സെപ്റ്റംബര്‍ രണ്ട് കിസാന്‍സഭ ദേശീയ കര്‍ഷക അവകാശദിനം

Web Desk
Posted on August 19, 2019, 3:31 pm

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ രണ്ടിന് ദേശീയ കര്‍ഷക അവകാശദിനമായി ആചരിക്കാന്‍ അഖിലേന്ത്യ കിസാന്‍ സഭ തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ജന വിരുദ്ധ — കര്‍ഷക വിരുദ്ധനയങ്ങളുടെ ഫലമായി സാമൂഹ്യ സാമ്പത്തിക മേഖലയിലും ഗ്രാമീണ
ഇന്ത്യയിലുമുണ്ടായിരിക്കുന്ന ഗുരുതര സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് കര്‍ഷക അവകാശദിനാചരണം നടത്തുന്നതിന് തീരുമാനിച്ചതെന്ന് അഖിലേന്ത്യ കിസാന്‍സഭ ജനറല്‍ സെക്രട്ടറി അതുല്‍ കുമാര്‍ അഞ്ജാന്‍ അറിയിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി ജില്ലാകളക്ട്രേറ്റുകള്‍ക്ക് മുന്നിലും
താലൂക്ക് ആസ്ഥാനങ്ങളിലും പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ കാര്‍ഷികമേഖലയെതകര്‍ക്കുന്ന സമീപനങ്ങളാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. അതിന് ആക്കംകൂട്ടുന്ന പ്രഖ്യാപനങ്ങളാണ് കഴിഞ്ഞ പൊതുബജറ്റിലുണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെട്രോളിനും ഡീസലിനും ലിറ്ററിന് 2.50 രൂപ വീതം വര്‍ധിപ്പിച്ച് വീണ്ടും വിലക്കയറ്റത്തിന് കാരണമാകുന്ന നടപടി പിന്‍വലിക്കുക, കാര്‍ഷികോല്‍പാദന ചെലവ് കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കുക, പ്രതിമാസം 10,000 രൂപ കര്‍ഷക പെന്‍ഷന്‍ പദ്ധതി ആവിഷ്‌കരിക്കുക, കാര്‍ഷികമേഖലയിലെ പൊതു നിക്ഷേപം ഉയര്‍ത്തുക, ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നതിന് ജലസേചന പദ്ധതികള്‍ പൂര്‍ത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ദിനാചരണത്തിന്റെ ഭാഗമായി ഉന്നയിക്കുന്നത്.