പഴം പച്ചക്കറി വിപണിക്ക് തുണയായി കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള പച്ചക്കറി ഇനങ്ങളും പഴങ്ങളുമായി ഗള്‍ഫ് രാജ്യങ്ങളിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ പറന്നു തുടങ്ങി. കാര്‍ഗോ വിമാനങ്ങള്‍ സ്വന്തമായില്ലാത്തതിനാല്‍ ബോയിംഗ് 737–800 എന്‍ജി പാസഞ്ചര്‍ വിമാനങ്ങളാണ് കൊച്ചി ആസ്ഥാനമായുള്ള ബജറ്റ് എയര്‍ലൈന്‍സ് ഇതിനുപയോഗിക്കുന്നത്.
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 15 വര്‍ഷം പഴക്കമുള്ള ചരിത്രത്തില്‍ ആദ്യമായാണ് കാര്‍ഗോ സര്‍വീസ് നടത്തുന്നത്. ലോക്ക്ഡൗണ്‍ മൂലമുള്ള ‘ഗ്രൗണ്ടിംഗ്’ അവസ്ഥയില്‍ വിമാനങ്ങളുടെ അറ്റകുറ്റപ്പണി ചെലവ് കുറയ്ക്കാന്‍ പരിമിത സര്‍വീസ് ആവശ്യമാണ്. ഇതിനും പുറമേ വിപണന സാധ്യതയില്ലാതെ ഉല്‍പ്പന്നങ്ങളുടെ വിലയിലുണ്ടായ ഇടിവ് കാരണം വിഷമത്തിലായ കര്‍ഷകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ന്യായമായ നിരക്കില്‍ ഈ പ്രവര്‍ത്തനം ഏറ്റെടുത്തിട്ടുള്ളതെന്ന് എയര്‍ലൈന്‍ അറിയിച്ചു.
ഗള്‍ഫ് മേഖലയിലെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്കു കൂടാതെ മുംബൈ, മംഗളൂരു എന്നിവിടങ്ങളിലേക്കും പഴം, പച്ചക്കറി കയറ്റുമതി ചെയ്യാനാണ് പദ്ധതി.കഴിഞ്ഞയാഴ്ച ഉദ്ഘാടന സര്‍വീസില്‍ 13.5 ടണ്‍ പഴങ്ങളും പച്ചക്കറികളും തിരുവനന്തപുരത്ത് നിന്ന് യുഎഇയിലെ ഷാര്‍ജയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് നെടുമ്പാശേരി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് ഷാര്‍ജയിലേക്ക് മൂന്ന് വിമാനങ്ങളും ഇപ്രകാരം സര്‍വീസ് നടത്തി. കുവൈത്തിലേക്കുള്ള വിമാനം ചൊവ്വാഴ്ച കോഴിക്കോട് നിന്ന് പറന്നു.
പ്രത്യേക കാര്‍ഗോ സൗകര്യമില്ലാത്ത കണ്ണൂര്‍ ഒഴികെയുള്ള കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും പഴം, പച്ചക്കറി കയറ്റുമതി ചെയ്യുന്ന ഗള്‍ഫ് സര്‍വീസുകള്‍ വിപുലമാക്കാനാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് തുനിയുന്നത്. സേവനം ചെന്നൈ, ട്രിച്ചി, മംഗളൂരു എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചു വരുന്നു. കേരളം, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള വാഴപ്പഴത്തിനും മാമ്പഴത്തിനും മറ്റ് പച്ചക്കറികള്‍ക്കും ഗള്‍ഫില്‍ നല്ല ഡിമാന്‍ഡാണ്.
English Summary: air india express bring Vegetables and fruits to gulf
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.