കേരളത്തെ കാര്‍ഷികസമൃദ്ധ നാടാക്കുക ലക്ഷ്യം: മുഖ്യമന്ത്രി

Web Desk
Posted on August 27, 2019, 10:51 pm

തിരുവനന്തപുരം: കേരളത്തെ കാര്‍ഷിക സമൃദ്ധമായ നാടാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൃഷി അഭിവൃദ്ധിപ്പെടുത്താനും തരിശുനില കൃഷിക്ക് പ്രോത്സാഹനം നല്‍കാനുമുള്ള നടപടികളാണ് കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനതല കാര്‍ഷിക വികസന സമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃഷി വര്‍ധിക്കുമ്പോള്‍ ഉല്‍പന്നങ്ങള്‍ കേടാകാതിരിക്കാന്‍ കോള്‍ഡ് സ്‌റ്റോറേജ് ഉള്‍പ്പെടെയുള്ള നടപടികളും കൈക്കൊള്ളും.
കൃഷിക്കാര്‍ക്ക് ആവശ്യമായ വായ്പാസൗകര്യം ഉറപ്പാക്കാനാകണം. ഇതിനായുള്ള ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. കാലവര്‍ഷക്കെടുതിയുടെ ഭാഗമായുണ്ടായ നാശങ്ങള്‍ മുന്‍നിര്‍ത്തി താല്‍കാലിക നടപടിയായി ജപ്തി നേരിടാതിരിക്കാന്‍ വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഖ്യാപിച്ചവയ്ക്കുപുറമേ, കാര്‍ഷികരംഗത്ത് കൂടുതല്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. രണ്ടുതവണ കാലവര്‍ഷക്കെടുതി നേരിട്ടതിന്റെ വിഷമത്തിലാണ് കര്‍ഷകര്‍. അതിനൊപ്പം വിവിധ വ്യാപാരക്കരാറുകളും കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
ആസിയാന്‍ കരാറുണ്ടാക്കി ദൂഷ്യഫലങ്ങള്‍ നാം അനുഭവിച്ചതാണ്. ഈ സാഹചര്യമെല്ലാമുള്ളപ്പോഴാണ് കേന്ദ്രം നവംബറോടെ റീജിയണല്‍ കോംപ്രിഹെന്‍സീവ് എക്കണോമിക് പാര്‍ട്ട്ണര്‍ഷിപ്പ് (ആര്‍സിഇപി) കരാര്‍ ഒപ്പിടാന്‍ നീക്കം നടത്തുന്നത്.
യോഗത്തില്‍ കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ അധ്യക്ഷനായി. മന്ത്രിമാരായ എ സി മൊയ്തീന്‍, കെ കൃഷ്ണന്‍കുട്ടി, കെ രാജു, ചീഫ് സെക്രട്ടറി ടോം ജോസ്, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി കെ രാമചന്ദ്രന്‍, കാര്‍ഷികോല്‍പാദന കമ്മിഷണര്‍ ഡി കെ സിങ്, കൃഷി ഡയറക്ടര്‍ ആന്റ് സെക്രട്ടറി ഡോ. രത്തന്‍ കേല്‍ക്കര്‍, വിവിധ കര്‍ഷക സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.