Monday
27 May 2019

തൊഴില്‍ വാഗ്ദാന ലംഘനത്തിനെതിരെ എഐവൈഎഫ് യുവജന പ്രതിരോധം

By: Web Desk | Tuesday 12 March 2019 10:30 PM IST


aiyf

 

രു രാജ്യത്തിലെ ജനങ്ങളില്‍ ഏറ്റവും നിര്‍ണായകമായ പങ്ക് വഹിക്കാന്‍ കഴിയുക യുവജനങ്ങള്‍ക്കാണ്. അവരുടെ ആരോഗ്യവും വിദ്യാഭ്യാസവും തൊഴിലും ഉറപ്പുവരുത്താന്‍ കഴിഞ്ഞാല്‍ രാജ്യം പുരോഗതിയിലേക്ക് നീങ്ങുന്നുവെന്ന് നിസംശയം പറയാം. 130 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ മൂന്നില്‍ രണ്ട് യുവജനങ്ങളാണെന്നാണ് കണക്ക്. 80 കോടിയിലേറെ വരുന്ന ജനങ്ങള്‍ 40 വയസിന് താഴെ പ്രായമുള്ളവര്‍. ഇതില്‍ 15 വയസിന് താഴെയുള്ള നാളത്തെ തൊഴിലന്വേഷകരായി മാറുന്ന വിദ്യാര്‍ഥികള്‍ കൂടിയുണ്ട്. ഇന്നത്തെ തൊഴിലന്വേഷകര്‍ക്ക് മാത്രമല്ല നാളത്തെ തൊഴിലന്വേഷകര്‍ക്ക് കൂടി തൊഴില്‍ നല്‍കാനുള്ള പദ്ധതികളാണ് ഒരു സര്‍ക്കാര്‍ നടപ്പിലാക്കേണ്ടത് എന്ന് ചുരുക്കം. ഈ പശ്ചാത്തലത്തിലാണ് പതിനാറാം ലോക്‌സഭ തെരഞ്ഞെടുപ്പുകാലത്ത് ബിജെപിയുടെ റാലികളില്‍ പ്രസംഗിക്കവേ നരേന്ദ്രമോഡി പ്രഖ്യാപിച്ച വര്‍ഷം രണ്ട് കോടി തൊഴില്‍ എന്ന വാഗ്ദാനത്തിന് പ്രസക്തിയേറുന്നത്. വര്‍ഷം 2.32 കോടി യുവജനങ്ങള്‍ തൊഴിലന്വേഷകരായി വരുന്നു എന്ന കണക്ക് കൂടി ചേര്‍ത്താല്‍ ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ ചിത്രം സമ്പൂര്‍ണമാവും. അഞ്ച് വര്‍ഷം കൊണ്ട് 10 കോടി തൊഴില്‍ എന്ന നെടുങ്കന്‍ വാഗ്ദാനം പൂര്‍ണമായും നടപ്പിലാക്കിയില്ലെങ്കിലും ഒരു പത്ത് ശതമാനമെങ്കിലും യാഥാര്‍ഥ്യമായിരുന്നെങ്കില്‍ ഇന്ത്യ ആശ്വസിച്ചേനെ. പക്ഷേ കേന്ദ്ര സര്‍ക്കാര്‍ തന്നെ പുറത്ത് വിട്ട കണക്ക് പറയുന്നത് അഞ്ച് വര്‍ഷംകൊണ്ട് ആകെ നല്‍കിയ തൊഴില്‍ പത്ത് ലക്ഷത്തിലും താഴെയെന്നാണ്. അതിലും എത്രയോ ഇരട്ടിപേരുടെ തൊഴില്‍ നഷ്ടപ്പെട്ട കാലം കൂടിയാണ് മോഡിഭരണം എന്നുകൂടി നമ്മള്‍ അറിയണം.
എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടെയും വികസനം എന്ന നരേന്ദ്രമോഡിയുടെ മുദ്രാവാക്യം കോടീശ്വരന്മാര്‍ക്കൊപ്പം കോര്‍പറേറ്റുകളുടെ വികസനം എന്ന് തിരുത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയത്. 2014 മെയ് 16ന് ആരംഭിച്ച ബിജെപിയുടെ കേന്ദ്ര ഭരണം ഇന്ത്യ കണ്ട ഏറ്റവും ജനവിരുദ്ധ സര്‍ക്കാരിന്റെ അഞ്ച് വര്‍ഷം എന്ന് ചരിത്രത്തില്‍ രേഖപ്പെടുത്താന്‍ അവസരം സൃഷ്ടിച്ചുകൊണ്ടാണ് അവര്‍ പതിനേഴാമത് ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് പോകുന്നത്. നരേന്ദ്രമോഡി സര്‍ക്കാരിന്റെ പതനം ഉറപ്പാവുന്ന തെരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോള്‍ ഏറ്റവും കൂടുതല്‍ ആഹ്ലാദിക്കുക ഇന്ത്യയിലെ യുവജനങ്ങളായിരിക്കും. കാരണം അത്രമേല്‍ കടുത്ത വഞ്ചനയാണ് രാജ്യത്തെ യുവസമൂഹത്തോട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. തങ്ങളുടേത് മാത്രമല്ല വരാനിരിക്കുന്ന തലമുറയുടെ കൂടി തൊഴില്‍ മോഹങ്ങളെ തല്ലിതകര്‍ത്ത് തൊഴിലെടുത്ത് ജീവിച്ച ലക്ഷങ്ങളെ വഴിയിലേക്ക് വലിച്ചെറിഞ്ഞ ഒരു സര്‍ക്കാരിന്റെ പതനം യുവജനങ്ങളെ അത്രമേല്‍ ആവേശഭരിതരാക്കും.
കേന്ദ്രത്തില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് ന്യൂജനറേഷനാണെന്ന് പറഞ്ഞത് നരേന്ദ്രമോഡിയായിരുന്നു. അവര്‍ക്കായി വാഗ്ദാനം ചെയ്ത രണ്ട് കോടി തൊഴില്‍ എവിടെ എന്ന ചോദ്യത്തിന് മറുപടി പറയാന്‍ ഇതുവരെ മോഡി തയാറായിട്ടില്ല. അഞ്ച് വര്‍ഷം 10 കോടി ചെറുപ്പക്കാരുടെ ജീവിതം സുരക്ഷിതമാവുമെന്ന് കരുതി ബിജെപിക്ക് വോട്ട് ചെയ്തവരെ വഞ്ചിച്ചു എന്ന കുറ്റം മാത്രമല്ല നിലവില്‍ തൊഴിലെടുത്ത് ജീവിച്ച മനുഷ്യരെ തൊഴില്‍ മേഖലകളില്‍ നിന്നും തള്ളിവിടുന്ന ജനവിരുദ്ധ നയങ്ങള്‍ നടപ്പിലാക്കാന്‍ മത്സരിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍.
അഞ്ചുവര്‍ഷം കൊണ്ട് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച തൊഴിലെവിടെ എന്ന് ചോദിക്കുമ്പോള്‍ മെയ്ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ എന്ന വായ്ത്താരിമാത്രമാണ് കേള്‍ക്കാന്‍ കഴിയുന്നത്. നിങ്ങള്‍ ഭരിച്ചിട്ട് എന്തുണ്ടായി എന്ന് ചോദിക്കുമ്പോള്‍ പ്രത്യേകിച്ച് ഒരുത്തരവും പറയാന്‍ ഭരണാധികാരികള്‍ തയാറാവുന്നില്ല. പ്രതിവര്‍ഷം കുറഞ്ഞത് 1.3 കോടി യുവജനങ്ങള്‍ ബിരുദങ്ങളുമായി തൊഴില്‍ കമ്പോളത്തില്‍ വന്ന് നിറയുമ്പോഴാണ് അഞ്ച് വര്‍ഷം കൊണ്ട് പിറകോട്ട് സഞ്ചരിച്ച തൊഴില്‍ വളര്‍ച്ച ഉണ്ടായത്.
നരേന്ദ്രമോഡി ഭരണത്തില്‍ രാജ്യത്ത് ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് (തൊഴില്‍ സേനയില്‍ തൊഴിലില്ലാത്തവരുടെ നിരക്ക്) 2019 ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2018 ഫെബ്രുവരിയില്‍ അഞ്ച് ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് ഇപ്പോള്‍ 7.2 ശതമാനം കടന്നിരിക്കുന്നു. 2018 ല്‍ തൊഴിലെടുക്കുന്ന 40.60 കോടി മനുഷ്യരുണ്ടായിരുന്നെങ്കില്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ അത് 40 കോടിയായി കുറഞ്ഞു. തൊഴിലുണ്ടായിരുന്ന 60 ലക്ഷം പേര്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് തൊഴിലില്ലാത്തവരായി എന്ന് ചുരുക്കം. മുംബൈയിലെ സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) ആണ് ഈ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. രണ്ടുകോടി തൊഴില്‍ വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്ന നരേന്ദ്രമോഡി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന രണ്ടാമത്തെ റിപ്പോര്‍ട്ടാണിത്. കഴിഞ്ഞ 45 വര്‍ഷത്തിനിടയിലുള്ള ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് ഇപ്പോള്‍ രാജ്യത്തുള്ളതെന്ന ദേശീയ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ട് അടുത്തിടെ ചോര്‍ന്നിരുന്നു. 1972-73 കാലത്താണ് ഇതിനു മുമ്പ് തൊഴിലില്ലായ്മ നിരക്ക് ഏറ്റവും ഉയര്‍ന്ന നിലയിലുണ്ടായതെന്ന് റിപ്പോര്‍ട്ട് പറയുന്നു. നോട്ട് നിരോധനം, ജിഎസ്ടി, കന്നുകാലി കമ്പോള നിരോധനം എന്നിവ മാത്രം 2018 ല്‍ 1.1 കോടി ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുത്തിയതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യയോഗ്യമായ സര്‍വേയാണ് നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസി (എന്‍എസ്എസ്ഒ)ന്റേത്. 2011-12 ല്‍ 2.2 ശതമാനവും 2017-18 ആറു ശതമാനവുമായിരുന്ന തൊഴിലില്ലായ്മ നിരക്കാണ് 2018-19 ല്‍ 7.2 ശതമാനമായി ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാ വിഭാഗത്തിലുള്ള തൊഴിലില്ലായ്മയും വലിയ തോതില്‍ വര്‍ധിച്ചിരിക്കുന്നു. ഇതിന് മുന്‍പ് 2016 സെപ്റ്റംബര്‍ മൂന്നിലെ റോയിട്ടര്‍ വാര്‍ത്തയുടെ തലക്കെട്ട് ”ഇന്ത്യ കടുത്ത തൊഴില്‍ വരള്‍ച്ചയിലേക്ക്” എന്നായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ തൊഴില്‍ ശക്തിയാണ് ഇന്ത്യയെന്നും തൊഴിലെടുക്കാന്‍ കാത്തുകിടക്കുന്ന ഈ മനുഷ്യശക്തിയെ എങ്ങനെ മാന്യമായി ജീവിക്കാന്‍ പര്യാപ്തമാക്കാന്‍ പറ്റുന്ന തൊഴില്‍ നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ മുന്നിലുള്ള വെല്ലുവിളിയെന്ന് റോയിട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഇതെല്ലാം സൂചിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ വരുത്തിവച്ച അപകടങ്ങളെക്കുറിച്ചാണ്.
ഇന്ത്യയില്‍ ഓരോ മാസവും തൊഴിലന്വേഷകരായി വരുന്ന യുവജനങ്ങള്‍ 20 ലക്ഷത്തിനടുത്താണ്. ഇവരില്‍ 18 ശതമാനം പേര്‍ക്ക് മാത്രമാണ് ഏതെങ്കിലും ഒരു തൊഴില്‍ ലഭിക്കുന്നത്. അതില്‍ തന്നെ സ്ഥിരം തൊഴില്‍ എന്നത് മരീചിക മാത്രമാവുന്നു. കരാര്‍ തൊഴില്‍ വ്യാപകമാവുന്നു. ഇന്ത്യയിലെ പൊതുമേഖലയില്‍ സ്ഥിരം തൊഴില്‍ ശക്തി ഘട്ടംഘട്ടമായി കുറഞ്ഞുവരികയാണ്. 2006-07 ല്‍ 16.44 ലക്ഷം ആയിരുന്നു സ്ഥിരം തൊഴിലാളികളെങ്കില്‍ 2016-17 ല്‍ കേവലം 11.38 ലക്ഷമായി കുറഞ്ഞു. ഇന്ത്യന്‍ ടെലികോം മേഖലയില്‍ 60 ശതമാനവും താല്‍ക്കാലിക-കരാര്‍ പണിക്കാരാണ്. ഓട്ടോമൊബൈല്‍ രംഗത്ത് 50 ശതമാനവും കരാര്‍ തൊഴിലാളികളാണ്. ധനകാര്യം 51 ശതമാനം ഐടി-ബിപിഒ 42 ശതമാനം എന്നിങ്ങനെ കരാര്‍ തൊഴിലാളികളുടെ നീണ്ട കണക്കുകളുണ്ട്. കരാര്‍ തൊഴിലാളികള്‍ക്കിടയില്‍ ശാസ്ത്രജ്ഞന്മാര്‍, ഡോക്ടര്‍മാര്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍ തുടങ്ങി വിവിധ മേഖലയിലുള്ളവര്‍ ധാരാളം ഉണ്ട്. സ്ഥിരം തൊഴിലാളികള്‍ക്ക് നല്‍കുന്ന കൂലിയുടെ മൂന്നിലൊന്നിലും താഴെയാണ് കരാര്‍ തൊഴിലാളികള്‍ക്ക് നല്‍കുന്നത്. യാതൊരു തൊഴില്‍ സുരക്ഷയും ഇല്ല. ഏറ്റവും കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കപ്പെടുന്ന മേഖലകളാണ് നിര്‍മാണം, ഇരുമ്പുരുക്ക്, ഐടി എന്നിവ. ഐടി രംഗത്ത് അടച്ചുപൂട്ടലും പിരിച്ചുവിടലും വ്യാപകമായി. നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ശമ്പളത്തില്‍ വലിയ തോതില്‍ കുറവുണ്ടായി. മറ്റ് മേഖലകളില്‍ കരാര്‍ തൊഴിലുകള്‍ വ്യാപകമായി.
കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ 2016 ലെ റിപ്പോര്‍ട്ട് പറയുന്നത്. ഇന്ത്യയില്‍ ബിരുദധാരികള്‍ക്കിടയില്‍ 58.3 ശതമാനംവും ബിരുദാനന്തര ബിരുദധാരികള്‍ക്കിടയില്‍ 62.4 ശതമാനവും തൊഴില്‍രഹിതരാണെന്നാണ്. ഉന്നത ബിരുദവും പ്രൊഫഷണല്‍ യോഗ്യതയും യുവജനങ്ങളെ എവിടെയും എത്തിക്കുന്നില്ല. ലക്ഷങ്ങള്‍ വായ്പയെടുത്ത് ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത നേടിയവര്‍ വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാന്‍ വഴിയില്ലാതെ നില്‍ക്കുന്നത് മറ്റൊരു സാമൂഹ്യദുരന്തമാവുന്നു. തൊഴിലില്ലാത്തവരില്‍ കുറച്ചു പേരെങ്കിലും വര്‍ഗീയ തീവ്രവാദ ശക്തികളുടെ കൈകളിലും മദ്യ-മയക്കുമരുന്ന് മാഫിയ സംഘങ്ങളിലും ചെന്നു ചേരുന്നു. അത് സൃഷ്ടിക്കുന്ന സാമൂഹ്യ വിപത്തും ചെറുതല്ല.
തൊണ്ണൂറുകളുടെ തുടക്കത്തില്‍ ആരംഭിച്ച സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ ഭാഗമായി തുടങ്ങിവച്ച നിയമനനിരോധനവും തസ്തിക വെട്ടിക്കുറയ്ക്കലും വ്യാപകമായത് നരേന്ദ്രമോഡി അധികാരത്തിലിരുന്ന അഞ്ച് വര്‍ഷമാണ്. ഏറ്റവും വലിയ തൊഴില്‍ ദാതാവായ റയില്‍വേയില്‍ മാത്രം നാല് ലക്ഷത്തോളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ നിയമന നടപടികള്‍ സ്വീകരിക്കുന്നില്ല. റയില്‍വേയില്‍ സ്വകാര്യവല്‍ക്കരണ നീക്കം ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്ന സാഹചര്യത്തില്‍ ഇനി വലിയ പ്രതീക്ഷകള്‍ക്ക് പോലും സ്ഥാനമില്ല. റയില്‍വേ സ്വകാര്യവല്‍കരണത്തിന്റെ ആദ്യപടിയായി റയില്‍ ബജറ്റ് തന്നെ ഇവര്‍ വേണ്ടെന്നുവച്ചു. റയില്‍വേയില്‍ നിന്ന് പിരിഞ്ഞുപോയ ഉദ്യോഗസ്ഥരെ വ്യാപകമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുകയാണ്. ആഗോളവല്‍ക്കരണനയത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നടപ്പിലാക്കിയ തൊഴില്‍രഹിത വളര്‍ച്ചയുടെ ഇരകളായ യുവജനങ്ങളുടെ ആളിക്കത്തിയ പ്രതിഷേധം മുതലാക്കുന്നതിന് വേണ്ടിയാണ് തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ വര്‍ഷം രണ്ട് കോടി പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന വാഗ്ദാനവുമായി നരേന്ദ്രമോഡി രംഗത്ത് വന്നത്. ഇതിന്റെ നേട്ടം വോട്ടായി ബിജെപിക്ക് ലഭിക്കുകയും നരേന്ദ്രമോഡി പ്രധാനമന്ത്രി ആവുകയും ചെയ്‌തെങ്കിലും യുവജനങ്ങള്‍ക്ക് തൊഴില്‍ മാത്രം ലഭിച്ചില്ല. മെയ്ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ തുടങ്ങി കൊട്ടിഘോഷിക്കപ്പെട്ട പദ്ധതികളെല്ലാം പരാജയമായിരുന്നു.
ലോകത്തിലെ പ്രമുഖ സാമ്പത്തിക മാസികയായ ദ ഇക്കണോമിസ്റ്റ് ‘മോഡിയുടെ മണ്ടത്തരം’ എന്ന തലക്കെട്ടിലാണ് നോട്ട് അസാധുവാക്കലിനെ വിമര്‍ശിച്ചുകൊണ്ട് മുഖപ്രസംഗം എഴുതിയത്. ഈ മണ്ടത്തരമാണ് ലക്ഷക്കണക്കിന് ചെറുകിട വ്യവസായങ്ങളെ തകര്‍ത്തത്. അന്നന്നത്തെ അന്നത്തിനായി തൊഴിലെടുത്ത് ജീവിച്ച ദശലക്ഷക്കണക്കിന് പേരെ പട്ടിണിയിലേക്ക് തള്ളിവിട്ട സര്‍ക്കാരാണ് നരേന്ദ്രമോഡിയുടേത്. അസംഘടിത മേഖലയിലെ തൊഴില്‍ ലഭ്യത വന്‍തോതില്‍ കുറയുന്നതിനും നോട്ട് നിരോധനം കാരണമായി. കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ഉണ്ടായ വിലയിടിവ് ഈ രംഗത്ത് വലിയ തൊഴില്‍ നാശം ഉണ്ടാക്കുകയും കര്‍ഷകര്‍ക്കിടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കപ്പെടുകയും ചെയ്തു. ഇതും തൊഴില്‍ മേഖലയുടെ സ്തംഭനത്തിന് കാരണമായി.
ഏറെക്കാലമായി എഐവൈഎഫ് ഉയര്‍ത്തുന്ന മുദ്രാവാക്യമാണ് ഭഗത്‌സിങ് എംപ്ലോയ്‌മെന്റ് ഗ്യാരന്റി നടപ്പിലാക്കണം എന്നത്. ദേശീയ തൊഴില്‍ ഗ്യാരന്റി ആക്ടിന്റെ മാതൃകയില്‍ അഭ്യസ്ത വിദ്യരായ യുവജനങ്ങളുടെ തൊഴില്‍ ഉറപ്പുവരുത്തുന്ന നിയമം കൊണ്ടുവരണമെന്നും അതിന് ഭഗത്‌സിങ്ങിന്റെ പേര് നല്‍കണമെന്നും ആവശ്യപ്പെട്ട് ലോങ് മാര്‍ച്ചും പാര്‍ലമെന്റ് മാര്‍ച്ചും കേന്ദ്ര സര്‍ക്കാര്‍ ഓഫീസ് പിക്കറ്റിങ് ഉള്‍പ്പെടെ വിവിധ രീതിയിലുള്ള പ്രക്ഷോഭങ്ങളാണ് സംഘടിപ്പിച്ചത്. ഈ സമരത്തിന്റെ തുടര്‍ച്ച എന്ന നിലയിലാണ് മാര്‍ച്ച് 13 ആരംഭിച്ച് ഭഗത്‌സിങ് രക്തസാക്ഷി ദിനമായ മാര്‍ച്ച് 23ന് അവസാനിക്കുന്ന തരത്തില്‍ യുവജന പ്രക്ഷോഭം സംഘടിപ്പിക്കാന്‍ എഐവൈഎഫ് തീരുമാനിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ രണ്ട് കോടി തൊഴില്‍ വാഗ്ദാനലംഘനത്തിനും ജനവിരുദ്ധ നയങ്ങള്‍ക്കും എതിരെ മണ്ഡലം/പഞ്ചായത്ത് കേന്ദ്രങ്ങളില്‍ യുവജന പ്രതിരോധം സംഘടിപ്പിക്കും. ഇന്ത്യന്‍ യുവതയെ വഞ്ചിച്ച നരേന്ദ്രമോഡിയോട് തെരഞ്ഞെടുപ്പിലൂടെ കണക്ക് ചോദിക്കാന്‍ തയാറാവുന്നവരുടെ പ്രതിഷേധം ഉയരുന്ന സമരമായി എഐവൈഎഫ് സംഘടിപ്പിക്കുന്ന യുവജന പ്രതിരോധം മാറും.

(സിപിഐ ദേശീയ കൗണ്‍സില്‍
അംഗവും എഐവൈഎഫ് സംസ്ഥാന
സെക്രട്ടറിയുമാണ് ലേഖകന്‍)