എയർ ഏഷ്യ ജീവനക്കാർ അപമാനിക്കാൻ ശ്രമിച്ചുവെന്ന് വനിതാ യാത്രക്കാരിയുടെ പരാതി

Web Desk
Posted on November 11, 2017, 9:36 am

ബംഗളൂരു: സ്വകാര്യ വിമാനകമ്പനി ജീവനക്കാര്‍ മോശമായി പെരുമാറിയെന്നും ശല്യപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി വനിതാ യാത്രക്കാരിയുടെ പരാതി. എയര്‍ ഏഷ്യ ജീവനക്കാര്‍ക്കെതിരെയാണ് തീവ്രവാദിയായി ചിത്രീകരിച്ചെന്നും ശല്യപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി യുവതി പരാതി നല്‍കിയത്. നവംബര്‍ മൂന്നിന് എയര്‍ ഏഷ്യയുടെ ഹൈദരാബാദ് വഴിയുള്ള ഐ5 1585 റാഞ്ചി-ബംഗളൂരു വിമാനത്തിലെ മൂന്നു ജീവനക്കാരില്‍ നിന്നാണ് യുവതിക്ക് മോശം പെരുമാറ്റം നേരിടേണ്ടി വന്നത്.

സൻമിത് കരിന്ദികർ, കെയ്സാദ് സുൻഡോക്ക്, ജിതിൻ രവീന്ദ്രൻ എന്നിവർക്കെതിരെയാണ് പരാതി.
വിമാനത്തിലെ വൃത്തിഹീനമായ കക്കൂസിനെ കുറിച്ച്‌ യുവതി പരാതിപ്പെട്ടതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതേതുടര്‍ന്ന് ക്യാബിന്‍ മേല്‍നോട്ടക്കാരന്‍ അസഭ്യം പറയുകയും ശരീരത്തില്‍ തൊടുകയും ചെ‍യ്തു. തന്നെ കണ്ടാല്‍ തീവ്രവാദിയെ പോലെ തോന്നുമെന്ന് പറഞ്ഞ് ബോര്‍ഡിങ് പാസിന്‍റെ ചിത്രമെടുത്തു. അര്‍ധരാത്രിയില്‍ മുഴുവന്‍ യാത്രക്കാരും വിമാനത്തില്‍ നിന്ന് പുറത്തിറങ്ങിയെങ്കില്‍ തന്നെ പോകാന്‍ അനുവദിച്ചില്ലെന്നും പരാതിയില്‍ യുവതി ആരോപിക്കുന്നു.

ബംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ ക്യാപ്റ്റനോടും ക്യാബിന്‍ മേല്‍നോട്ടക്കാരനോടും മാപ്പു പറഞ്ഞില്ലെങ്കില്‍ സുരക്ഷാസേനക്ക് കൈമാറുമെന്ന് ഭീഷണിപ്പെടുത്തി. കൂടാതെ തന്‍റെ ചുറ്റും നിന്ന ജീവനക്കാര്‍ മാനഭംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. വിമാന ജീവനക്കാര്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി ബംഗളൂരുവില്‍ വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫിനോട് യുവതി പരാതിപ്പെട്ടിട്ടുണ്ട്.

അതേസമയം, യുവതിയുടെ പരാതി നിഷേധിച്ച്‌ എയര്‍ ഏഷ്യ അധികൃതര്‍ പ്രസ്താവനയിറക്കി. മുതിര്‍ന്ന ക്യാബിന്‍ ജീവനക്കാരനോട് യുവതി മോശമായി പെരുമാറിയെന്നാണ് കമ്പനിയുടെ വിശദീകരണം.