29 March 2024, Friday

Related news

March 28, 2024
March 27, 2024
March 27, 2024
March 27, 2024
March 26, 2024
March 25, 2024
March 25, 2024
March 25, 2024
March 25, 2024
March 24, 2024

ചിന്തന്‍ശിബിര്‍ തീരുമാനങ്ങള്‍ സംസ്ഥാനങ്ങളില്‍ നടപ്പാക്കാന്‍ എഐസിസി; സംഘടനാപരമായി ഏറെ ദുര്‍ബലമെന്ന് പ്രവര്‍ത്തകര്‍

Janayugom Webdesk
ന്യൂഡല്‍ഹി
May 20, 2022 2:59 pm

രാജസ്ഥാനിലെ ഉദയ്പൂര്‍ ചിന്തന്‍ ശിബിരത്തില്‍ എടുത്ത സംഘടനാ തീരുമാനങ്ങള്‍ താഴെത്തട്ടില്‍ എത്തിക്കാനുള്ള പദ്ധതിക്ക് കോണ്‍ഗ്രസ് രൂപം നല്‍കുന്നു. ബുധനാഴ്ചയാണ് കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്. എ ഐ സി സി ജനറല്‍ സെക്രട്ടറിമാരും സംസ്ഥാനങ്ങളുടെ ചുമതലയുള്ളവരുംചേര്‍ന്നു. ഉദയ്പൂര്‍ ശിബിരത്തിന്‍റെ തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സംസ്ഥാനതലത്തിലും ശിബിരങ്ങള്‍ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

ജൂണ്‍ 1, 2 തീയതികളില്‍, സംസ്ഥാനത്തുടനീളമുള്ള സംസ്ഥാനതല ശിബിരങ്ങള്‍ ഉണ്ടാകും. അതില്‍ ഉദയ്പൂര്‍ പ്രഖ്യാപനത്തിന്റെ തീരുമാനങ്ങള്‍ നേതാക്കളെയും താഴെത്തട്ടിലുള്ള പ്രവര്‍ത്തകരെയും അറിയിക്കും. ഞങ്ങളുടെ എം പിമാര്‍, എം എല്‍ എമാര്‍, എം പി, എം എല്‍ എ സ്ഥാനാര്‍ഥികള്‍, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാര്‍, പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍, പാര്‍ട്ടിയുടെ പ്രമുഖ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് വാര്‍ത്താവിനിമയ വിഭാഗം മേധാവി രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. ജൂണ്‍ 11‑ന് ജില്ലാതലങ്ങളിലും സമാനമായ ശിബിരങ്ങള്‍ നടക്കും. ഉദയ്പൂര്‍ നവ് സങ്കല്‍പ് ചിന്തന്‍ ശിബിരത്തില്‍ പാര്‍ട്ടിയുടെ മുന്നോട്ടുള്ള വഴികള്‍ തീരുമാനിച്ച എല്ലാ തീരുമാനങ്ങളും താഴെത്തട്ടില്‍ എത്തിക്കുക എന്നതാണ് ആശയമെന്ന് അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് 9 മുതല്‍ 15 വരെ എല്ലാ ജില്ലാ ഘടകങ്ങളും ചേര്‍ന്ന് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ആസാദി ഗൗരവ് യാത്ര സംഘടിപ്പിക്കാനും തീരുമാനിച്ചു. ഓഗസ്റ്റ് 15 ന് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ ഓരോന്നും സ്വാതന്ത്ര്യ സമരത്തിന്റെ ത്യാഗങ്ങളെ അനുസ്മരിക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കും. യൂത്ത് കോണ്‍ഗ്രസും എന്‍ എസ് യു ഐയും ഒരേസമയം റോസ്ഗര്‍ ദോ യാത്ര നടത്തുമെന്നും രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കുക എന്ന പ്രഖ്യാപനവുമായാണ് ഉദയ്പൂരില്‍ ചിന്തന്‍ ശിബിരം സമാപിച്ചത്. ഒരു കുടുംബത്തിന് ഒരു സീറ്റ്, അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ടെങ്കില്‍ കുടുംബത്തിലെ രണ്ടാമനും മത്സരിക്കാം എന്നൊക്കെയാണ് ചിന്തന്‍ ശിബിരത്തിലെ പ്രധാന പ്രഖ്യാപനം. ഒരാള്‍ക്ക് ഒരു പദവിയില്‍ 5 വര്‍ഷം തുടരാം. ദേശീയതലത്തിലും രാഷ്ട്രീയകാര്യ സമിതി രൂപീകരിക്കും. ഇതില്‍ എ ഐ സി സി പ്രവര്‍ത്തക സമിതി അംഗങ്ങളെ ഉള്‍പ്പെടുത്തും.

പി സി സികളുടെയും ഡി സി സികളുടെയും പ്രവര്‍ത്തനം വിലയിരുത്താന്‍ സമിതി ഉണ്ടാകും. ബ്ലോക്ക് കമ്മിറ്റികള്‍ക്ക് താഴെ കമ്മിറ്റി രൂപീകരിക്കും. കേരള മാതൃകയില്‍ പാര്‍ട്ടി പരിശീലന കേന്ദ്രം സ്ഥാപിക്കും. യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കും. എന്നാല്‍ മുതിര്‍ന്നവരെ മാറ്റിനിര്‍ത്തില്ല. ആശയരൂപീകരണത്തിലും, നടപ്പാക്കുന്നതിലും യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പാക്കും. 50 വയസില്‍ താഴെയുള്ളവര്‍ക്ക് എല്ലാ സമിതികളിലും 50% സംവരണം ഏര്‍പ്പെടുത്തും. ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്നും ഉദയ്പൂരിലെ ചിന്തന്‍ ശിബിരത്തില്‍ പ്രഖ്യാപനമുണ്ടാകും. പ്രാദേശിക പാര്‍ട്ടികള വോട്ട് ബാങ്കിലേക്ക് കടക്കാന്‍ അനുവദിക്കരുതെന്നും ചിന്തന്‍ ശിബിരത്തില്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. പാര്‍ലമെന്ററി ബോര്‍ഡ് പുനസ്ഥാപിക്കണമെന്നും തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍, തിരഞ്ഞെടുപ്പ് പ്രചാരണം എന്നിവക്ക് മേല്‍ നോട്ട വഹിക്കാന്‍ എ ഐ സി സി ജനറല്‍ സെക്രട്ടറിയുടെ നേത്യത്വത്തില്‍ സമിതി വേണം എന്നും സംഘടന കാര്യ അന്തിമ പ്രമേയത്തില്‍ പരമാര്‍ശിക്കുന്നുണ്ട്.

വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കണമെന്നാണ് ചിന്തന്‍ ശിബിരത്തിലെ നിര്‍ദേശം. എന്നാല്‍ നിര്‍ദ്ദേശങ്ങളൊന്നും നടപ്പാകാന്‍ പോകുന്നില്ലെന്നാണ് പ്രവര്‍ത്തകരുടെ അഭിപ്രായം. ഏറെ പ്രതീക്ഷയോടെ യാണ് സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരും , അണികളും ചിന്തന്‍ ശിബിരത്തെ കണ്ടിരുന്നത്. എന്നാല്‍ നിരാശയാണ് ഉണ്ടായതെന്നും അഭിപ്രായം ഉയരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസില്‍ നിന്നും ജനകീയ പിന്തുണയുള്ള നേതാക്കളെല്ലാം മറ്റ് പാര്‍ട്ടികളില്‍ചേക്കേറുകയാണ്. ചിന്തന്‍ശിബിരത്തിലെ തീരുമാനങ്ങള്‍ സംസ്ഥാനങ്ങളില്‍ നടപ്പാക്കാന്‍ ഏറെ ബുദ്ധിമുട്ടായിരിക്കുകമെന്നും, പാര്‍ട്ടി സംഘടനാപരമായി ഏറെ ദു‍ബല അവസ്ഥയിലാണെന്നും പാര്‍ട്ടിയില്‍ തന്നെ സംസാരം ശക്തമാണ്

Eng­lish Summary:AICC to imple­ment think-tank deci­sions in states; Activists say it is too weak organizationally

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.