
കേരളത്തിന്റെ പുരോഗതി, ദുരിതാശ്വാസം, സാമ്പത്തികസ്ഥിതി തുടങ്ങി ഗൗരവമായ വിഷയങ്ങളിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുമായും നാല് കേന്ദ്രമന്ത്രിമാരുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങളും, ഏറെക്കാലമായി ഉന്നയിക്കുന്ന സുപ്രധാന വിഷയങ്ങളും ഉൾപ്പെടെയുള്ളവ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ശ്രദ്ധയില്‍പ്പെടുത്തി. മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ (എന്‍ഡിആര്‍എഫ്) നിന്ന് 2,221.03 കോടി ഗ്രാന്റ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം പ്രധാനമന്ത്രിയോട് ആവര്‍ത്തിച്ചു. ഈ തുക വായ്പയായി കണക്കാക്കാതെ, ദുരിതാശ്വാസത്തിനും പുനര്‍നിര്‍മ്മാണത്തിനുമായുള്ള ഗ്രാന്റായി പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.
സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങള്‍ പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. കേന്ദ്രം കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനും സാമ്പത്തിക പരിധിയില്‍ വരുത്തിയ വെട്ടിക്കുറവ് ഇല്ലാതാക്കുന്നതിനും പിന്തുണ ആവശ്യപ്പെട്ടു. കടമെടുപ്പ് ശേഷി പുനഃസ്ഥാപിക്കല്‍, ഐജിഎസ്ടി റിക്കവറി തിരികെ നല്‍കല്‍, ബജറ്റിന് പുറത്തെ കടമെടുപ്പിന് ഏര്‍പ്പെടുത്തിയ വെട്ടിക്കുറവ് തുടങ്ങിയവ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു.
ജിഎസ്ഡിപിയുടെ 0.5% അധികമായി കടമെടുക്കാന്‍ അനുവദിക്കണമെന്നും ദേശീയപാത ഭൂമി ഏറ്റെടുക്കല്‍ ചെലവിന്റെ 25% സംസ്ഥാനം വഹിക്കുന്നതിന് പ്രത്യേക പരിഗണന നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ദീർഘകാലമായി കേരളത്തിന്റെ ആവശ്യമാണ് കോഴിക്കോട് കിനാലൂരിൽ കണ്ടെത്തിയ സ്ഥലത്ത് എയിംസ് സ്ഥാപിക്കണമെന്നത്. അതിനുള്ള നടപടി ത്വരിതപ്പെടുത്തണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
കേരളത്തിന്റെ അതിവേഗ നഗരവല്‍ക്കരണം കണക്കിലെടുത്ത്, ശാസ്ത്രീയ നഗരാസൂത്രണവും ആർക്കിടെക്ചറൽ ഗവേഷണവും ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് സ്കൂൾ ഓഫ് പ്ലാനിങ് ആന്റ് ആർക്കിടെക്ചർ സ്ഥാപിക്കണം. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കേരളത്തിന് ലഭിക്കാനുള്ള കുടിശിക ഉടൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
ഉറപ്പുനല്‍കി കേന്ദ്ര മന്ത്രിമാര്‍
കേരളത്തിന്റെ വിവിധ വിഷയങ്ങൾ ഗൗരവത്തോടെ പരിഗണിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനും ആഭ്യന്തരമന്ത്രി അമിത് ഷായും ഉറപ്പ് നൽകി.
ദേശീയപാതാ വികസനത്തിൽ കേരളമെടുക്കുന്ന പ്രത്യേക താല്പര്യത്തെ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അഭിനന്ദിച്ചു. എൻഎച്ച് 66ന്റെ 16 റീച്ചുകളുടെയും വിശദമായ റിവ്യു നടന്നു. ഡിസംബറിൽത്തന്നെ മുഴുവൻ റീച്ചുകളും പൂർത്തീകരിക്കാൻ ശ്രമിക്കുമെന്ന് ഗഡ്കരി ഉറപ്പുനൽകി.
എയിംസ് അനുവദിക്കുന്നത് സജീവപരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ അറിയിച്ചു. വയോജനസംഖ്യ വർധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത് ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ അനുമതി നൽകണമെന്ന് നഡ്ഡയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.