28 March 2024, Thursday

വിളകൊയ്യാന്‍ കൃഷിമന്ത്രിയും; ആവേശമായി നെല്‍കൃഷി വിളവെടുപ്പ്

Janayugom Webdesk
ചേര്‍ത്തല
October 10, 2021 7:58 pm

കൊയ്ത്തുപാട്ടിന്റെ ഈരടികളിൽ വെട്ടയ്ക്കൽ എ ബ്ലോക്ക് പാടശേഖരത്ത് കൊയ്ത്തുകാരോടോപ്പം കൃഷിമന്ത്രിയും പാടത്ത് വിളകൊയ്യാൻ ഇറങ്ങിയത് ആവേശമായി. 56 ഓളം കൊയ്ത്ത്കാരോടപ്പം മന്ത്രി പി പ്രസാദും അരക്കൊപ്പം വെള്ളം നിറഞ്ഞ പാടത്ത് കതിര് കൊയ്യാൻ ഇറങ്ങിയതോടെ നാട്ടുകാരും കൂടെ കൂടി. കഴിഞ്ഞ മെയ്യ് 14 ന് പാടശേഖരത്ത് മന്ത്രി പി പ്രസാദാണ് ഔഷധ ഗുണമേന്മയുള്ള ചെട്ടി വിരിപ്പ് നെൽ വിത്ത് വിതച്ചത്. 117 ദിവസങ്ങൾക്ക് ശേഷം മന്ത്രി തന്നെ വിളവ് കൊയ്തപ്പോൾ ഔദ്യോഗിക തലത്തിൽ ആദ്യ പൊൻതൂവലായി മാറി.

പട്ടണക്കാട് പഞ്ചായത്ത് 13-ാം വാർഡിൽ വെട്ടയ്ക്കൽ മൂർത്തിങ്കൽ ക്ഷേത്രത്തിന് സമീപം 60 ഏക്കർ പാടത്താണ് കൃഷി ചെയ്തത്. പൊലീസിൽ നിന്നും വിരമിച്ച എസ് ഐ മാരായ പി എൻ പ്രസന്നൻ, കെ എസ് മുരളീധരൻ, ജെയിംസ് എന്നിവരുടെ നേതൃത്വത്തിൽ 15 ഓളം കർഷകരാണ് കൃഷിയ്ക്ക് നേതൃത്വം നൽകിയത്. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത്, പട്ടണക്കാട് പഞ്ചായത്ത്, അഡാക്ക്, കൃഷി വകുപ്പ് എന്നിവരുടെ സഹായത്തോടെയാണ് 40 വർഷങ്ങൾക്ക് ശേഷം എ ബ്ലോക്ക് പാടശേഖരത്ത് നൂറ് മേനി വിളയിച്ചത്.

നാല് മാസത്തോളമെടുത്ത കൃഷിയ്ക്ക് 20 ലക്ഷത്തോളം ചെലവ് വന്നു. ചെട്ടിവിരിപ്പ് നെൽവിത്തിന് ഒരു കിലോയ്ക്ക് 100 മുതൽ 160 രൂപ വരെ നൽകിയാണ് വാങ്ങിയത്. സമീപ പാടശേഖരങ്ങളായ കൊട്ടള പാടത്തും, ബി ബ്ലോക്കിലും നെൽകൃഷി ചെയ്യുന്നുണ്ടെങ്കിലും എൻ എ എഫ് സി സി യുടെ ധനസഹായത്തോടെ അഡാക്കിന്റെ പ്രൊജക്ടിൽ ഉൾപ്പെടുത്തിയാണ് കൃഷി ചെയ്തത്. കൊയ്ത്തിന് ശേഷം സർക്കാരിന്റെ ഒരു നെല്ലും ഒരു മീനും പദ്ധതിയിൽ ഉൾപ്പെടുത്തി പൂമീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കുെമെന്ന് സംഘാടകർ പറഞ്ഞു. രാവിലെ പാടശേഖരത്തിന് സമീപം നടന്ന സമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.

എ ബ്ലോക്ക് കരിനില കർഷകസംഘം പ്രസിഡന്റ് സി. കെമോഹനൻ അധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർ പി എൻ പ്രസന്നൻ, ആലപ്പുഴ പ്രിൻസിപ്പൾ കൃഷി ഓഫീസർ ആർ രേഖ, കൊല്ലം ആയിരംതെങ്ങ് അഡാക്ക് ഡപ്യൂട്ടി ഡയറക്ടർ എസ് പ്രിൻസ്, കുത്തയതോട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ റെയ്ച്ചൽ സോഫി, ആലപ്പുഴ ജില്ലാപഞ്ചായത്തംഗങ്ങളായ എൻ എസ് ശിവപ്രസാദ്, സജിമോൾ ഫ്രാൻസിസ്, പട്ടണക്കാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത ദിലീപ്, കേരള കർഷക സംഘം സംസ്ഥാന കമ്മറ്റി അംഗം എൻ പി ഷിബു, തുറവൂർ കരിനില വികസന ഏജൻസി വൈസ് പ്രസിഡന്റ് എം സി സിദ്ധാർത്ഥൻ, പട്ടണക്കാട് കൃഷി ഓഫീസർ ആർ അശ്വതി, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് സിജി, കർഷകസംഘം സെക്രട്ടറി വി എസ് മോഹൻദാസ് അറയ്ക്കൽ, ഗ്രൂപ്പ് കൺവീനർമ്മാരായ കെ എസ് മുരളീധരൻ, ജിജിമോൻ, സാജൻ, പി ഡി ബിജു എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.