19 April 2024, Friday

Related news

April 11, 2024
March 31, 2024
March 29, 2024
March 19, 2024
March 9, 2024
February 7, 2024
January 31, 2024
January 18, 2024
December 27, 2023
December 26, 2023

ഏകനേതാവ് പദവി ഉന്നമിട്ട് പളനിസ്വാമി; ഉടക്കുമായി പനീര്‍ശെല്‍വം

Janayugom Webdesk
June 23, 2022 11:09 am

തമിഴ്‌നാട് രാഷ്ട്രീയത്തിന് ഇന്ന് നിര്ണാ‍യകമാണ്. സംസ്ഥാനത്തെ പ്രധാനകക്ഷികളിലൊന്നായ എഐഎഡിഎംകെയില്‍ ഒരു പിളര്‍പ്പ് ഉണ്ടാകുമോ എന്നാണ് ഏവരും വീക്ഷിക്കുന്നത്. സാക്ഷാല്‍ ജയലളിതയുടെ കാലശേഷം കാലക്കേട് മാറാതെ നില്‍ക്കുന്ന ദ്രാവിഡകഴകം പാര്‍ട്ടിയില്‍ വീണ്ടുമൊരു ഏകനേതാവ് വേണമെന്ന ആവശ്യമാണ് പുതിയ തര്‍ക്കങ്ങള്‍ക്കെല്ലാം കാരണമായിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയാണ് പാര്‍ട്ടിയെ കീഴടക്കാനുള്ള തന്ത്രങ്ങളെല്ലാം പയറ്റുന്നത്. ഇതിനെതിരെ മുന്‍ മുഖ്യമന്ത്രി കൂടിയായ പാര്‍ട്ടി കോ ഓര്‍ഡിനേറ്റര്‍ ഒ പനീര്‍ശെല്‍വം രംഗത്തുണ്ട്. രണ്ടുപേരും നേര്‍ക്കുനേര്‍ കൊമ്പുകോര്‍ക്കുന്ന ദ്രാവിഡയുദ്ധമാണ് ഇന്ന് തമിഴ്‌നാട്ടിലെ വാനകരത്ത് നടക്കുക. ഇരുനേതാക്കളും പങ്കെടുക്കുന്നുണ്ട്. പനീര്‍ശെല്‍വം ഉണ്ടാവില്ലെന്നായിരുന്നു വിവരം. മറ്റാരും പങ്കെടുക്കരുതെന്ന് പനീര്‍ശെല്‍വം കത്തും നല്‍കിയിരുന്നു.

പളനിസ്വാമിയുടെ നേതൃത്വത്തില്‍ മഹാഭൂരിപക്ഷം അംഗങ്ങളും ഒപ്പുവച്ച് ആവശ്യപ്പെട്ടതനുസരിച്ചാണ് പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ യോഗം ചേരുന്നത്. പ്രതിപക്ഷത്തായിരുന്നിട്ടും പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ വര്‍ധിച്ചുവെന്നതില്‍ അണികള്‍ ഖിന്നരാണ്. തീര്‍ത്തും രണ്ട് നേതാക്കള്‍ തമ്മിലുള്ള ശീതയുദ്ധമാണ് പൊതുമധ്യത്തിലെത്തിയിരിക്കുന്നത്. 2,645 പേരുള്ള പാര്‍ട്ടി ജനറല്‍ കൗണ്‍സിലിലെ 2,500ഓളം പേരും രേഖാമൂലം ആവശ്യപ്പെട്ടതനുസരിച്ചാണ് യോഗം ചേരുന്നത്. അതിനര്‍ത്ഥം കൗണ്‍സിലിലെ മഹാഭൂരിപക്ഷവും പളനിസ്വാമിക്കൊപ്പമെന്നതു തന്നെയാണ്.

പനീര്‍ശെല്‍വത്തിനുണ്ടായിരുന്ന സ്വീകാര്യതയും അംഗീകാരവും ഇല്ലാതാവും. ഒരുപക്ഷെ, പാര്‍ട്ടി ജനറല്‍ കൗണ്‍സിലില്‍‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടുള്ള കത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പനീര്‍ശെല്‍വത്തെ പുറത്താക്കാനും സാധ്യതയേറി. നിലവില്‍ രണ്ട് നേതാക്കളാണ് എഐഎഡിഎംകെയ്ക്കുള്ളത്. പനീര്‍ശെല്‍വം കോ ഓര്‍ഡിനേറ്ററും പളനിസ്വാമി ജോയിന്റ് കോഓര്‍ഡിനേറ്ററും. രണ്ട് പദവിയാണെങ്കിലും നേതൃസ്ഥാനത്ത് തുല്യരെന്നാണ് വയ്പ്. ഈ സമ്പ്രദായം അവസാനിപ്പിച്ച് പഴയരീതിയില്‍ ഏകനേതാവ് എന്നതിലേക്ക് തിരിച്ചുവരണമെന്നാണ് പളനിസ്വാമിയുടെ അനുയായികള്‍ ആവശ്യപ്പെടുന്നത്.

പളനിസ്വാമിയുടെ ശ്രമം വിജയിച്ചാല്‍ പനീര്‍ശെല്‍വം എഐഎഡിഎംകെയിലെ രണ്ടാമനായി ചുരുങ്ങും. സംസ്ഥാന ഭരണം ലഭ്യമാകുന്ന സാഹചര്യം വന്നുചേര്‍ന്നാല്‍ മുഖ്യമന്ത്രിപദവും പനീര്‍ശെല്‍വത്തിന് അന്യമാകും. ഇതോടെ പാര്‍ട്ടിയിലെ സ്ഥാനമാനത്തിനുവേണ്ടിയുള്ള കടിപിടിയില്‍ എംജിആര്‍ സ്ഥാപിച്ച രാഷ്ട്രീയ കക്ഷി പിളരും. 1972 ഒക്ടോബര്‍ 17നാണ് ഓള്‍ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) രൂപീകൃതമാകുന്നത്. മുന്‍ മുഖ്യമന്ത്രി സി എന്‍ അണ്ണാദുരൈ 1949 സെപ്റ്റംബര്‍ 17ന് രൂപംകൊടുത്ത ദ്രാവിഡ മുന്നേറ്റകഴകം പിളര്‍ത്തിയാണ് എംജിആറിന്റെ നേതൃത്വത്തില്‍ എഐഎഡിഎംകെ രൂപീകരിച്ചത്. 1917 മുതല്‍ തമിഴ്‌നാട്ടിലുണ്ടായിരുന്ന ജസ്റ്റിസ് പാര്‍ട്ടിയില്‍ നിന്ന് 1944 ല്‍ ദ്രാവിഡ കഴകം കക്ഷി പിറവിയെടുക്കുകയും ഇതില്‍നിന്ന് അണ്ണാദുരൈ പുതിയ പാര്‍ട്ടി ഉണ്ടാക്കുകയുമായിരുന്നു.

പുതിയ പുതിയ പാര്‍ട്ടികള്‍ രൂപംകൊള്ളുന്നതും വന്നപാടെ അവസാനിക്കുന്നതുമെല്ലാം തമിഴ്‌നാടിന് പുത്തരിയല്ലെങ്കിലും മുന്‍ന്നിര പാര്‍ട്ടികളിലെ വലിയ പിളര്‍പ്പുകള്‍ അണികളിലാണ് അമ്പരപ്പുണ്ടാക്കുക. ഡിഎംകെ നേതാവ് സ്റ്റാലിന്റെ ഉദയത്തോടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഇതരപാര്‍ട്ടികളുടെ സ്ഥിതി പരിതാപകരമാണ്. നേരത്തെ എഐഎഡിഎംകെ നേതാവ് ജയലളിത മുഖ്യമന്ത്രിയായിരിക്കെ ജനങ്ങളിലുണ്ടായ മതിപ്പും അംഗീകാരവും ഇന്ന് സ്റ്റാലിന് ലഭിക്കുന്നു എന്നതാണ് വസ്തുത. പ്രതിപക്ഷമെന്ന നിലയില്‍ പോലും തിളങ്ങാന്‍ എഐഎഡിഎംകെയ്ക്ക് ആവുന്നില്ല. നിലവില്‍ ബിജെപി മുന്നണിയുമായി ബന്ധമുണ്ടാക്കിയാണ് എഐഎഡിഎംകെ മുന്നോട്ടുപോകുന്നത്. നിര്‍ബന്ധിത വിവാഹ വിഷയത്തില്‍ നേരത്തെത്തന്നെ ബിജെപിയും എഐഎഡിഎംകെയും തമ്മില്‍ ഭിന്നാഭിപ്രായത്തിലാണ്. നിയമസഭാ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളിലെ തോല്‍വികളോടെ ഇരുപാ‍ര്‍ട്ടികളും അത്ര ഐക്യത്തിലുമല്ല. ഈ സാഹചര്യത്തിലാവാം, പനീര്‍ശെല്‍വം-പളനിസ്വാമി തര്‍ക്കം തീര്‍‍ക്കാന്‍ പോലും ബിജെപിയുടെയോ എന്‍ഡിഎയുടെയോ ഇടപെടലും ഉണ്ടായിട്ടില്ല.

ജനറല്‍ കൗണ്‍സില്‍ യോഗം നടക്കുന്ന വാനകരത്തെ ശ്രീവാരു മണ്ഡപവും പരിസരവും കനത്ത സുരക്ഷയിലാണ്. രാവിലെ മുതല്‍ പാര്‍ട്ടി വളണ്ടിയര്‍മാരും ക്രമീകരണങ്ങളൊരുക്കി സജ്ജരാണ്. നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ കോടതിയുടെ അനുമതി കൂടി ജനറല്‍ കൗണ്‍സില്‍ യോഗത്തിന് ഉണ്ടെന്നതിനാല്‍ വന്‍ പൊലീസ് സന്നാഹമാണിവിടെ. എക്സിക്യൂട്ടീവ് കമ്മിറ്റി യോഗവും ഇതോടൊപ്പം നടക്കുമെന്നാണ് വിവരം. കോടതി ഉത്തരവ് പാലിക്കാന്‍ പളനിസ്വാമി തീരുമാനിച്ചാല്‍ ഇന്ന് ഏകനേതാവ് തെരഞ്ഞെടുപ്പ് ഉണ്ടായേക്കില്ല.

എന്നാല്‍ നേരത്തെ തന്നെ തയാറാക്കിയ പ്രമേയങ്ങള്‍ യോഗത്തില്‍ അവതരിപ്പിക്കും. 23 പൊതു പ്രമേയങ്ങള്‍ക്കാണ് അന്തിമരൂപം നല്‍കിയിരുന്നത്. 12 അംഗ കമ്മിറ്റി തയാറാക്കിയ പ്രമേയങ്ങളുടെ പകര്‍പ്പ് പളനിസ്വാമിക്കൊപ്പം പനീര്‍ശെല്‍വത്തിനും മുന്‍കൂര്‍വായനയ്ക്ക് നല്‍കിയിരുന്നു. നേരത്തെ എഐഎഡിഎംകെ സര്‍ക്കാരുകള്‍‍ കൊണ്ടുവന്ന പദ്ധതികള്‍ മരവിപ്പിച്ച സ്റ്റാലിന്‍ സര്‍ക്കാരിനെതിരെയുള്ള വികാരങ്ങളാണ് പൊതുപ്രമേയങ്ങളിലുള്ളത്. മുല്ലപ്പെരിയാര്‍, മേഘദാദു, കാവേരി പ്രശ്നങ്ങളെല്ലാം പ്രമേയങ്ങളായെത്തുന്നുണ്ട്. ഏകനേതൃത്വം എന്നതലധിഷ്ഠിതമായ പ്രമേയം ഇതുവരെ തയാറായിക്കിയിട്ടില്ലെന്നാണ് സൂചന. ഒരുപക്ഷെ അംഗങ്ങളുടെ വികാരമറിയാന്‍ ഏകനേതൃത്വം എന്ന പ്രമേയം അപ്രതീക്ഷിതമായി അവതരിപ്പിക്കപ്പെട്ടേക്കാം. നേതൃതെരഞ്ഞെടുപ്പ് കോടതിയുടെ കൂടി അനുമതിയോടെയായിരിക്കും.

2016 ഡിസംബറില്‍ ജയലളിതയുടെ അന്ത്യത്തോടെയാണ് ഏകനേതൃപദവി പാര്‍ക്ക് അന്യമായത്. എംജിആറിനും ജയലളിതയ്ക്കും ശേഷം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഒരാളെ മാത്രമായി നിശ്ചയിക്കാന്‍ തര്‍ക്കങ്ങളെത്തുടര്‍ന്ന് കഴിഞ്ഞിരുന്നില്ല.2017 സെപ്റ്റംബര്‍ 12ന് പാസാക്കിയ പ്രമേയങ്ങളുടെ ഭാഗമായി പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്ത് ജനറല്‍ സെക്രട്ടറിയുടെ അധികാരം മുഴുവനും കോഓര്‍ഡിനേറ്റര്‍, ജോയിന്റ് കോഓര്‍ഡിനേറ്റര്‍ പദവികള്‍ വഹിക്കുന്നവര്‍ക്കായിരിക്കും എന്ന് നിശ്ചയിക്കുകായിരുന്നു. അഞ്ച് വര്‍ഷമാണ് ഇരുപദവികളിലെത്തുന്നവരുടെയും കാലാവധി.

തമിഴ്‌നാ‍ട് രാഷ്ട്രീയത്തിലെ നിര്‍ണായക സ്ഥാനമുള്ള എഐഎഡിഎംകെയുടെ ഭാവി നിര്‍ണയിക്കുന്ന ഇന്നത്തെ ജനറല്‍ കൗണ്‍സിലിലേക്കാണ് രാഷ്ട്രീയനിരീക്ഷകരും കണ്ണെറിയുന്നത്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.