മനോജ് മാധവൻ

തിരുവനന്തപുരം:

January 05, 2021, 10:42 pm

കേരളത്തിലെ കോൺഗ്രസ് നേതാക്കളെ നോക്കുകുത്തിയാക്കി എഐസിസി

Janayugom Online

മനോജ് മാധവൻ

കേരളത്തിലെ കോൺഗ്രസ് സംവിധാനത്തെയും നേതാക്കളെയും നോക്കുകുത്തിയാക്കി മുഴുവൻ സംഘടനാ ചുമതലയും ചർച്ചകളും എഐസിസി നേരിട്ട് ഏറ്റെടുത്തു. കോൺഗ്രസിന്റെ ശുദ്ധികലശം സംബന്ധിച്ച ശുപാർശ നൽകിയത് മുസ്‌ലിം ലീഗ് നേതൃത്വം. കേരളത്തിലെ പൗര പ്രമുഖരും, മതമേലധ്യക്ഷന്മാരും ജാതി-മത സംഘടനാ നേതാക്കളുമായി ചർച്ച നടത്തുന്നതിനും മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് ഉൾപ്പടെ വിലക്കേർപ്പെടുത്തി. കെപിസിസി പ്രസിഡന്റോ ഭാരവാഹികളോ ഏത് തീരുമാനം എടുക്കണമെങ്കിലും പരസ്യ പ്രതികരണം നടത്തണമെങ്കിലും കേരളത്തിലുള്ള എഐസിസി പ്രതിനിധികളുടെ അനുമതി നിർബന്ധമായി വാങ്ങണം. ഇതു സംബന്ധിച്ച കർശന നിർദ്ദേശങ്ങൾ കെപിസിസി ഭാരവാഹികൾക്ക് കഴിഞ്ഞ ദിവസം കൈമാറി.

ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയും എൽഡിഎഫ് സർക്കാരിനെതിരെ അടിസ്ഥാന രഹിത വ്യാജപ്രചാരണം നടത്തുകയും അവ ഒന്നൊന്നായി പൊളിഞ്ഞടുങ്ങുകയും ചെയ്തതോടെ ജനവികാരം കോൺഗ്രസിന് എതിരായെന്ന് എഐസിസി കണ്ടെത്തിയത്. തദ്ദേശതെരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയിട്ടും തമ്മിൽതല്ലും, ഗ്രൂപ്പുവഴക്കും തുടരുന്ന സാഹചര്യം മുതലാക്കി മുസ്‌ലിം ലീഗ് നേതൃത്വം എഐസിസിയെ വലയിലാക്കുകയും ചെയ്തു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ കേരളത്തിൽ നിന്നും കോൺഗ്രസ് തൂത്തെറിയപ്പെടുമെന്നും മുസ്‌ലിം ലീഗ് നേതൃത്വം മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിലെ കോൺഗ്രസിനുണ്ടായ തോൽവി പഠിക്കാനെത്തിയ മൂന്ന് എഐസിസി അംഗങ്ങളെ നിയമസഭ തെരഞ്ഞെടുപ്പുവരെ കേരളത്തിൽ നിലനിർത്താൻ എഐസിസി നേരത്തെ തീരുമാനിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ പൗരപ്രമുഖരും മതമേലധ്യക്ഷന്മാരുമായി ചർച്ച നടത്തുന്നതിന് കോൺഗ്രസ് നേതാക്കൾക്ക് എഐസിസി വിലക്കും ഏർപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പിൽ ക്രൈസ്തവ സമൂഹം യുഡിഎഫിൽ നിന്ന് അകന്നുവെന്ന പൊതുവിലയിരുത്തലാണ് മുസ്‌ലിം ലീഗ് നേതൃത്വം എഐസിസിയെ അറിയിച്ചത്.

ഇതേ തുടർന്ന് കോൺഗ്രസ് നേതാക്കളെ ഒഴിവാക്കി എഐസിസി നിർദ്ദേശ പ്രകാരം യുഡിഎഫ് ചുമതലപ്പെടുത്തിയത് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെ ആയിരുന്നു. അദ്ദേഹം ചില സാമുദായിക നേതാക്കളുമായി കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചനടത്തിയത് വൻപ്രതിഷേധത്തിന് ഇടയാക്കുയും ചെയ്തിരുന്നു. ഇതേ തുടർന്ന് കേരളത്തിലുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനോട് ഉടൻ ഡൽഹിയിലേക്ക് മടങ്ങേണ്ടതില്ലെന്നും കേരളത്തിൽ തുടരാനും നിർദ്ദേശം നൽകി. കേരളത്തിലെ പ്രമുഖ മതമേലധ്യക്ഷൻമാരെ നേരിൽക്കണ്ട് അനുനയിപ്പിച്ച് പിന്തുണ ഉറപ്പാക്കുകയാണ് അദ്ദേഹത്തിന് ഇപ്പോൾ നൽകിയിട്ടുള്ള പുതിയ നിയോഗം. ഇന്നലെ കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാബാവയുമായി താരിഖ് അൻവർ കൂടിക്കാഴ്ച്ച നടത്തി. എഐസിസി സെക്രട്ടറി ഐവാൻ ഡിസൂസ പങ്കെടുത്തു.

പിന്നീട് ഐവാൻ ഡിസൂസ മാർത്തോമാ സഭാ പ്രതിനിധികളുമായും കൂടിക്കാഴ്ച്ച നടത്തി. മറ്റെല്ലാ നേതാക്കളുമായുള്ള ചർച്ചകള്‍ തുടർ ദിവസങ്ങളിലും നടക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്കുപോയ പഞ്ചായത്തുകളിലെ കമ്മിറ്റികൾ പൂർണമായും അഴിച്ചുപണിയാനും കേരളത്തിലുള്ള എഐസിസി നേതൃത്വം നിർദ്ദേശം നൽകി. അടുത്തദിവസം മുതൽ എഐസിസി സെക്രട്ടറിമാരുടെ അധ്യക്ഷതയിൽ ജില്ലാ തലങ്ങളിൽ യോഗം ചേരും. ഇന്നലെ പോഷക സംഘടനാനേതാക്കളുമായും എഐസിസി പ്രതിനിധി സംഘം കൂടിക്കാഴ്ച്ച നടത്തി. ഒരു ബൂത്ത് ഒരു നേതാവിന് എന്ന രീതിയിൽ ബൂത്ത് കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാനും തീരുമാനിച്ചു.

ENGLISH SUMMARY: AICC tar­gets Con­gress lead­ers in Kerala

YOU MAY ALSO LIKE THIS VIDEO