മമതക്ക് അന്ത്യശാസനവുമായി ഡോക്ടര്‍മാര്‍

Web Desk
Posted on June 15, 2019, 1:03 pm

ന്യൂ ഡല്‍ഹി: എയിംസിലെ ഡോക്ടര്‍മാര്‍ തങ്ങളുടെ സമരം പിന്‍വലിച്ച് മമതക്ക് അന്ത്യശാസനം നല്‍കി. 48 മണിക്കൂറിനകം ഡോക്ടര്‍മാരുടെ സമരത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ഡെല്‍ഹിയില്‍ അനിശ്ചിതകാലസമരം ആരംഭിക്കുമെന്ന് റസിഡന്റ് ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചിട്ടുണ്ട്. പ്രതിഷേധസൂചകമായി ചുവപ്പ് ബാന്‍ഡേജ് കെട്ടുന്നത് തുടരുകയാണ്. രാജ്യംമുഴുവനുള്ള തങ്ങളുടെ സഹപ്രവര്‍ത്തകരും സമരത്തിന് പിന്തുണ പ്രഖ്യാപിക്കുമെന്നും സമരക്കാര്‍അറിയിച്ചു.

അതേ സമയം   കൊല്‍ക്കത്തയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മാപ്പ് പറയാതെ ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന് പണിമുടക്കുന്ന ഡോക്ടര്‍മാര്‍. എസ്‌എസ്‌കെഎം ആശുപത്രി സന്ദര്‍ശനത്തിനിടെ മമതാ ബാനര്‍ജി നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് പശ്ചിമ ബംഗാളില്‍ ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത്. സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെയാണ് ചര്‍ച്ചകള്‍ക്കായി ഡോക്ടര്‍മാരുടെ പ്രതിനിധികളെ മമത സെക്രട്ടറിയേറ്റിലേക്ക് വിളിപ്പിച്ചത്.

എന്നാല്‍ എന്‍ആര്‍എസ്‌എം മെഡിക്കല്‍ കോളെജിലെത്തി മമത ബാനര്‍ജി നിരുപാധികം മാപ്പ് പറയണമെന്ന ആവശ്യത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഉറച്ച്‌ നില്‍ക്കുകയാണ്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം തുടരുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ഡോക്ടര്‍മാരുടെ സേവനം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പിഞ്ച് കുഞ്ഞ് മരിച്ചതുള്‍പ്പടെയുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് മമതാ ബാനര്‍ജിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

തിങ്കളാഴ്ച രാത്രി കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 75 കാരന്‍ മരിച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഇയാളുടെ ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറായ പരിബാഹ മുഖര്‍ജിയെ ക്രൂരമായി മര്‍ദ്ദിച്ചു. ഇദ്ദേഹം ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. ഇതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്.എന്നാല്‍ സമരത്തിന് പിന്നില്‍ ബിജെപിയും സിപിഎമ്മുമാണെന്നും രാഷ്ട്രീയം കളിക്കുകയാണെന്നുമായിരുന്നു മമതയുടെ പ്രതികരണം. ഇതിന് പിന്നാലെ മുതിര്‍ന്ന 69 ഡോക്ടര്‍മാര്‍ രാജി വയ്ക്കുകയും ഡോക്ടര്‍മാര്‍ സമരം ശക്തമാക്കുകയുമായിരുന്നു.