August 18, 2022 Thursday

എ ഐ ജി ഡി എസ് യു സംസ്ഥാന സമ്മേളനത്തിന് 16 ന് കോഴിക്കോട് തുടക്കം

Janayugom Webdesk
കോഴിക്കോട്
February 13, 2020 8:39 pm

രാജ്യത്തെ ഗ്രാമീണ തപാൽ ജീവനക്കാരുടെ ഏക അംഗീകൃത സംഘടനയായ ഓൾ ഇന്ത്യ ഗ്രാമീൺ ഡാക് സേവക് യൂണിയന്റെ (എ ഐ ജി ഡി എസ് യു ) നാലാം സംസ്ഥാന സമ്മേളനം ഫെബ്രുവരി 15,16 തീയതികളിൽ കോഴിക്കോട് ഹോട്ടൽ നളന്ദ ഓഡിറ്റോറിയത്തിൽ നടക്കും. സമ്മേളനം യൂണിയൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി എസ് എസ് മഹാദേവയ്യ ഉദ്ഘാടനം ചെയ്യും. എ ഐ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. സമ്മേളനത്തിൽ കേരളത്തിലെ 24 ഡിവിഷനുകളിൽ നിന്നായി അഞ്ഞൂറ് പ്രതിനിധികൾ പങ്കെടുക്കും.
15 ന് വൈകീട്ട് 4 മണിക്ക് സർക്കിൾ കമ്മിറ്റിയോടെ സമ്മേളന നടപടികൾ ആരംഭിക്കും. 16ന് രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. സമ്മേളനത്തിന് തുടക്കം കുറിച്ച് രാവിലെ 9.30 ന് ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്തുനിന്നും പ്രകടനം ആരംഭിക്കും. ഗ്രാമീണ തപാൽ ജീവനക്കാരുടെ ജോലി സമയം എട്ട് മണിക്കൂറായി ഉയർത്തുക, സിവിൽ സെർവന്റ് ആയി അംഗീകരിക്കുക, ജി ഡി എസ് എൻഗേജ്മെന്റ് നിയമം റദ്ദാക്കുക, കമലേഷ് ചന്ദ്ര കമ്മറ്റി റിപ്പോർട്ടിലെ അനുകൂല ശുപാർശകൾ ഉടൻ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ സമ്മേളനം മുന്നോട്ടുവെക്കും. വാർത്താസമ്മേളനത്തിൽ സ്വാഗത സംഘം കൺവീനർ എം ടി സുരേഷ്, രക്ഷാധികാരി കെ ജി പങ്കജാക്ഷൻ എ ഐ ജി ഡി എസ് യു സർക്കിൾ സെക്രട്ടറി കെ ജാഫർ, പി വി മാധവൻ, കെ സി ബിന്ദു എന്നിവർ സംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.