August 14, 2022 Sunday

Related news

August 14, 2022
August 13, 2022
August 13, 2022
August 13, 2022
August 12, 2022
August 10, 2022
August 10, 2022
August 10, 2022
August 10, 2022
August 9, 2022

കൃഷിയും ടൂറിസവും ഒന്നിക്കുന്നു: സർക്കാർ സഹായത്തോടെ ഫാം ടൂറിസം, കേരളത്തിൽ ഇനി സാധ്യതകളുടെ വലിയ ലോകം

മനു അഖില
തിരുവനന്തപുരം
August 1, 2021 9:58 pm

മനു അഖില

കോവിഡാനന്തരം അനുഭവവേദ്യ ടൂറിസത്തിന്റെ (എക്സ്പീരിയൻഷ്യൽ ടൂറിസം) സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കൃഷിയും ടൂറിസവും ഒന്നിക്കുന്നു. വരും കാലങ്ങളില്‍ ടൂറിസത്തില്‍ പ്രാധാന്യമുള്ള ഒരു മേഖല കൃഷിയുമായി ബന്ധപ്പെട്ട വിനോദ സഞ്ചാരമായിരിക്കുമെന്നതിനാല്‍ കേരളത്തിൽ ഫാം ടൂറിസവും ഹോം സ്റ്റെഡ് ഫാമിങും പ്രോത്സാഹിപ്പിക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കുകയാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍.

കേരളത്തിന്റെ ഉപജീവന, സാമ്പത്തിക രംഗങ്ങളിലെ അഭിവാജ്യ ഘടകങ്ങളാണ് കൃഷിയും ടൂറിസവും. കോവിഡും തുടര്‍ച്ചയായുണ്ടായ പ്രകൃതി ദുരന്തങ്ങളും ഏറ്റവും കൂടുതല്‍ ബാധിച്ചതും ഈ മേഖലകളെയാണ്. അതിജീവനത്തിന്റെ പുതിയ കാലഘട്ടത്തില്‍ ഇരു മേഖലകളും പരസ്പര പൂരകമാവുന്നതില്‍ ഒട്ടനവധി സാധ്യതകളും നിലനില്‍ക്കുന്നു. ഇത് പ്രയോജനപ്പെടുത്തിയാണ് മിഷന്റെ പുതിയ ദൗത്യം.

സാമ്പത്തികമായ ആഘാതങ്ങളില്‍ നിന്ന് കരകയറാന്‍ കേരളത്തിന്റെ മുന്നിലുള്ള ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്നാണ് ഫാം ടൂറിസം. ഫാം ടൂറിസമെന്ന ആശയം പുതുമയുള്ളതല്ല. എന്നാല്‍ കേരളത്തെ സംബന്ധിച്ച് ശ്രദ്ധ കിട്ടാത്ത മേഖലയാണിത്. ജൈവവൈവിധ്യത്തിന്റെയും സന്തുലിത കാലാവസ്ഥയുടെയും ഈറ്റില്ലമായ സംസ്ഥാനത്ത് ആഭ്യന്തര, വിദേശ സഞ്ചാരികളില്‍ വലിയൊരു ശതമാനവും ഭൂപ്രകൃതി ആസ്വദിക്കാനെത്തുന്നവരാണ്. ഇതിനാല്‍ തന്നെ കൃഷിയെ ടൂറിസവുമായി ബന്ധിപ്പിക്കുകയെന്നതിന് പ്രാധാന്യമേറുകയാണ്.

ഫാം ടൂറിസം കൂടുതല്‍ ജനകീയമാക്കുന്നതിന് വിദഗ്ധ പരിശീലനം ആവശ്യമാണ്. വീടുകള്‍ കേന്ദ്രീകരിച്ചുള്ള കൃഷിയുടെ സാധ്യതകള്‍ (ഹോം സ്റ്റെഡ് ഫാമിങ്) പ്രയോജനപ്പെടുത്താനാവശ്യമായ പ്രവര്‍ത്തനങ്ങളും പ്രധാനമാണ്. പദ്ധതിയിലൂടെ വിനോദസഞ്ചാരികള്‍ക്ക് കൃഷിയുടെ വിവിധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാനും, ഫാമുകളിലെ താമസ സൗകര്യം ഉപയോഗപ്പെടുത്താനും സാധിക്കും. നിലവില്‍ ടൂറിസത്തിനായുള്ള രജിസ്ട്രേഡ് ഫാം യൂണിറ്റുകള്‍ കുറവാണ്. കോവിഡിന് ശേഷമുള്ള ടൂറിസത്തില്‍ വലിയ പ്രാധാന്യം ഫാം ടൂറിസവുമായി ബന്ധപ്പെട്ടുണ്ടാകുമെന്നതിനാല്‍ നിലവില്‍ ഫാമുള്ളവരെ പദ്ധതിയുടെ ഭാഗമാക്കാനും പരിശീലനം നല്‍കാനുമാണ് ഉത്തരവാദിത്ത ടൂറിസം ലക്ഷ്യമിടുന്നത്.

ഇതോടൊപ്പം വീട്ടുവളപ്പില്‍ ചെയ്യാവുന്ന കൃഷിരീതികളും ബന്ധിപ്പിക്കും. കൃഷിക്കു പുറമേ ടൂറിസത്തിലൂടെ ആദായം ലഭ്യമാക്കാനും പദ്ധതിയിലൂടെ സാധിക്കുന്നു. സുഭിക്ഷ കേരളം പോലുള്ള പദ്ധതികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപ്പിലാക്കുമ്പോൾ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളുമായി അവ കൂട്ടിച്ചേർക്കാനുള്ള മുൻകൈ പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഏറ്റെടുത്ത് നടപ്പാക്കാനുമാകും. ഇത് ഒരേസമയം ടൂറിസ്റ്റുകൾക്ക് ആസ്വാദ്യകരവും കർഷകർക്ക് വരുമാനദായകവുമാകും.

പൊതുവില്‍ പദ്ധതിക്ക് നല്ല പ്രതികരണം ലഭിക്കുന്നുണ്ട്. ഫാം ടൂറിസത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന 50 പേരുടെ ആദ്യ ബാച്ച് പരിശീലനം പൂർത്തിയായി. അടുത്ത ബാച്ചിന് 25 മുതൽ പരിശീലനം തുടങ്ങും. രണ്ടാം ഘട്ട പരിശീലനത്തിന് കഴിഞ്ഞ ദിവസം വരെ 160 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിനും പരിശീലനത്തിനും ഇപ്പോൾ ഓൺലൈനായും അപേക്ഷിക്കാനുള്ള അവസരമുണ്ട്.

ഒന്നാം ഘട്ടം രണ്ട് വര്‍ഷത്തിനുള്ളില്‍

പദ്ധതിയുടെ ഒന്നാം ഘട്ടം 2023 മാർച്ച് 31 ന് മുമ്പായി പൂര്‍ത്തിയാക്കാനാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ ലക്ഷ്യമിടുന്നത്. ഈ കാലയളവില്‍ കുറഞ്ഞത് 500 ഫാം ടൂറിസം യൂണിറ്റുകളും 5000 ഹോം സ്റ്റെഡ് ഫാം യൂണിറ്റുകളും സജ്ജമാക്കും. ഇവയുടെ ഉല്പന്നങ്ങളുടെ വിപണന സാധ്യത ഒരുക്കുന്നതിനൊപ്പം ടൂർ പാക്കേജുകളുടെ ഭാഗവുമാക്കും.

ഒരു തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിൽ കുറഞ്ഞത് ഒരു ഫാം ടൂറിസം യൂണിറ്റും 50 ഹോം സ്റ്റഡ് ഫാമുകളും എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മൂന്നര ഏക്കര്‍ മുതല്‍ 50 ഏക്കര്‍ വരെയുള്ള പ്രവൃത്തികളാണ് ഫാം ടൂറിസത്തില്‍ ഉള്‍പ്പെടുക. ഗ്രൂപ്പ് ഫാമിങും പരിഗണിക്കും. ഹോം സ്റ്റെഡ് ഫാമിങ് വ്യക്തിഗതമാണ്. മൂന്നര ഏക്കറില്‍ താഴെ 10 സെന്റ് വരെയുള്ളത് ഹോം സ്റ്റെഡ് ഫാമിങായി പരിഗണിക്കും. ഇവയിലെ ഉല്പന്നങ്ങളെ ടൂറിസവുമായി ബന്ധിപ്പിക്കും. മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ സാധ്യതകളും പ്രയോജനപ്പെടുത്തും.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.