അറസ്റ്റിന് പിന്നാലെ രഹ്നാ ഫാത്തിമയെ ബിഎസ്‌എന്‍എല്‍ സസ്‌പെന്‍ഡ് ചെയ്തു

Web Desk
Posted on November 27, 2018, 6:15 pm

പത്തനംതിട്ട: മതസ്പര്‍ധയുണ്ടാക്കുന്നുവെന്ന കേസില്‍ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ രഹ്നാ ഫാത്തിമയെ ബിഎസ്‌എന്‍എല്‍ സസ്‌പെന്‍ഡ് ചെയ്തു. നേരത്തെ ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ കൊച്ചി രവിപുരം ബിഎസ്‌എന്‍എല്‍ ഓഫീസ് ജീവനക്കാരിയായ  രഹ്നാ ഫാത്തിമയെ ബിഎസ്‌എന്‍എല്‍ സ്ഥലം മാറ്റിയിരുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നും ശബരിമലയിലെത്തി വിശ്വാസികളെ പ്രകോപിപ്പിച്ചെന്നും കാട്ടി ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോനായിരുന്നു രഹ്നഫാത്തിമക്കെതിരെ പരാതി നല്‍കിയത്.

പരാതിയുടെ പശ്ചാത്തലത്തില്‍ രഹ്ന മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിട്ടും അറസ്റ്റു ചെയ്യാത്തതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും മുമ്പായിരുന്നു പോലീസ് കൊച്ചിയില്‍ നിന്നും രഹ്നയെ അറസ്റ്റ് ചെയ്തത്.

രഹ്ന ജോലി ചെയ്യുന്ന ബിഎസ്എന്‍എല്‍ ഓഫീസില്‍ എത്തിയായിരുന്നു അറസ്റ്റ് .

 

ഒരു സ്ത്രീയുടെ കാല് കണ്ടാല്‍ വ്രണപ്പെടുന്നതാണോ നിങ്ങളുടെ മതവികാരമെന്ന് രഹ്ന ചോദിച്ചു. അറസ്റ്റിന് പിന്നാലെ രഹ്നയുടെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. പത്തനംതിട്ട സിഐ ഓഫീസിന് മുന്‍പില്‍ കൂടി നിന്ന ആളുകളോടായിരുന്നു രഹ്ന പ്രതികരിച്ചത്.

ഇവര്‍ രഹ്നയെ കൂകി വിളിച്ചായിരുന്നു സ്വീകരിച്ചത്. എന്നാല്‍ കൂകാന്‍ പോലും അറിയാത്ത ചിലര്‍ തനിക്കെതിരെ കുരയ്ക്കുകയാണെന്ന് രഹ്ന ഫാത്തിമ പ്രതികരിച്ചു. കൂകി വിളിക്കുന്നവരുടെ സംസ്കാരമാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും രഹ്ന പറഞ്ഞു.