ഡോ. അജീഷ് പി ടി

August 23, 2020, 4:00 am

കൃഷിയുടെ ജനകീയ സാധ്യതകൾ

Janayugom Online

കോവിഡ് 19 ന്റെ തേരോട്ടം തുടങ്ങിയിട്ട് ആറുമാസത്തോളമാകുന്നു. ശാസ്ത്രത്തിന് പോലും നിയന്ത്രിക്കുവാൻ കഴിയാതെ ലോകരാജ്യങ്ങളിലെല്ലാം ഇതിന്റെ പ്രഭാവലയം എത്തിക്കഴിഞ്ഞു. ലോകത്തിന്റെ സാമൂഹിക, സാമ്പത്തിക, ഭൗതിക നിലയിലെല്ലാം ഭീമമായ കോളിളക്കം സൃഷ്ടിക്കുവാൻ ഈ ഒരൊറ്റ വിഷയം കാരണമാകുന്നുവെന്നത് ചരിത്രം. ലോകത്തുണ്ടായ സാമ്പത്തിക അസ്ഥിരതയും തകർച്ചയും എല്ലാ വിഭാഗം ജനങ്ങളേയും ബാധിച്ചു. നിരവധി പേരുടെ തൊഴിൽ നഷ്ടമാകുന്നതിന് വഴിതെളിച്ചു. സ്വകാര്യമേഖലയിലുണ്ടായ തകർച്ചയുടെ പ്രതിഫലമായി ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുവാൻ ഭൂരിപക്ഷം കമ്പനികളും നിർബന്ധിതരായി. ഇത്തരത്തിൽ തൊഴിൽ നഷ്ടപ്പെട്ട് വീട്ടിലിരിക്കുന്ന ആൾക്കാരുടെ ഗാർഹിക സാമ്പത്തികാവസ്ഥയിൽ വിള്ളലുണ്ടായി. മക്കളുടെ പഠനം, ദൈനംദിന ചിലവുകൾ എന്നിവയിൽ വലഞ്ഞിരിക്കുകയാണ് മിക്കവരും. ഇതിനിടയിൽ കടുത്ത സാമ്പത്തിക തകർച്ചകാരണം സ്വകാര്യ സ്കൂളുകളിൽ പഠിപ്പിച്ചിരുന്ന മക്കളെപ്പോലും പൊതുവിദ്യാലയങ്ങളിലേക്ക് മാറ്റിയതും കൊറോണയുടെ സൃഷ്ടിയായി.

കോവിഡ് പ്രതിസന്ധി ഉടൻ അവസാനിച്ചില്ലായെങ്കിൽ ഭക്ഷ്യദൗർലഭ്യം രാജ്യത്ത് രൂക്ഷമാകുവാൻ സാധ്യതയുണ്ട്. അതിനാൽ കാർഷികപരമായ എന്തുതൊഴിലും നിലവിലുള്ള സാഹചര്യത്തിൽ ചെയ്യുവാൻ നിർബന്ധിതരാകുകയാണ് ഭൂരിഭാഗം പേരും. കൊറോണയുടെ വ്യാപനം വർധിച്ചാൽ രാജ്യത്തെ കാർഷികമേഖലയും കർഷകരും പ്രതിസന്ധിയിലാകുവാൻ സാധ്യതയുണ്ട്. ഏറ്റവും അവശ്യവിഭാഗത്തിൽ ഉൾപ്പെടുന്ന കൃഷിയും കാർഷികരംഗവും കർമ്മ മേഖലയിൽ സ്ഥിരതയില്ലാതെ തുടരേണ്ടിവന്നാൽ ഭക്ഷ്യധാന്യങ്ങളുടെ ഉല്പാദനത്തിൽ ഗണ്യമായ കുറവുണ്ടാകുകയും ഭക്ഷ്യക്ഷാമം ഉണ്ടാകാനും സാധ്യത കൂടുതലാണ്.

കേരളം പോലൊരു ഉപഭോക്തൃ സംസ്ഥാനത്തിൽ ഭക്ഷ്യധാന്യങ്ങളുടെ ഇറക്കുമതി നിലച്ചാൽ ‘ദൈവത്തിന്റെ സ്വന്തം നാട്’ പട്ടിണിയായിപ്പോകും. കൊറോണ വ്യാപനം ശക്തമാകുന്ന സംസ്ഥാനങ്ങളിലുള്ള കർഷകർ രോഗബാധയുടെ ഭയത്താൽ തൊഴിലിടങ്ങളിൽ വരുന്നതിന് താത്പര്യക്കുറവ് കാണിക്കുന്നതായാണ് മനസിലാക്കുന്നത്. രോഗബാധ തുടർന്നാൽ കാർഷികരംഗത്ത് വളരെ വലിയ ആഘാതമുണ്ടാകുകയും ഭക്ഷ്യധാന്യങ്ങളുടെ ഇറക്കുമതിയിൽ ഗണ്യമായ കുറവ് വരുവാനും സാധ്യതയുണ്ട്.

ഗുരുതരമായ ഇത്തരം പ്രതിസന്ധികളെ മുന്നിൽ കണ്ടുകൊണ്ട് തൊഴിൽ നഷ്ടപ്പെട്ട യുവാക്കളുടെ കൂട്ടായ്മ കൃഷിയിലേക്ക് തങ്ങളുടെ അധ്വാനശേഷി തിരിക്കുവാൻ ശ്രമിക്കണം. വൈറ്റ് കോളർ ജാഡകൾ വിട്ടൊഴിയുവാൻ തയ്യാറായാൽ സമൃദ്ധമായി ആഹാരം കഴിക്കുന്നതിനുള്ള വിളകൾ സ്വന്തമായി കൃഷി ചെയ്യുന്നതിന് സാധിക്കും. ഗുണമേന്മയുള്ള കൃഷിവിഭവങ്ങൾക്ക് വിപണിയിൽ നല്ല മൂല്യം ലഭിക്കുന്നുണ്ട്. അധ്വാനിക്കുവാനുള്ള മാനസികാവസ്ഥ രൂപപ്പെട്ടാൽ ജീവിതശൈലീ രോഗങ്ങളിൽ നിന്നും മോചനവും നല്ല ആരോഗ്യവും ലഭിക്കും. ഇന്നിപ്പോൾ ലോക്ഡൗൺ കാലഘട്ടത്തിൽ മണ്ണിലേക്കിറങ്ങി അധ്വാനിക്കുവാൻ തയ്യാറാകുന്ന ധാരാളം പേർ ഉണ്ടായിട്ടുണ്ട്. ഈ ശീലം തുടരുവാൻ സാധിച്ചാൽ കാർഷിക സ്വയം പര്യാപ്തത എന്ന സ്വപ്നം സംസ്ഥാനത്തിന് നേടുവാൻ സാധിക്കും. ഏറ്റവും കുറഞ്ഞത് സ്വന്തം വീടിനുവേണ്ട പച്ചക്കറിയെങ്കിലും സ്വയം കൃഷിചെയ്തെടുക്കുവാൻ സാധിച്ചാൽ ഏറ്റവും മഹത്തരമായ കാര്യമായി നമുക്കതിനെ വിലയിരുത്താം. കാർഷിക ചലഞ്ച് പോലുള്ള പ്രവർത്തനങ്ങൾ ജനങ്ങളുടെ ഇടയിൽ നല്ല രീതിയിൽ സ്വാധീനമുണ്ടാക്കുവാൻ സാധിച്ചിട്ടുണ്ട്. സന്നദ്ധ, സർവീസ് സംഘടനകളും ഈ പ്രവർത്തനം ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നുണ്ട്.

ഇന്നിപ്പോൾ കാർഷികജോലികൾക്കായി അന്യസംസ്ഥാന തൊഴിലാളികളെപ്പോലും ലഭിക്കില്ല. ഇനി കുറേക്കാലത്തേക്ക് അവരുടെ വരവും കുറയും. അതിനാൽ ഈ അവസരം മുതലെടുത്ത് മലയാളി തൂമ്പയുമായി സ്വന്തം കൃഷിയിടത്തും പറമ്പിലും ഇറങ്ങിയാൽ പരിഹരിക്കപ്പെടാവുന്ന പ്രശ്നം മാത്രമേയുള്ളൂ. സർക്കാരും ഈ വിഷയത്തിൽ അനുകൂലമായ നിലപാടും പിന്തുണയുമാണ് നൽകിവരുന്നത്. വൈറ്റ് കോളർ ജോലി മാത്രമേ ചെയ്യു എന്ന പിടിവാശി ഒഴിവാക്കി മണ്ണിലേക്കിറങ്ങുന്ന നിരവധി വിദ്യാസമ്പന്നരായ യുവാക്കളുണ്ട്. ചില സങ്കുചിതമായ കാഴ്ചപ്പാട്, കൃഷിയോടുള്ള അവമതിപ്പ് എന്നിവ മാറ്റിവച്ചാൽ സാമ്പത്തികമായ നേട്ടം കരസ്ഥമാക്കുവാനും അതോടൊപ്പം ശാരീരികമായും മാനസികമായും ഉൻമേഷവും ഉണർവും നേടുന്നതിന് കഴിയുന്നു. ഇന്നല്ലെങ്കിൽ നാളെ കൊറോണയെ ശാസ്ത്രലോകം പിടിച്ചു കെട്ടും. എന്നാലും തുടർന്നുള്ള കാലത്തും കൃഷി ഒരു ജീവിതശീലമായി തുടരുവാൻ ഏവരും തയ്യാറാകണം. അന്നത്തിനായി അന്യദേശങ്ങളിൽപ്പോയി പണിയെടുത്തിരുന്ന സഹോദരങ്ങളെല്ലാം കേരളത്തിലെത്തിയത് ഈ ക്യാമ്പയിന് കൂടുതൽ ശക്തി പകരും.

സംസ്ഥാനവ്യാപകമായി തദ്ദേശീയരായ കർഷക കൂട്ടായ്മകൾ ഉണർന്നു പ്രവർത്തിക്കണം. ഇടനിലക്കാരെ ഒഴിവാക്കി കാർഷികവിഭവങ്ങൾ സംഭരിച്ച് വിപണിയിലെത്തിച്ചാൽ കർഷകർക്ക് നല്ല ലാഭം ലഭിക്കുമെന്നതിൽ സംശയമില്ല. ഉത്തരേന്ത്യയിലാണ് കർഷകർ ഇത്തരത്തിൽ ബുദ്ധിമുട്ട് കൂടുതലായി നേരിടുന്നത് തക്കാളി, സ­വാള, ഉരുളക്കിഴങ്ങ്, ഉള്ളി തുടങ്ങിയ ഉല്പന്നങ്ങൾ കൃഷി ചെയ്യുന്ന കർഷകർ ആകെ വിലത്തകർച്ച നേരിടുകയാണ്. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച “ആത്മനിർഭർ ഭാരത് പാക്കേജ്’ പ്രകാരം കർഷകർക്ക് സ്വന്തം വിളകൾ സ്വതന്ത്രമായി വിൽക്കുവാനുള്ള അവസരം ലഭ്യമാക്കുവാൻ ലക്ഷ്യം വച്ചുള്ളതാണ്. എന്നാൽ യാതനയും കഷ്ടപ്പാടും അനുഭവിക്കുന്ന യഥാർത്ഥ കർഷകന് ഇതിന്റെ പ്രയോജനം ലഭ്യമാകുമോ എന്ന് കണ്ടറിയണം.

എന്തായാലും ജനങ്ങളെ ഊട്ടുന്ന കർഷകർക്ക് മാന്യമായ പിന്തുണ ലഭ്യമാക്കുന്നതിന് എല്ലാപേരും ശക്തമായി പ്രയത്നിക്കണം. കോവിഡ് നാളുകളിൽ വീടുകളിലിരിക്കുന്ന വിദ്യാർത്ഥികൾക്കിടയിലും കൃഷിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും, കാർഷിക വൃത്തിയിലൂടെ മാത്രമേ രാജ്യത്തിന് പുരോഗതി ഉണ്ടാകുകയുള്ളൂ എന്ന ആശയം പകർന്നുനൽകുകയും വേണം. ആളുകൾ കാർഷികമേഖലയിൽ നിന്നും അകലുന്നതും അതിനോട് സ്നേഹവും പ്രതിബന്ധതയും കുറയുന്നതും കാർഷിക സംസ്കാരത്തിന്റെ നാശത്തിന് വഴിവയ്ക്കും.

ഓരോ പാഠ്യപദ്ധതിയും കുട്ടികളെ പരിചയപ്പെടുത്തുമ്പോൾ കൃഷിക്കു നൽകുന്ന പ്രാധാന്യം വളരെ വലുതാണ്. പക്ഷേ അതിനെ നാം പ്രായോഗികതലത്തിൽ സ്വീകരിക്കുന്ന സമീപനരീതിയിൽ മാറ്റം വരണം. കൃഷി ജനങ്ങളെ പുരോഗതിയിലേക്ക് നയിക്കുമെന്നും കർഷകരെ ആദരിക്കുന്ന കാഴ്ചപ്പാടും സംജാതമാകണം. കേരളത്തിൽ ഇന്ന് ജൈവകൃഷിക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള രീതി പിന്തുടരുന്നത് പ്രകൃതിസൗഹൃദവും പരിസ്ഥിതിക്ക് ഗുണപരമാകുന്നതുമാണ്. മുഴുവൻ ജനങ്ങളും കൃഷിയെ ഹൃദയത്തോട് ചേർത്ത് സ്വീകരിച്ച് ജീവിതയാത്രയുടെ ഭാഗമായി മാറ്റണം. കർഷകർക്ക് കൃഷിയിടത്തു നിന്നും മികച്ച വരുമാനം കരസ്ഥമാക്കുവാൻ കഴിയുന്നതിനുള്ള സാഹചര്യമൊരുക്കണം. സംയോജിത കൃഷിരീതി ചെയ്യുന്നതിലൂടെ മറ്റിതര കാർഷിക വിഭവതലങ്ങളുമായി ഏകോപിപ്പിക്കുന്നതിനും നേട്ടങ്ങൾ കൊയ്യുവാനും സാധിക്കുന്നു. ഒരു വ്യക്തിയെ പരിഗണിക്കുകയാണെങ്കിൽ അയാൾ താമസിക്കുന്ന ലഭ്യമാകുന്ന സ്ഥലത്ത് കൃഷി ചെയ്യുവാൻ പ്രോത്സാഹിപ്പിക്കണം. കാർഷിക സമൃദ്ധി ലക്ഷ്യം വച്ച് സന്നദ്ധ യുവജനസംഘടനകൾ കാര്യക്ഷമമായ ഇടപെടൽ നടത്തി, ഒഴിഞ്ഞുകിടക്കുന്ന ഭൂമികളിൽ കൃഷിചെയ്യുവാൻ ആരംഭിക്കണം. ഇത് സംസ്ഥാന വ്യാപകമാക്കിയാൽ ആഭ്യന്തര കാർഷിക ഉല്പാദനപ്രക്രിയ സമ്പുഷ്ടമാകും.

രാജ്യത്തുള്ളവരിൽ ഭൂരിഭാഗം പേരും കൊറോണ ബാധയാൽ വീടുകളിൽ കഴിയുന്നതിനാൽ ധാരാളം സമയം ലഭിക്കുന്നു. ഇത്തരം ഒഴിവുസമയങ്ങൾ ഫലപ്രദമായി കാർഷിക പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചാൽ ഒരു വീടിന് ആവശ്യമായ ഭക്ഷ്യപദാർത്ഥങ്ങൾ സ്വയം ഉല്പാദിപ്പിക്കുവാൻ സാധിക്കും. കൂടുതൽ സാധിച്ചാൽ അയൽപ്പക്ക വീടുകളിലോ മറ്റു സുഹൃത്തുക്കൾക്കോ നൽകാം. ഓൺ ലൈൻ ക്ലാസുകൾക്ക് ശേഷം ഒഴിവുവരുന്ന സമയത്ത് കൃഷിപോലുള്ള ഗാർഹിക പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് രക്ഷിതാക്കളെ സഹായിക്കാം. ഇത് വിവിധ കൃഷിരീതികൾ മനസിലാക്കുവാനും അധ്വാനത്തിന്റെ മഹത്വം ബോധ്യപ്പെടുവാനും ഉപകരിക്കും. കൃഷി എന്നത് സംസ്കാരം എന്ന കാഴ്ചപ്പാട് കേവലം രേഖകളിൽ എഴുതി പ്രസംഗിക്കുന്നതിന് പകരം പ്രായോഗിക ജീവിതത്തിൽ നടപ്പിൽ വരുത്തുവാനാണ് ശ്രമിക്കേണ്ടത്. കുട്ടികളിൽ ഈ ബോധം ജനിപ്പിക്കുവാൻ ഏറ്റവും അനുയോജ്യമായ സമയം ഇതു തന്നെയാണ്. സ്വന്തമായി കൃഷി ചെയ്ത് വിളവെടുത്ത് ഭക്ഷിക്കുന്നതിന്റെ ആസ്വാദ്യകരമായ അവസ്ഥ കുട്ടികളിൽ ബാല്യകാലം മുതൽ രൂപപ്പെടുത്തിയെടുക്കണം. കൊറോണക്കാലം അതിജീവിച്ച് മുന്നോട്ട് നീങ്ങിയാലും ദിവസവും കുറച്ച് നേരം കൃഷിക്കായും അവയുടെ പരിപാലനത്തിനായി വിനിയോഗിച്ചാൽ ലഭിക്കുന്ന ആത്മസംതൃപ്തി കുട്ടികൾ മനസിലാക്കി മുന്നോട്ട് ജീവിതം നയിക്കണം.

ഇത്തരത്തിൽ ജനകീയ കൂട്ടായ്മകൾ രൂപപ്പെട്ട് കാർഷികോല്പാദനം വർധിക്കുന്നതിലൂടെ ഉല്പന്നങ്ങൾ വിപണിയിലും സുലഭമാകും. ഇത് കാർഷികവിഭവങ്ങൾ വിലക്കുറവിൽ വാങ്ങുന്നതിനും പൊതുജനങ്ങൾക്ക് സാധിക്കും. ഈ ലോക്ഡൗൺ കാലത്ത് തന്നെ ഈ രീതിയിൽ ഉല്പാദനപ്രവർത്തനങ്ങൾ വിജയിപ്പിച്ച നിരവധി കർഷകരും സംഘടനകളും നിലവിലുണ്ട്. ‘സുഭിക്ഷകേരളം’ പദ്ധതി ഒരു മാതൃകയാക്കിക്കൊണ്ട് കാർഷിക സ്വയം പര്യാപ്തമായതും ഭക്ഷണം സുലഭമായി ലഭിക്കുന്നതുമായ പ്രവർത്തനങ്ങൾ കാര്യശേഷിയോടെ ഏറ്റെടുത്ത് എല്ലാപേരും മുന്നോട്ട് നീങ്ങണം. സംസ്ഥാന വ്യാപകമായി മാതൃകകൾ സൃഷ്ടിച്ച പ്രവർത്തനങ്ങൾ പ്രത്യേകം ഏറ്റെടുത്ത് തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ വികേന്ദ്രീകരണ രീതിയിൽ നടപ്പിലാക്കി ജനകീയ വത്ക്കരിക്കണം. ഭക്ഷ്യ വിഭവങ്ങളിൽ സ്വയം പര്യാപ്തമായ കേരളം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള ശ്രമത്തിനുപിന്നിൽ കൈകോർക്കാം.