27 March 2024, Wednesday

Related news

March 27, 2024
March 26, 2024
March 26, 2024
March 26, 2024
March 25, 2024
March 24, 2024
March 24, 2024
March 23, 2024
March 23, 2024
March 22, 2024

കെ സുധാകരന്‍ എഐസിസിക്ക് നല്കിയ ശുപാർശ ചോർന്നു; മുതിർന്ന നേതാക്കളുടെ പ്രതിഷേധം അണപൊട്ടി

മനോജ് മാധവൻ
തിരുവനന്തപുരം
September 27, 2021 10:42 pm

പഴകിത്തുരുമ്പിച്ച ആദർശ രാഷ്ട്രീയവും ഉത്സാഹ കമ്മിറ്റിയും വേണ്ടെന്ന കോൺഗ്രസ് ഔദ്യോഗിക പക്ഷ നിലപാടിനെതിരെ മുതിർന്ന നേതാക്കളുടെ അണപൊട്ടിയ പ്രതിഷേധം. മുതിർന്ന നേതാക്കളാരും ഉപദേശിക്കാൻ വരേണ്ടെന്നും രാഷ്ട്രീയകാര്യ സമിതി പിരിച്ചുവിട്ട് ശല്യങ്ങളെ ഒഴിവാക്കണമെന്നു എഐസിസിക്ക് നൽകിയ ഔദ്യോഗിക നേതൃത്വത്തിന്റെ ശുപാർശ ചോർന്നു. മുൻ കെപിസിസി പ്രസിഡന്റുമാരായ വി എം സുധീരനും മുലപ്പള്ളി രാമചന്ദ്രനും ഔദ്യോഗിക പക്ഷത്തിനെതിരെ പരസ്യമായി രംഗത്തെത്തി. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും നേതൃത്വം നൽകുന്ന ഔദ്യോഗികപക്ഷത്തിന് കടിഞ്ഞാണിടാൻ ഒറ്റക്കെട്ടായി നീങ്ങാൻ മുതിർന്ന നേതാക്കൾ അണിയറ നീക്കം ആരംഭിച്ചു. 

രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും രാജിവച്ച വി എം സുധീരൻ ഇന്നലെ എഐസിസി അംഗത്വവും രാജിവച്ചു. രാജിയിൽ ഉറച്ചു നിൽക്കുന്നതായും അദ്ദേഹം അറിയിച്ചു. വി എം സുധീരൻ ഒരുപാട് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജീവിക്കുന്ന നേതാവും തന്റെ ആത്മ സുഹൃത്തുമാണെന്ന് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. അദ്ദേഹത്തിന്റേത് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ അഭിപ്രായങ്ങൾ പൂർണമായും ഉൾക്കൊണ്ട് മാത്രമേ മുന്നോട്ട് പോകാനാവുകയുള്ളൂവെന്ന മുന്നറിയിപ്പും മുല്ലപ്പള്ളി നൽകി. 

മുതിർന്ന നേതാക്കളെ ഒഴിവാക്കാൻ അടിയന്തര ഹൈക്കമാൻഡ് ഇടപെടൽ വേണമെന്ന ഔദ്യോഗികപക്ഷത്തിന്റെ ശുപാർശ ചോർന്നതോടെയാണ് പഴയ അതികായന്മാരുടെ പടപ്പുറപ്പാടിന് തുടക്കം കുറിച്ചത്. എ, ഐ ഗ്രൂപ്പുകൾ തകർന്നടിഞ്ഞതോടെ ഔദ്യോഗിക പക്ഷത്തിന് വഴങ്ങി പ്രവർത്തിക്കാൻ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും തീരുമാനിച്ചിരുന്നു. കെപിസിസി പുനഃസംഘടന വരുമ്പോൾ രണ്ട് ഗ്രൂപ്പു നേതാക്കളുടെയും അഭിപ്രായം പരിഗണിക്കുമെന്നും ഇവരുടെ അഭിപ്രായം മുഖവിലയ്ക്കെടുത്തു മാത്രമേ മുന്നോട്ടുപോകൂവെന്നും ഔദ്യോഗികപക്ഷം ഉറപ്പ് നൽകിയിട്ടുണ്ട്. എല്ലാ കാര്യങ്ങളിലും കോൺഗ്രസിന്റെ അവസാനവാക്ക് നാലുനേതാക്കളുടേതായി ചുരുങ്ങും. ഇതോടെ മുതിർന്ന നേതാക്കളായ മറ്റാർക്കും കോൺഗ്രസ് രാഷ്ട്രീയത്തിൽ പ്രസക്തിയുണ്ടാവില്ലെന്ന തിരിച്ചറിവിനെ തുടർന്നാണ് പ്രതിഷേധവുമായി സുധീരനും മുല്ലപ്പള്ളിയും രംഗത്തുള്ളത്. 

കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും ഔദ്യോഗികമായി എഐസിസിക്ക് നൽകിയതായി പറയുന്ന ശുപാർശ കത്തിന്റെ പകർപ്പ് ചോർന്നത് എവിടെ നിന്നാണെന്ന അന്വേഷണത്തിലാണ് നേതൃത്വം.
വരും ദിവസങ്ങളിൽ കൂടുതൽ മുതിർന്ന നേതാക്കൾ രാജി അടക്കമുള്ള കടുത്ത നിലപാടുകൾ സ്വീകരിക്കുന്നതോടെ കോൺഗ്രസ് രാഷ്ട്രീയം കൂടുതൽ പ്രതിസന്ധിയിലേക്കു നീങ്ങും. 

സീനിയർ നേതാക്കളെ ഉൾക്കൊള്ളണം 

കോൺഗ്രസിലുള്ള എല്ലാ സീനിയർ നേതാക്കളെയും ഉൾക്കൊള്ളണമെന്ന് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. എല്ലാവരെയും ചേർത്ത് പിടിച്ചുവേണം ഔദ്യോഗിക നേതൃത്വം മുന്നോട്ടു പോകേണ്ടത്. ഇതൊരു ജനാധിപത്യ പാർട്ടിയാണെന്നും താരിഖ് അൻവറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മുല്ലപ്പള്ളി രാമചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. 

കെപിസിസിയുടേത് തെറ്റായ പ്രവർത്തനം

വലിയ പ്രതീക്ഷയോടെ ചുമതലയേറ്റ കോൺഗ്രസ് നേതൃത്വം തെറ്റായ ശൈലിയും അനഭിലഷണീയമായ പ്രവർത്തനവും നടത്തുന്നതായി മുൻ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ. കോൺഗ്രസിനെ ദുർബലപ്പെടുത്തുന്ന സാഹചര്യം പുതിയ നേതൃത്വം ഉണ്ടാക്കരുത്. ഇപ്പോഴത്തെ നിലയിൽ മുന്നോട്ട് പോയാൽ കോൺഗ്രസിന് തിരിച്ചടിയുണ്ടാകും. 

കോൺഗ്രസിന്റെ നന്മക്ക് ഉപകരിക്കാത്ത രീതി നേതാക്കൾ തുടരുന്നതിനാലാണ് താൻ പ്രതികരിക്കുന്നത്. തെറ്റ് തിരുത്തൽ നടപടി അടിയന്തരമായി ഹൈക്കമാൻഡ് സ്വീകരിക്കണം. എഐസിസിയിൽ നിന്നും രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നുമുള്ള തന്റെ രാജികൾ നിലനിൽക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി നടത്തിയ ചർച്ചയിൽ അറിയിച്ചതായി അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 

Eng­lish Sum­ma­ry : aicc recomen­da­tion leaked and protests deep­ened by senior lead­ers in congress

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.