പ്രളയരക്ഷാപ്രവര്‍ത്തനത്തിന് പ്രതിഫലം ആവശ്യപ്പെട്ട് വീണ്ടും വ്യോമസേന

Web Desk
Posted on July 26, 2019, 11:13 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ദുരിതത്തിലാക്കിയ മഹാപ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിന് വീണ്ടും പ്രതിഫലം ആവശ്യപ്പെട്ട് വ്യോമസേന. നാലു ദിവസത്തെ രക്ഷാ പ്രവര്‍ത്തനത്തിന് 113 കോടി രൂപ ആവശ്യപ്പെട്ടാണ് വ്യോമസേന വീണ്ടും സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചിട്ടുള്ളത്. എന്നാല്‍ വ്യോമസേനയ്ക്ക് നല്‍കേണ്ട തുക ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു. വ്യോമസേനയ്ക്ക് ഈ തുക നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിത്തരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിനാണ് കത്തയച്ചത്. പ്രളയം ഏറ്റവും രൂക്ഷമായി അനുഭവപ്പെട്ട ഓഗസ്റ്റ് 15 മുതല്‍ തുടര്‍ച്ചയായ നാലു ദിവസങ്ങളില്‍ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനത്തിനാണ് ഇത്രയും തുക ചെലവായതായി കാണിച്ച് വ്യോമസേന സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്.
ഓഖി ചുഴലിക്കാറ്റും പ്രളയവും നാശനഷ്ടം വിതച്ച കേരളം പുനര്‍നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണെന്നും അതിനാല്‍ സംസ്ഥാനത്തിന്റെ സ്ഥിതി മനസിലാക്കി വ്യോമസേന ആവശ്യപ്പെട്ട തുകയില്‍ നിന്ന് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ പുനര്‍നിര്‍മ്മാണത്തിന് 31,000 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. ദേശീയ ദുരന്തപ്രതികരണ ഫണ്ടില്‍ നിന്ന് 2904.85 കോടി രൂപമാത്രമാണ് ലഭിച്ചിട്ടുള്ളത്. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി മറ്റ് മാര്‍ഗങ്ങളിലൂടെ സംസ്ഥാനം തുക കണ്ടെത്തുവാനുള്ള ശ്രമത്തിലാണ്. അക്കാരണത്താല്‍ വ്യോമസേനയ്ക്ക് വന്‍ തുക നല്‍കാനാവില്ലെന്നും മുഖ്യമന്ത്രി കത്തില്‍ വിശദീകരിച്ചു.
രൂക്ഷമായ പ്രളയം നേരിട്ട നാലുദിവസം രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടതിന്റെ ചെലവായി 11,36934899 (113.69 കോടി)രൂപ നല്‍കണമെന്നാണ് വ്യോമസേനയുടെ ആവശ്യം. ദുരന്തരക്ഷാ പ്രവര്‍ത്തനത്തിന് പണം ചോദിച്ച് ഇത് മൂന്നാം തവണയാണ് വ്യോമസേന കേരളത്തെ സമീപിച്ചിരിക്കുന്നത്. ഓഖി ചുഴലിക്കാറ്റുണ്ടായ സമയത്തെ രക്ഷാപ്രവര്‍ത്തനത്തിന് നേരത്തെ രണ്ട് തവണയായി 60 കോടിയോളം രൂപയുടെ ബില്‍ വ്യോമസേന സംസ്ഥാനത്തിന് നല്‍കിയിരുന്നു. ഇതിന് പുറമെ പ്രളയദുരന്ത രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയുടെ ചെറുവിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച വകയില്‍ 34 കോടി (33,77,77,250) രൂപ കേരളം നല്‍കണമെന്നാവശ്യപ്പെട്ടിരുന്നു. രക്ഷാദൗത്യത്തിന്റെ ബില്‍ അയയ്ക്കുന്ന രീതി പതിവാണെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന എസ്ഡിആര്‍ ഫണ്ടില്‍ നിന്ന് തുക തട്ടിക്കഴിക്കുമെന്നുമായിരുന്നു അന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്.