വ്യോമപാത ലംഘിച്ചു; പാകിസ്ഥാനില്‍ നിന്നുള്ള ജോര്‍ജിയന്‍ വിമാനം വ്യോമസേന തടഞ്ഞു

Web Desk
Posted on May 10, 2019, 9:12 pm

ന്യൂഡല്‍ഹി: വ്യോമപാത ലംഘിച്ചതിനെ തുടര്‍ന്ന് പാകിസ്ഥാനില്‍ നിന്നുള്ള ജോര്‍ജിയന്‍ വിമാനം വ്യോമസേന യുദ്ധ വിമാനങ്ങളുപയോഗിച്ച് തടഞ്ഞു. തുടര്‍ന്ന്, ജയ്പൂരില്‍ ഇറക്കിയ വിമാനത്തിന്‍റെ പൈലറ്റിനെ വ്യോമസേന കസ്റ്റഡിയിലെടുത്തു. കറാച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ന എ.എന്‍12 വിഭാഗത്തില്‍പ്പെട്ട വിമാനമാണ് തടഞ്ഞത്.

വടക്കന്‍ ഗുജറാത്തില്‍ വെച്ചാണ് വിമാനം വ്യോമപാത ലംഘിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ വ്യോമസേനയുടെ യുദ്ധവിമാനം വിമാനത്തെ പിന്തുടരുകയും ജയ്പൂര്‍ വിമാനത്താവളത്തില്‍ ഇറക്കാന്‍ നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു.

സംഭവത്തില്‍ പൈലറ്റിനെയും ജീവനക്കാരെയും ചോദ്യം ചെയ്തു. ഇത് ഒരു ഗുരുതരമായ പിഴവല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. പക്ഷേ, പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം നടന്ന ഇന്ത്യപാക് വ്യോമ പോരാട്ടങ്ങള്‍ക്ക് ശേഷമുണ്ടായ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് വ്യോമസേനയുടെ നടപടി.