വ്യോമസേനാ വിമാനാപകടം: അപകടസ്ഥലത്ത് ദൗത്യസംഘം ഇന്നെത്തിയേക്കും

Web Desk
Posted on June 19, 2019, 3:18 pm

ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശില്‍ തകര്‍ന്നുവീണ വ്യോമസേനയുടെ എഎന്‍32 വിമാനത്തിലുണ്ടായിരുന്ന സൈനികരുടെ ഭൗതികാവശിഷ്ടങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമം തുടരുന്നു. ദുര്‍ഘടമായ ഭൂപ്രകൃതിയും മോശം കാലാവസ്ഥയും അപകടം നടന്ന സ്ഥലത്ത് എത്തിച്ചേരാനുള്ള ശ്രമങ്ങള്‍ക്ക് തടസം സൃഷ്ടിക്കുകയാണ്. ബുധനാഴ്ചയോടെ വിമാനം തകര്‍ന്ന് വീണ സ്ഥലത്ത് എത്തിച്ചേരാന്‍ ദൗത്യസേനയ്ക്ക് സാധിക്കുമെന്നാണ് കരുതുന്നത്.

ദൗത്യസേന കാല്‍നടയായാണ് അപകടസ്ഥലത്തേക്ക് തിരിച്ചിരിക്കുന്നത്.ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലെ ഗരുഡ് കമാന്‍ഡോസ്, കരസേനയിലെ സ്‌പെഷ്യല്‍ ഫോഴ്‌സ് അംഗങ്ങള്‍, പ്രാദേശിക ചുമട്ടുകാര്‍, നായാട്ടുകാര്‍ എന്നിവരടങ്ങിയ 15 അംഗങ്ങളാണ് ദൗത്യസേനയിലുള്ളത്.സംസ്ഥാന ഭരണകൂടവുമായി സഹകരിച്ചാണ് വ്യോമസേന ദൗത്യം നടത്തുന്നത്.

ജൂണ്‍ മൂന്നിന് അസമിലെ ജോര്‍ഹട്ടില്‍നിന്ന് മേചുക വ്യോമതാവളത്തിലേക്ക് പുറപ്പെട്ട് അരമണിക്കൂറിന് ശേഷം വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. തുടര്‍ന്ന് കാണാതായ വിമാനത്തെ ജൂണ്‍ 11 നാണ് കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം തന്നെ 15 അംഗ ദൗത്യസേനയെ നിയോഗിച്ചു. ഹെലികോപ്ടര്‍ മാര്‍ഗം അപകടസ്ഥലത്തെത്തിച്ചേരുക അസാധ്യമായതു കൊണ്ടാണ് പര്‍വതാരോഹണത്തില്‍ വൈദഗ്ധ്യമുള്ളവരെ ഉള്‍പ്പെടുത്തി ദൗത്യസംഘത്തെ അയക്കാന്‍ വ്യോമസേന തീരുമാനിച്ചത്. മൂന്ന് മലയാളി സൈനികരുള്‍പ്പെടെ 13 ഉദ്യോഗസ്ഥരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന്റെ കോക്പിറ്റ് വോയ്‌സ് റിക്കോര്‍ഡര്‍, ഫ്‌ളൈറ്റ് ഡേറ്റ റിക്കോര്‍ഡര്‍ എന്നിവ വെള്ളിയാഴ്ച കണ്ടെടുത്തിരുന്നു. സൈനികരുടെ ഭൗതികാവശിഷ്ടങ്ങള്‍ എത്രയും പെട്ടെന്ന് വീണ്ടെടുത്ത് ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് സേനയുടെ ഉന്നതവൃത്തം അറിയിച്ചു.