ്യക്തമാകേണ്ടതുണ്ട്. വളരെ സങ്കീർണ്ണമായ സാങ്കേതിക വിദ്യയും കൃഷിക്കാരുടെ ഉൽപാദനച്ചെലവ് വർധിപ്പിക്കാനുള്ള നൂതന വിദ്യകളുമല്ല ഇവിടെ ആവശ്യം. വളരെ ലളിതവും ചെലവു കുറഞ്ഞതും ഋജുവായതുമായ പരിഹാര മാർഗങ്ങളാണ് കൃഷിക്കാരന് ആവശ്യം. അതിന് കഴിയുന്നുണ്ടോ എന്നതാണ് ശാസ്ത്രലോകത്തിന് മുന്നിലുള്ള വെല്ലുവിളി. കൃഷിക്കാരനോട് സൗഹാർദം പുലർത്തുന്ന ഗവേഷണങ്ങൾ ഇവിടെ ആവശ്യമാണ്. പക്ഷേ, കാർഷിക സമൂഹത്തിന് ശാസ്ത്രലോകത്തെ സ്പോൺസർ ചെയ്യാൻ കഴിയില്ല. ഗവേഷണ സ്ഥാപനങ്ങൾക്ക് സ്പോൺസർ ചെയ്യാൻ പറ്റും. പക്ഷേ, അവർക്ക് വേണ്ടിയല്ല കൃഷി നടത്തുന്നത്, കർഷകർക്ക് വേണ്ടിയാണ്, വരുംതലമുറയ്ക്ക് വേണ്ടിയാണ്. മന്ത്രി പറഞ്ഞു.

കാർഷിക സർവകലാശാല പ്ലാൻറ് ഫിസിയോളജി വകുപ്പ് മുൻ തലവനായിരുന്ന പരേതനായ ഡോ. എസ് ശേഷാദ്രിനാഥിന് ആദരം അർപ്പിച്ച് ആരംഭിച്ച സെമിനാറിൽ മുതിർന്ന പ്ലാന്റ് ഫിസിയോളജിസ്റ്റുകളായ ഡോ. ടി വി ആർ നായർ, ഡോ. കെ നന്ദിനി എന്നിവരെ മന്ത്രി ആദരിച്ചു. ഐഎസ്പിപിയുടെ ജെ ജെ ചിനോയ് സ്വർണമെഡൽ പുരസ്കാരം ഡോ. നരേന്ദകുമാർ ഗുപ്ത, ജെ സി ബോസ് സ്വർണമെഡൽ പുരസ്കാരം ഡോ. സ്നേഹലത സിംഗ്ല പരീക്, ആർ ഡി അസാന സ്വർണമെഡൽ പുരസ്കാരം ഡോ. ശരത്കുമാർ ദ്വിവേദി എന്നിവർക്ക് മന്ത്രി സമ്മാനിച്ചു. ഫെലോഷിപ്പുകൾ ഡോ. ദീപു മാത്യു, ഡോ. ആർ ഗോമതി എന്നിവർ മന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി.
കാർഷിക സർവകലാശാല വൈസ് ചാൻസിലർ ഡോ. ആർ ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. ഐഎസ്പിപി പ്രസിഡന്റ് ഡോ. എം ബി ചെട്ടി, സെക്രട്ടറി ഡോ. വിശ്വനാഥ് ചിന്നുസ്വാമി, ട്രഷറർ ഡോ. മദൻപാൽ, ഡോ. എഡ്ന ആന്റണി എന്നിവർ സംസാരിച്ചു. കാർഷിക സർവകലാശാല റിസർച്ച് ഡയറക്ടർ ഡോ. പി ഇന്ദിരാദേവി സ്വാഗതവും ഡോ. ടി ഗിരിജ നന്ദിയും പറഞ്ഞു. വിദേശ സർവകലാശാലകളിൽനിന്നുൾപ്പെടെയുള്ള വിദഗ്ധർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സെമിനാർ 21ന് സമാപിക്കും.
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.