23 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 22, 2025
January 22, 2025
January 22, 2025
January 22, 2025
January 22, 2025
January 22, 2025
January 22, 2025
January 22, 2025
January 22, 2025
January 22, 2025

എയിംസ്: മലക്കംമറിച്ചിൽ ആവര്‍ത്തിച്ച് കേന്ദ്രം

ബേബി ആലുവ
കൊച്ചി
December 4, 2024 10:17 pm

കേരളത്തിനുള്ള എയിംസി(ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ) ന്റെ കാര്യത്തിൽ മലക്കംമറിച്ചിൽ പതിവാക്കി കേന്ദ്രം. എയിംസ് സ്ഥാപിക്കുമെന്ന് കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ ഉറപ്പ് പറഞ്ഞ ആരോഗ്യ മന്ത്രി ജെ പി നഡ്ഡ, അക്കാര്യം പരിഗണനയിലില്ലെന്ന് നടപ്പ് സമ്മേളനത്തിൽ വ്യക്തമാക്കി.
2015‑ൽ ആദ്യ നരേന്ദ്ര മോഡി സർക്കാരിന്റെ പ്രഥമ ബജറ്റിലാണ് കേരളത്തിന് എയിംസ് വാഗ്ദാനം ചെയ്ത് കബളിപ്പിക്കൽ പ്രക്രിയയ്ക്ക് തുടക്കമിട്ടത്. സഞ്ചാര സൗകര്യവും കുടിവെള്ള ലഭ്യതയുമുള്ള 200 ഏക്കർ ഭൂമി നൽകിയാൽ എയിംസ് പരിഗണിക്കാമെന്ന ഉറപ്പ് വീണ്ടുമുണ്ടായി. ഇതിനായി, കോഴിക്കോട് കിനാലൂരിൽ കേന്ദ്ര നിര്‍ദേശപ്രകാരമുള്ള പശ്ചാത്തല സൗകര്യത്തോടു കൂടിയ 250 ഏക്കർ ഭൂമി ലഭ്യമാക്കാമെന്ന് സംസ്ഥാനം രേഖാമൂലം അറിയിക്കുകയും ചെയ്തു.
കേന്ദ്രത്തിന്റെ ആവശ്യപ്രകാരം കേരളം ഭൂമി നിര്‍ദേശിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം ധനമന്ത്രാലയത്തിന്റെ സാമ്പത്തികാനുമതി തേടിയിരിക്കുകയാണെന്നും കേന്ദ്ര ആരോഗ്യ‑കുടുംബക്ഷേമ മന്ത്രി രേഖാമൂലം സംസ്ഥാനത്തു നിന്നുള്ള ലോക്‌സഭാംഗത്തെ അറിയിക്കുകയുമുണ്ടായി. വീണ്ടും മന്ത്രി ഇക്കാര്യം ആവർത്തിച്ചുറപ്പിച്ചു. എന്നാൽ, പിന്നാലെ വന്ന ബജറ്റിൽ കേരളത്തിനുള്ള എയിംസ് ഇടം നേടിയില്ല. 2023 സെപ്റ്റംബർ പകുതിയോടെ അനുമതിയുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നായി കേന്ദ്ര ആരോഗ്യ സെക്രട്ടറി. എന്നാൽ, ഡിസംബറായപ്പോൾ പരിഗണനയിലില്ലെന്നായി മന്ത്രി.
പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയ്ക്കു കീഴിൽ ഇതര സംസ്ഥാനങ്ങൾക്കായി 22 എയിംസ് അനുവദിച്ചപ്പോൾ കേരളത്തിനും പ്രതീക്ഷയുണ്ടായെങ്കിലും മൂന്നാം നരേന്ദ്ര മോഡി സർക്കാരിന്റെ ആദ്യ ബജറ്റിലും കേരളത്തെ പരിഗണിച്ചില്ല. ഇതിനിടെ, എയിംസ് പാലക്കാട് സ്ഥാപിക്കണമെന്ന കുത്തിത്തിരുപ്പുമായി ബിജെപി രംഗപ്രവേശം ചെയ്യുകയും ചെയ്തിരുന്നു. ഒടുവിലാണ്, കഴിഞ്ഞ പാലർമെന്റ് സമ്മേളനത്തിൽ ആരോഗ്യ മന്ത്രി ജെ പി നഡ്ഡയിൽ നിന്ന് ഉറപ്പ് പറഞ്ഞുള്ള പ്രഖ്യാപനമുണ്ടായത്. അതോടെ, എയിംസ് വീണ്ടും സംസ്ഥാനത്തിന്റെ പ്രതീക്ഷയായി. പക്ഷേ, ഉറപ്പിന് ഈ പാർലമെന്റ് സമ്മേളനം വരെ മാത്രമേ ആയുസുണ്ടായുള്ളൂ. സ്വന്തം വാക്ക് യാതൊരു ഉളുപ്പുമില്ലാതെ മന്ത്രി നഡ്ഡ തന്നെ വിഴുങ്ങി. എയിംസിന്റെ കാര്യത്തിൽ ഉറപ്പ് നൽകലും പിന്നെ വേണ്ടെന്നുവയ്ക്കലും പലതായി. അടുത്ത ബജറ്റിൽ പരിഗണിക്കുമോ എന്ന കാര്യത്തിലും മന്ത്രിയിൽ നിന്ന് വ്യക്തത ലഭിക്കാതായതോടെ കേന്ദ്രം സംസ്ഥാനത്തെ പറഞ്ഞു പറ്റിച്ച് വിനോദിക്കുകയാണെന്ന കാര്യം ഏതാണ്ട് ഉറപ്പായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.