ഒടുവിൽ ആശ്വാസം: പ്രവാസികളുടെ മൃതദേഹങ്ങൾ ഇനി സൗജന്യമായി നാട്ടിലെത്തും

Web Desk
Posted on November 26, 2019, 7:32 pm

ജീവിതകാലം മുഴുവൻ മണലാരണ്യത്തിൽ അധ്വാനിക്കുന്ന പ്രവാസിക്ക് സ്വന്തം മണ്ണിൽ അന്തിയുറങ്ങാൻ സാധിക്കാതെ പോകുന്ന ഏറെ സങ്കടരമായ വാർത്തകൾ ഒരുപാട് തവണ നമ്മൾ കേട്ടിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിൽ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ പലപ്പോഴും സാധിക്കാതെ വരുന്നത് ഭീമമായ ചെലവ് കാരണമാണ്. ഇതോടെ ബന്ധുക്കൾ നിസ്സഹായരാവുകയും മൃതദേഹം വിദേശത്ത് തന്നെ സംസ്കരിക്കുകയും ചെയ്യുന്നതായിരുന്നു ഇക്കാലമത്രയും പതിവ്. എന്നാൽ പ്രവാസികളുടെ നീണ്ട കാലത്തെ ഈ ആവശ്യത്തിന് ഒരു പരിഹാരമാവുകയാണ്.

പ്രവാസ ലോകത്ത് വെച്ച് മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാൻ എയർഇന്ത്യയുമായി നോർക്ക ധാരണയിലെത്തിയതായുള്ള വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഗൾഫ് രാജ്യങ്ങളിൽവച്ച് മരണമടയുന്ന പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ തൊഴിൽ ഉടമയുടേയോ, സ്പോൺസറുടെയോ, എംബസിയുടേയോ സഹായം ലഭിക്കാതെ വരുന്ന സാഹചര്യത്തിലാണ് ഈ പദ്ധതി പ്രകാരം സൗജന്യമായി നാട്ടിലെത്തിക്കുക.

നോർക്കയുടെ പദ്ധതി നടത്തിപ്പിന് എയർ ഇന്ത്യയുമായി ഇന്നാണ് ധാരണയായത്. ഇത് പ്രകാരം നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും എയർ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ കാർഗോയും ധാരണാപത്രത്തിൽ ഒപ്പുവച്ച്ചു.. ഗൾഫ് രാജ്യങ്ങളിൽ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ പലപ്പോഴും സാധിക്കാതെ വരുന്നത് ഭീമമായ ചെലവ് കാരണമാണ്. ഇതോടെ ബന്ധുക്കൾ നിസ്സഹായരാവുകയും മൃതദേഹം വിദേശത്ത് തന്നെ സംസ്കരിക്കുകയും ചെയ്യുന്നതായിരുന്നു ഇക്കാലമത്രയും പതിവ്. സ്പോൺസറുടേയോ മറ്റോ സഹായം ലഭിക്കാതെ വരുന്ന നിരാലംബർക്ക് ആശ്വാസം നൽകുകയെന്ന ലക്ഷ്യമാണ് പദ്ധതിക്ക് പിന്നിൽ.

വിമാനത്താവളങ്ങളിൽ എത്തിക്കുന്ന മൃതദേഹം നോർക്ക റൂട്ട്സിന്റെ നിലവിലുള്ള എമർജൻസി ആംബുലൻസ് സർവീസ് മുഖേനെ മരണമടയുന്ന പ്രവാസി മലയാളികളുടെ വീടുകളിൽ സൗജന്യമായി എത്തിക്കും. ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസി മലയാളികളുടെ ബന്ധുക്കൾ/സുഹൃത്തുക്കൾ എന്നിവർക്ക് പദ്ധതിയിൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷ ഫാറവും വിശദവിവരങ്ങളും നോർക്ക റൂട്ട്സ് വെബ് സൈറ്റായ www. norka­roots. org ‑ൽ ലഭിക്കുമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ നോർക്ക റൂട്ട്സ് ടോൾ ഫ്രീ നമ്പരായ 1800 425 3939,(ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്ത് നിന്നും മിസ്ഡ് കാൾ സേവനം), നമ്പരുകളിൽ നിന്നും ലഭിക്കും.