കാര്‍ഷിക മേഖലയ്ക്ക് പുത്തനുണര്‍വ്വേകി കൃഷി വകുപ്പിന്‍റെ ആഗ്രോ സര്‍വ്വീസ് സെന്റര്‍ പ്രവര്‍ത്തനം സജീവമാക്കുന്നു

Web Desk
Posted on May 22, 2019, 5:36 pm
അഗ്രോ സര്‍വ്വീസ് സെന്‍ററിനായി ഒരുക്കിയിരിക്കുന്ന വാഹനങ്ങളും ഉപകരണങ്ങളും

കൊച്ചി: കാര്‍ഷിക മേഖലയ്ക്ക് പുത്തനുണര്‍വ്വേകി സംസ്ഥാന കൃഷി വകുപ്പില്‍ നിന്നും മൂവാറ്റുപുഴയില്‍ അനുവദിച്ച ആഗ്രോ സര്‍വ്വീസ് സെന്റര്‍ പ്രവര്‍ത്തനത്തിനായി ഒരുങ്ങി. മൂവാറ്റുപുഴ ഇഇസി മാര്‍ക്കറ്റിലാണ് പുതിയ അഗ്രോ സര്‍വ്വീസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നീങ്ങുന്നതോടെ ഇഇസി മാര്‍ക്കറ്റില്‍ അഗ്രോസെന്റര്‍ പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. മൂവാറ്റുപുഴ നഗരസഭ, പായിപ്ര, വാളകം, മാറാടി, ആയവന പഞ്ചായത്തുകള്‍ പ്രവര്‍ത്തനമേഖലയാക്കിയാണ് പുതിയ അഗ്രോ സര്‍വ്വീസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. നിലവില്‍ മൂവാറ്റുപുഴ ബ്ലോക്കിന് കീഴിലുള്ള അഗ്രോ സര്‍വ്വീസ് സെന്റര്‍ മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് പുറമെയാണ് മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ അഗ്രോസര്‍വ്വീസ് സെന്റര്‍ അനുവദിച്ചിരിക്കുന്നത്. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ ഇടപെടുന്നതിനും, കൃഷിയെ പരിപോഷിപ്പിക്കുന്നതിനും അഗ്രോ സര്‍വ്വീസ് സെന്‍ററുകള്‍ക്ക് നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിയും. തൊഴിലാളികളുടെയും, കാര്‍ഷിക ഉപകരണങ്ങളുടെയും, ലഭ്യതകുറവ് മൂലം പലകര്‍ഷകരും കാര്‍ഷിക മേഖലയില്‍ നിന്നും പിന്നോക്കം പോകുകയാണ്. ഇതേ തുടര്‍ന്ന് നിയോജക മണ്ഡലത്തിലെ പല പഞ്ചായത്തുകളിലും കൃഷിയിറക്കാന്‍ അനുയോജ്യമായ സ്ഥലങ്ങള്‍ തരിശായി കിടക്കുകയാണ്.

അഗ്രോ സര്‍വ്വീസ് സെന്‍റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ഇവിടങ്ങളിലെല്ലാം കൃത്യമായ ഇടപെടല്‍ നടത്താന്‍ കഴിയും. കാര്‍ഷിക മേഖലയ്ക്കാവശ്യമായ യന്ത്രങ്ങളും, മനുഷ്യ വിഭവ ശേഷിയും ഒരുക്കുക എന്നതാണ് അഗ്രോ സര്‍വ്വീസ് സെന്‍ററിന്‍റെ മുഖ്യലക്ഷ്യം. ട്രാക്ടര്‍, ടില്ലര്‍, ഗാര്‍ഡന്‍ ടില്ലര്‍, വയ്‌ക്കോല്‍ കെട്ടുന്ന ബെയ്‌ലര്‍, പമ്പ് സെറ്റ്, കാടുവെട്ടുന്ന യന്ത്രം, തെങ്ങ് കയറ്റത്തിന് ഉപയോഗിക്കുന്ന യന്ത്രമടക്കമുള്ളവ അഗ്രോ സര്‍വ്വീസ് സെന്‍ററില്‍ നിന്നും കര്‍ഷകര്‍ക്ക് ലഭ്യമാകും. ഇതിന് പുറമെ കൃഷി ജോലി ചെയ്യുന്നതിനായി പ്രത്യേക പരിശീലനം നല്‍കിയ ടെക്‌നിഷ്യന്‍ മാരെയും ഒരുക്കി കഴിഞ്ഞു. കര്‍ഷകരുടെ കൃഷി സ്ഥലം കണ്ടെത്തി നിലമൊരുക്കല്‍, ആവശ്യമായ നടീല്‍ വസ്തുക്കള്‍, ജൈവ വളങ്ങള്‍, ജൈവ കീടനാശിനികള്‍ എന്നിവ കര്‍ഷകര്‍ക്ക് അഗ്രോ സര്‍വ്വീസ് സെന്‍റര്‍ വഴി ലഭ്യമാക്കും. പൂര്‍ണ്ണമായും യന്ത്ര വല്‍ക്കരണത്തിലൂടെ ലാഭകരമായ കൃഷി സാധ്യമാക്കുന്നതിനും,തെങ്ങ് കയറ്റം അടക്കമുള്ള ജോലികള്‍ ഏറ്റെടുക്കുക വഴി തെങ്ങ് കൃഷിയോട് കര്‍ഷകര്‍ക്ക് ആഭിമുഖ്യമുണ്ടാക്കുക, തരിശ് ഭൂമികളില്‍ പാട്ടത്തിന് കൃഷി ഇറക്കുക, ഹൈടെക് കൃഷി രീതികള്‍, മഴമറകള്‍, ട്രിപ്പ്, എന്നിവ നടപ്പിലാക്കുക തുടങ്ങിയവയും, കൃഷി വകുപ്പ് പദ്ധതികള്‍ സമയബന്ധിതമായി കര്‍ഷകരില്‍ എത്തിക്കുന്നതിനും അഗ്രോ സര്‍വ്വീസ് സെന്ററുകള്‍ക്ക് കഴിയും. കാര്‍ഷീക വികസന കര്‍ഷക ക്ഷേമ വകുപ്പു നടപ്പാക്കുന്ന അഗ്രോ സര്‍വ്വീസ് സെന്റര്‍ പദ്ധതി പ്രകാരം തെരഞ്ഞെടുത്ത 20യുവതി യുവാക്കള്‍ക്ക് കാര്‍ഷീക മേഖലയില്‍ വിദഗ്ദ്ധ പരിശീലനം കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ഇതിനോടകം നല്‍കി കഴിഞ്ഞു. ഇവര്‍ ചേര്‍ന്ന്

ഹൈടെക് അഗ്രോസര്‍വ്വീസ് സെന്‍റര്‍ എന്ന പേരില്‍ സൊസൈറ്റി രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മൂവാറ്റുപുഴ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വി കെ സജിമോള്‍ക്കാണ് അഗ്രോ സര്‍വ്വീസ് സെന്‍ററിന്‍റെ ചുമതല. സൊസൈറ്റിയുടെ പ്രസിഡന്റായി ടി.എം.അന്‍ഷാജിനെയും, സെക്രട്ടറിയായി എല്‍ദോസ് എന്‍ പോളിനേയും തെരഞ്ഞെടുത്തു. 2014ല്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച കൃഷി ഓഫീസറായ തെരഞ്ഞെടുത്തിട്ടുള്ള ജോഷി പി.എം നെയാണ് അഗ്രോസര്‍വ്വീസ് സെന്‍ററിന്റെ ഫെസിലേറ്ററായി നിയമിച്ചിരിക്കുന്നത്. അഗ്രോ സര്‍വ്വീസ് സേവനങ്ങള്‍ ആവശ്യമുള്ളവര്‍ 7994996262, 8075273616 നമ്പറില്‍ വിളിയ്‌ക്കേണ്ടതാണ്. കാര്‍ഷിക ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിനും, കര്‍ഷിക ടെക്‌നിഷ്യന്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിനുമുള്ള സ്ഥല സൗകര്യങ്ങളുള്ളതിനാല്‍ കൃഷി വകുപ്പിന് കീഴിലുള്ള മൂവാറ്റുപുഴ ഇ.ഇ.സി.മാര്‍ക്കറ്റിലാണ് പുതിയ അഗ്രോ സര്‍വ്വീസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നീങ്ങുന്നതോടെ അഗ്രോസര്‍വ്വീസ് സെന്‍ററിന്‍റെ ഔപചാരിക ഉദ്ഘാടനം നടക്കുമെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ പറഞ്ഞു.