Janayugom Online
സംസ്ഥാന ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മിഷണര്‍ ഡി കെ സിങ് സംസാരിക്കുന്നു

സ്വര്‍ണ പണയത്തിന്മേലുള്ള കാര്‍ഷിക വായ്പാ പദ്ധതി തുടരും

Web Desk
Posted on August 21, 2019, 10:45 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകളില്‍ സ്വര്‍ണ പണയത്തിന്മേലുള്ള കാര്‍ഷിക വായ്പാ പദ്ധതി നിലവിലുള്ള രീതിയില്‍ തുടരും. കര്‍ഷകരുടെ കാര്‍ഷികേതിര ആവശ്യങ്ങള്‍ക്കും സ്വര്‍ണപ്പണയ വായ്പ ലഭ്യമാക്കണമെന്നതാണ് ബാങ്കുകളുടെ നിലപാടെന്ന് കാനറ ബാങ്ക് എംഡിയും സംസ്ഥാന ബാങ്കേഴ്‌സ് സമിതി ചെയര്‍മാനുമായ ആര്‍ എ ശങ്കരനാരായണന്‍ പറഞ്ഞു. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗത്തിന്റെ ഭാഗമായി വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ മൂന്നുലക്ഷം രൂപവരെയാണ് കാര്‍ഷിക സ്വര്‍ണപ്പണയ വായ്പാ വിഭാഗത്തില്‍ നല്‍കുക. ഇതിന് കൃഷിയിടത്തിന്റെ അളവ് വ്യക്തമാക്കുന്ന രേഖകളും പരിശോധിക്കും. ഇതിലും ഉയര്‍ന്ന തുകയിലുള്ള വായ്പകള്‍ക്ക് വാണിജ്യ നിരക്കിലെ പലിശ ഇടാക്കും. കിസാന്‍ കാര്‍ഡുവഴി മാത്രമായിരിക്കണം പലിശ സബ്‌സിഡിയുള്ള കാര്‍ഷിക വായ്പ ലഭ്യമാക്കേണ്ടതെന്ന ആവശ്യം റിസര്‍വ് ബാങ്കിന്റെ പരിഗണയിലാണ്. ഇത് സംബന്ധിച്ച അന്തിമ തീരുമാനത്തിന് ശേഷം മാത്രമേ നിലവിലെ രീതിയില്‍ മാറ്റം വരാന്‍ സാധ്യതയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

2018ലെ മഹാപ്രളയത്തിന് ശേഷം സംസ്ഥാനത്ത് വീണ്ടുമുണ്ടായ പ്രളയത്തെ തുടര്‍ന്നുള്ള അപൂര്‍വ സാഹചര്യമാണ് കേരളം നേരിടുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് എന്തു സഹായം ചെയ്യാനാകുമെന്ന കാര്യത്തില്‍ റിസര്‍വ് ബാങ്കും സംസ്ഥാന സര്‍ക്കാരുമായി വിശദമായ ചര്‍ച്ച ആവശ്യമാണെന്ന് ബാങ്കേഴ്‌സ് സമിതി കണ്‍വീനര്‍ ജി കെ മായ പറഞ്ഞു. വലിയ ദുരന്തംനേരിട്ട വയനാട് ജില്ലയില്‍, നിലവിലുള്ള കാര്‍ഷിക വായ്പകളില്‍ ബഹുഭൂരിപക്ഷവും പുനഃക്രമീകരിക്കപ്പെട്ടവയാണ്. ഇവയില്‍ ഇനി എന്തു നടപടി സ്വീകരിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ നയപരമായ തീരുമാനം എടുക്കേണ്ടത് റിസര്‍വ് ബാങ്കാണ്. 2018ലെ പ്രളയത്തില്‍ സംസ്ഥാനത്തെ 1,259 വില്ലേജുകളെ പ്രളയ ബാധിത മേഖലയായി സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിരുന്നു. ഇതേ നിലയില്‍ ഇത്തവണയും വിജ്ഞാപനം ആവശ്യമാണ്. വിജ്ഞാപനത്തിന് അനുസരിച്ചുള്ള തീരുമാനങ്ങള്‍ക്കായി ബാങ്കേഴ്‌സ് സമിതിയുടെ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കുമെന്നും അവര്‍ പറഞ്ഞു.

സംസ്ഥാനത്തെ ബാങ്കുകള്‍ മൊത്തം വായ്പയുടെ 40 ശതമാനം മുന്‍ഗണനാ വിഭാഗങ്ങള്‍ക്കും കാര്‍ഷിക മേഖലയ്ക്ക് 18 ശതമാനം വകയിരുത്തുന്നുണ്ട്. സൂക്ഷ്മ–ഇടത്തരം– ചെറുകിട സംരംഭങ്ങള്‍, വിദ്യാഭ്യാസം, ചെറുകിട വ്യാപാരം, ഭവന നിര്‍മ്മാണം തുടങ്ങിയ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കുന്നു. കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്ന നയമാണ് ബാങ്കുകള്‍ സ്വീകരിക്കുന്നത്. ഇതില്‍നിന്ന് കേരളത്തിലെ ബാങ്കിങ് മേഖലയ്ക്ക് മാറിനില്‍ക്കാനാകില്ലെന്നും ശങ്കരനാരായണന്‍ പറഞ്ഞു.

പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി താഴെതട്ടില്‍നിന്നുള്ള ആശയ രൂപീകരണത്തിന്റെ ഭാഗമായാണ് രണ്ടു ദിവസത്തെ ബാങ്കേഴ്‌സ് സമിതി യോഗം ചേരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായങ്ങള്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി മനോജ് ജോഷി, അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മിഷണര്‍ ഡി കെ സിങ്, പിആര്‍ഡി ഡയറക്ടര്‍ യു വി ജോസ് എന്നിവര്‍ യോഗത്തില്‍ അറിയിച്ചു. 18 പൊതുമേഖലാ ബാങ്കുകളുടെ സംസ്ഥാനതല മേധാവികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

you may like this video also