Saturday
14 Dec 2019

കാര്‍ഷിക മേഖല സ്മാര്‍ട്ടാകുന്നു

By: Web Desk | Sunday 5 May 2019 10:05 PM IST


പി എസ് രശ്മി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കാര്‍ഷികമേഖല സ്മാര്‍ട്ടാകുന്നു. ഇതിനുള്ള പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കര്‍ഷകര്‍ക്ക് കാര്‍ഷിക യന്ത്രങ്ങളുടെ സേവനം ഉറപ്പാക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഒപ്പം കര്‍ഷകര്‍ക്ക് അവരുടെ വിലയേറിയ കാര്‍ഷികയന്ത്രങ്ങള്‍ അറ്റകുറ്റപ്പണി നടത്തികൊടുത്ത് കൈത്താങ്ങാകാന്‍ കാര്‍ഷിക യന്ത്രകിരണ്‍ സ്‌ക്വാഡുകളും. യന്ത്രങ്ങളുടെയും തൊഴിലാളികളുടെയും സേവനം മൊബൈല്‍ ആപ്പ് വഴി ലഭ്യമാക്കുകയാണ് കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷന്‍ ലക്ഷ്യമിടുന്നത്. ഇതിനായി കൊയ്ത്ത് മെതിയന്ത്രങ്ങള്‍, ട്രാക്ടര്‍, ടില്ലര്‍, ഹോഴ്‌സ് പവര്‍ തുടങ്ങിയവയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ കാര്‍ഷികയന്ത്ര ഉടമകളും മറ്റ് ഇതര ഏജന്‍സികളും അവരുടെ പരിധിയിലുള്ള കൃഷിഭവനുകളില്‍ ഈ മാസം 31 ന് മുമ്പായി യന്ത്രങ്ങളുടെ വിവരങ്ങള്‍ നിശ്ചിത രജിസ്‌ട്രേഷന്‍ ഫോറത്തില്‍ രേഖപ്പെടുത്തി നല്‍കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കി ഓണ്‍ലൈന്‍ ടാക്‌സികളുടെ മാതൃകയില്‍ സേവനം ലഭ്യമാക്കും. ഇതിനുള്ള സോഫ്റ്റവെയര്‍ തയ്യാറാക്കുന്നതിനുള്ള നടപടികളും നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനുള്ള ഇ ടെന്‍ഡറും ഉടന്‍ വിളിക്കും.
കര്‍ഷകര്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ ലോഗിന്‍ ചെയ്ത് കഴിഞ്ഞാല്‍ അവര്‍ക്ക് ആവശ്യമുള്ള യന്ത്രങ്ങളുടെയും കാര്‍ഷിക കര്‍മസേന, അഗ്രോസെന്റര്‍ സേവനങ്ങള്‍ എന്നിവ ഇതുവഴി ഓര്‍ഡര്‍ ചെയ്യാം. ബുക്ക് ചെയ്താല്‍ അവര്‍ക്ക് ഉടന്‍ തന്നെ സേവനം ലഭ്യമാകും. നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ആപ്പ്കള്‍ വഴി വേണമെങ്കിലും പണവും അടയ്ക്കാന്‍ കഴിയും.
വിവര ശേഖരണത്തിന്റെ ഭാഗമായി സ്വകാര്യവ്യക്തികളുടെ കൈവശമുള്ള യന്ത്രങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇതില്‍ ആപ്ലിക്കേഷനുമായി ലിങ്ക് ചെയ്യാന്‍ താല്‍പര്യമുള്ളവരുടെ പട്ടിക ഉണ്ടാക്കും. കൃഷിഭവന് കീഴിലുള്ള കാര്‍ഷിക യന്ത്രങ്ങള്‍ കണ്ടെത്തി അവിടെ രജിസ്റ്റര്‍ ചെയ്താല്‍ ഈ പ്രദേശത്തെ യന്ത്രങ്ങള്‍ കണ്ടെത്താന്‍ പറ്റും.
കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷന്റെ കാര്‍ഷിക യന്ത്രപരിരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് കാര്‍ഷിക യന്ത്രകിരണ്‍ സ്‌ക്വാഡുകള്‍ എന്ന മൊബൈല്‍ സ്‌ക്വാഡുകള്‍ എത്തുന്നത്. നിലവില്‍ മൂന്ന് ജില്ലകളില്‍ സ്‌ക്വാഡ് പ്രവര്‍ത്തനം പൂര്‍ത്തിയായി. അഞ്ച് ജില്ലകളില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ബാക്കി ജില്ലകളില്‍ ഈ മാസം 10 മുതല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഒരു പ്രൊജക്ട് എന്‍ജിനിയര്‍, രണ്ട് സീനിയര്‍ മാസ്റ്റര്‍ ട്രെയിനേഴ്‌സ്,നാല് മെക്കാനിക്കല്‍ ട്രയീനീസ് എന്നിവരടങ്ങുന്ന സ്‌ക്വാഡ് ജില്ലാടിസ്ഥാനത്തില്‍ 12 ദിവസം ക്യാംപ് ചെയ്ത് യന്ത്രങ്ങള്‍ അറ്റകുറ്റപ്പണി നടത്തി കൊടുക്കും. കാര്‍ഷിക കര്‍മസേനയില്‍ നിന്നും അഗ്രോസര്‍വീസ് സെന്ററില്‍ നിന്നും തെരഞ്ഞെടുത്ത 20 പേര്‍ക്ക് പരിശീലനവും നല്‍കുന്നുണ്ട്. ഇതുവരെ 80 ലക്ഷം വിലമതിക്കുന്ന മെഷീനറികള്‍ നന്നാക്കിക്കൊടുത്തുകഴിഞ്ഞു.
സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് സഹായകമായ രീതിയില്‍ ഉള്ള നൂതനമായ പ്രവര്‍ത്തനങ്ങളാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും കാര്‍ഷിക യന്ത്രകിരണ്‍ സ്‌ക്വാഡുകള്‍ വഴിയും ലക്ഷ്യമിടുന്നതെന്ന് കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷന്‍ സിഇഒയും കാര്‍ഷിക കര്‍മസേന സ്‌പെഷ്യല്‍ ഓഫീസറുമായ ഡോ. ജയകുമാര്‍ ജനയുഗത്തോട് പറഞ്ഞു.

Related News