Monday
18 Feb 2019

ഗ്രാമങ്ങള്‍ അടച്ചുപൂട്ടി കര്‍ഷക സമരം

By: Web Desk | Friday 1 June 2018 7:26 PM IST

ന്യൂഡല്‍ഹി: 125 കര്‍ഷക സംഘടനകള്‍ ഏഴ് സംസ്ഥാനങ്ങളില്‍ പച്ചക്കറി വിതരണം നിര്‍ത്തി വെച്ചു. രാഷ്ട്രീയ കിസാന്‍ മഹാസംഘവുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള 125 കര്‍ഷക സംഘടനകളാണ് വന്‍ പ്രക്ഷോഭം തുടങ്ങിയിരിക്കുന്നത്. അടുത്ത പത്തു ദിവസത്തേക്ക് ഇവര്‍ ഏഴ് സംസ്ഥാനങ്ങളിലെ നഗരങ്ങളില്‍ പച്ചക്കറി വിതരണം നടത്തില്ല. ഹരിയാന, രാജസ്ഥാന്‍, ജമ്മു കശ്മീര്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലേക്ക് അടുത്ത പത്തുദിവസത്തേക്ക് പച്ചക്കറി വിതരണം നടത്തില്ലെന്ന് കര്‍ഷക സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

പച്ചക്കറി, പാല്, പാലുല്‍പ്പനങ്ങള്‍ എന്നിവയുടെ വിതരണമാണ് കര്‍ഷകര്‍ പത്തു ദിവസത്തേക്ക് നിറുത്തി വെക്കുന്നത്. ന്യൂഡല്‍ഹി, മുംബൈ, ബെംഗളൂരു, ജയ്പൂര്‍ തുടങ്ങിയ നഗരങ്ങളില്‍ കര്‍ഷകസമരം വലിയ പ്രതിസന്ധിയുണ്ടാക്കും. നഗരങ്ങളെയാണ് ഈ സമരം പ്രത്യേകമായി ലക്ഷ്യം വെക്കുന്നത്. രാഷ്ട്രീയ അഭിപ്രായ സ്വരൂപീകരണം നടക്കുന്നത് നഗരങ്ങളിലായതിനാലാണ് ഇത്തരമൊരു നീക്കം.

വഴി തടഞ്ഞും മാര്‍ച്ചുകള്‍ നടത്തിയും ധര്‍ണ സംഘടിപ്പിച്ചുമൊക്കെയുള്ള പരമ്പരാഗത രീതികള്‍ വിട്ടുള്ള ഈ സമരരീതി അധികാരികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷ രാഷ്ട്രീയ കിസാന്‍ മഹാസംഘ് കണ്‍വീനര്‍ ശിവ്കുമാര്‍ ശര്‍മ പങ്കുവെക്കുന്നു. പട്ടികയിലുള്ള മിക്ക സംസ്ഥാനങ്ങളും പച്ചക്കറികള്‍ക്കും പാലിനും വേണ്ടി പരസ്പരം ആശ്രയിക്കുന്നവരാണ്. അതെസമയം പച്ചക്കറികള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് വാങ്ങുന്നതിന് പ്രശ്‌നങ്ങളൊന്നുമില്ല. നഗരങ്ങളിലെ വ്യാപാരികള്‍ക്ക് നേരില്‍ വന്ന് വാങ്ങിപ്പോകാം. ഇതോടെ പച്ചക്കറികളുടെ വില ഗണ്യമായി ഉയരും.

ഇന്നലെ രാവിലെ പച്ചക്കറിള്‍, പഴവര്‍ഗങ്ങള്‍ എന്നിവ റോഡുകളില്‍ വലിച്ചെറിഞ്ഞും ആയിരക്കണക്കിന് ലിറ്റര്‍ പാല്‍ റോഡുകളില്‍ ഒഴുക്കിയുമാണ് നാസിക്കിലെ കര്‍ഷകര്‍ പ്രതിഷേധിച്ചത്. തങ്ങള്‍ റോഡ് ഉപരോഗിക്കുകയോ നഗരങ്ങളില്‍ എത്തി പ്രതിഷേധിക്കുകയോ ചെയ്യില്ല. മറിച്ച് രാജ്യത്തെ 30 ദേശീയ പാതകളില്‍ പച്ച തലപ്പാവ് ധരിച്ച് പ്രതിഷേധ ധര്‍ണകള്‍ നടത്തും.

കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് സ്വാമിനാഥന്‍ കമ്മിഷന്റെ ശുപാര്‍ശകള്‍ അനുസരിച്ചുള്ള താങ്ങുവില നടപ്പാക്കുക, കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുക, പാലിനും പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കും ന്യായമായ വില ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പത്ത് ദിവസത്തെ സമരത്തിന് കര്‍ഷകര്‍ തീരുമാനിച്ചത്. 2017 മൂണ്‍ ആറിന് മധ്യപ്രദേശിലെ മാന്‍സോറില്‍ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിഷേധിച്ചവര്‍ക്കെതിരെ നടന്ന പൊലീസ് വെയിവയ്പ്പില്‍ ഏഴ് കര്‍ഷകര്‍ കൊല്ലപ്പെട്ടു. സംഭവത്തിന്റെ ഒന്നാം വാര്‍ഷിക ദിനമായ ജൂണ്‍ ആറിന് കരിദിനമായി ആചരിക്കും.

ജൂണ്‍ പത്തിന് വെകിട്ട് രണ്ട് മണിവരെ ഭാരത് ബന്ദായി ആചരിക്കാനും തീരുമാനിച്ചതായി മഹാസംഘ് കണ്‍വീനര്‍ ശിവ് കുമാര്‍ ശര്‍മ വ്യക്തമാക്കി. എന്നാല്‍ കര്‍ഷക പ്രതിഷേധത്തെ കോണ്‍ഗ്രസിന്റെ പ്രതിഷേധമായി പുച്ഛിച്ച് തള്ളുന്ന സമീപനമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് സ്വീകരിച്ചത്. കര്‍ഷകരുടെ ഉന്നമനത്തിനായുള്ള നിരവധി കാര്യക്ഷമായ നടപടികളും തീരുമാനങ്ങളുമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും രാജ്‌നാഥ് സിംഗ് ഭോപ്പാലില്‍ കഴിഞ്ഞ ദിവസം പറഞ്ഞു.

Related News