കേന്ദ്ര സര്‍ക്കാര്‍ വില്‍പ്പനയ്ക്കു വച്ച പൊതുമേഖലാ കമ്പനിയായ എയര്‍ ഇന്ത്യ രാജ്യത്ത് ആദ്യമായി സ്വകാര്യ വിമാന സര്‍വീസിന് തുടക്കമിട്ട ടാറ്റയുടെ കരങ്ങളില്‍ തിരിച്ചെത്തിയേക്കും. എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരിയും വില്‍ക്കുന്നുവെന്ന വാഗ്ദാനം മൂല്യവത്താണെന്ന് ടാറ്റയുടെ കീഴിലുള്ള വിമാന കമ്പനിയായ വിസ്താര എയര്‍ലൈന്‍സ് വിലയിരുത്തുന്നു. ടാറ്റാ സണ്‍സിന് 51 ശതമാനം ഓഹരി പങ്കാളിത്തമാണ് വിസ്താരയിലുള്ളത്.
ടാറ്റ പലപ്പോഴും കണ്ണുവെച്ച കമ്പനി കൂടിയാണ് എയര്‍ ഇന്ത്യ. ജെആർഡി ടാറ്റ തുടങ്ങിയ ടാറ്റാ എയര്‍ലൈന്‍സ് ആണ് പിന്നീട് സര്‍ക്കാര്‍ ഏറ്റെടുത്ത് എയര്‍ ഇന്ത്യ’ആക്കി മാറ്റിയത്. ഈ കമ്പനിയെയാണ് ഇപ്പോൾ വിസ്താര ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നത്. എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ മറ്റ് ആറ് കമ്പനികൾ കൂടി താല്പര്യം അറിയിച്ചിട്ടുണ്ടെന്നാണ് സൂചനകൾ. താല്പര്യപത്രം സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 17 ആണ്.
1932ല്‍ ടാറ്റ എയര്‍ലൈന്‍സ് ആണ് ഇന്ത്യയില്‍ ആദ്യമായി ഷെഡ്യൂള്‍ഡ് വിമാനസര്‍വീസ് ആരംഭിച്ചത്. ടാറ്റ കമ്പനിയുടെ സ്ഥാപകന്‍ ജെആർഡി ടാറ്റ തന്നെയാണ് കറാച്ചിയില്‍ നിന്ന് അഹമ്മദാബാദ് വഴി മുംബൈയിലേക്കുള്ള ആദ്യ വിമാനം പറത്തി ചരിത്രം സൃഷ്ടിച്ചത്. 1946ല്‍ ടാറ്റ ഈ കമ്പനിയെ എയര്‍ ഇന്ത്യ എന്ന് പുനര്‍നാമകരണം ചെയ്ത് പബ്ലിക് ലിമിറ്റഡ് കമ്പനിയാക്കി.
സ്വാതന്ത്ര്യത്തിനു ശേഷം കമ്പനിയെ കേന്ദ്ര സര്‍ക്കാര്‍ ദേശസാത്കരിക്കുകയായിരുന്നു. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യയെ പൂര്‍ണമായും വില്‍ക്കാനൊരുങ്ങുമ്പോള്‍ വിസ്താരയിലൂടെ വീണ്ടും കമ്പനിയെ സ്വന്തമാക്കാനാണ് ടാറ്റയുടെ നീക്കം. നഷ്ടം പെരുകിയത് മൂലമാണ് എയർ ഇന്ത്യ ഓഹരികള്‍ വിറ്റഴിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ശക്തമാക്കിയത്. 2018 ല്‍ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനായിരുന്നു നീക്കം. എന്നാല്‍ നിക്ഷേപകര്‍ ആരും തന്നെ എത്താത്തതിനാൽ ഇപ്പോൾ 100 ശതമാനം ഓഹരികളും വിറ്റഴിക്കാനാണ് ശ്രമം. കമ്പനിയുടെ 23,286 കോടി രൂപയോളം വരുന്ന കടബാധ്യത ഓഹരികള്‍ വാങ്ങുന്നവര്‍ ഏറ്റെടുക്കേണ്ടി വരും.
ടാറ്റ സണ്‍സും സിംഗപൂര്‍ എയര്‍ലൈന്‍സും ചേര്‍ന്നുള്ള സംയുക്ത സംരഭമാണ് വിസ്താര എയര്‍ലൈന്‍സ്. 2015 ജനുവരി ഒമ്പതിനായിരുന്നു ആദ്യ സര്‍വീസ്. ഇപ്പോള്‍ ഇന്ത്യന്‍ വ്യോമയാന രംഗത്ത് 4.7 ശതമാനം വിപണി വിസ്താരയ്ക്കുണ്ട്. ഇന്ത്യയിലെ ആറാമത്തെ വലിയ ആഭ്യന്തര വിമാന കമ്പനിയുമാണ്. എയര്‍ ഇന്ത്യയെ സ്വന്തമാക്കുകയാണെങ്കില്‍ വിസ്താര ഇന്ത്യയിലെ ഏറ്റവും വലിയ വിമാന കമ്പനിയായി മാറും. വിസ്താരയ്ക്ക് പുറമെ എയര്‍ ഏഷ്യ ഇന്ത്യയിലും ടാറ്റയ്ക്ക് ഓഹരി പങ്കാളിത്തമുണ്ട്.
English summary: Air India handover to TATA
YOU MAY ALSO LIKE THIS VIDEO