കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള നാലു യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മുംബൈയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ വിലക്കി ഹോങ്കോങ്. നവംബർ 10 വരെയാണ് വിലക്കേർപ്പെടുത്തിയത്. ഹോങ്കോങ് വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. ഇത് നാലാം തവണയാണ് ഇന്ത്യയിലെ ഒരു വിമാനത്താവളത്തിൽ നിന്നുള്ള വിമാനത്തിന് ഹോങ്കോങ് സർക്കാർ വിലക്കേർപ്പെടുത്തുന്നത്.
യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നേരത്തെ ഡൽഹി–ഹോങ്കോങ് വിമാനങ്ങൾക്ക് ഓഗസ്റ്റ് 18 മുതൽ ഓഗസ്റ്റ് 31 വരെ, സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 3 വരെ, ഒക്ടോബർ 17 മുതൽ ഒക്ടോബർ 30 വരെ എന്നിങ്ങനെ വിലക്കേർപ്പെടുത്തിയിരുന്നു. ഹോങ്കോങ് സർക്കാർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം യാത്ര തുടങ്ങുന്നതിന് 72 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോടെ മാത്രമേ ഇന്ത്യയിൽ നിന്നുള്ളവർക്ക് രാജ്യത്ത് പ്രവേശിക്കാൻ അനുമതിയുള്ളൂ.
ഇതിനു പുറമേ ഹോങ്കോങ് വിമാനത്താവളത്തിൽ വച്ച് വീണ്ടും പരിശോധനയ്ക്ക് വിധേയരാകണം. ഇന്ത്യയ്ക്കു പുറമേ ബംഗ്ലദേശ്, ഫ്രാൻസ്, നേപ്പാൾ, ദക്ഷിണാഫ്രിക്ക, റഷ്യ, യുസ്, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കും ഈ നിയമം ബാധകമാണ്.
English summary; air india flights for fourth time as passengers test positive for covid
You may also like this video;