Web Desk

ന്യൂഡല്‍ഹി

September 15, 2021, 10:25 pm

എയർ ഇന്ത്യയും സ്വകാര്യമേഖലയിലേക്ക് കേന്ദ്ര സർക്കാർ കയ്യൊഴിയുന്നു

Janayugom Online

എയർ ഇന്ത്യ ഒടുവില്‍ സ്വകാര്യ മേഖലയിലേക്ക്. കടക്കെണിയിലായ എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ ടാറ്റാ സണ്‍സും സ്പൈസ് ജെറ്റ് ചെയര്‍മാന്‍ അജയ് സിങും ഇന്നലെ സാമ്പത്തിക താല്പര്യപത്രങ്ങള്‍ സമര്‍പ്പിച്ചു. സാമ്പത്തിക താല്പര്യപത്രങ്ങള്‍ ലഭിച്ചതായും നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണെന്നും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്മെന്റ് (ഡിഐപിഎഎം) സെക്രട്ടറി തുഹിന്‍ പാണ്ഡേ ട്വിറ്ററില്‍ അറിയിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്പനയിലൂടെ വന്‍ ധനസമാഹരണം ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍. 

2018ൽ എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികളുടെ വില്പനയ്ക്കായി ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. കടുത്ത നിബന്ധനകളും വലിയ കടബാധ്യതയും തിരിച്ചടിയായി. തുടര്‍ന്നാണ് 100 ശതമാനം ഓഹരികളും വിറ്റഴിക്കാന്‍ കേന്ദ്രം തയാറായത്. 2020 ജനുവരിയില്‍ വില്പനനീക്കം സജീവമാക്കിയെങ്കിലും കോവിഡ് പ്രതിസന്ധിയോടെ നടപടികള്‍ നീണ്ടു.

അജയ് സിങ് സ്വന്തം നിലയിലാണ് താല്പര്യപത്രം സമര്‍പ്പിച്ചിട്ടുള്ളത്. ഏറ്റെടുക്കലിന് പുതിയ കണ്‍സോര്‍ഷ്യം രൂപീകരിക്കേണ്ടി വരും. ഇതിനാല്‍തന്നെ 89 വർഷങ്ങൾക്ക് മുമ്പ് എയർ ഇന്ത്യ സ്ഥാപിച്ച ടാറ്റാ ഗ്രൂപ്പിന് തന്നെയാണ് മുന്‍ഗണന കല്പിക്കപ്പെടുന്നത്. 

ടാറ്റ എയര്‍ സര്‍വീസസ് എന്ന പേരില്‍ ജെആര്‍ഡി ടാറ്റ ആയിരുന്നു 1932 ല്‍ വിമാനക്കമ്പനി സ്ഥാപിച്ചത്. പിന്നീടിത് ടാറ്റ എയര്‍ലൈന്‍സ് ആയി പേരുമാറ്റി. 1946 ല്‍ എയര്‍ ഇന്ത്യ എന്ന പേരില്‍ പബ്ലിക് ലിമിറ്റഡ് കമ്പനിയായി. 1953 ല്‍ എയര്‍ ഇന്ത്യ ദേശസാത്കരിച്ചു. 1977 വരെ ജെആര്‍ഡി ടാറ്റ ചെയര്‍മാന്‍ ആയി തുടരുകയും ചെയ്തു. പിന്നീട് സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി ചേര്‍ന്ന് വിസ്താര എന്ന സംയുക്ത സംരംഭം ടാറ്റ ഗ്രൂപ്പ് തുടങ്ങി. എയര്‍ ഏഷ്യയിലും ടാറ്റ ഗ്രൂപ്പിന് പങ്കാളിത്തമുണ്ട്. ഈ രണ്ട് കമ്പനികളും ലേലത്തിൽ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യം വ്യക്തമായിട്ടില്ല.

കടം 43,000 കോടി

43,000 കോടിയുടെ കടബാധ്യതയാണ് എയര്‍ ഇന്ത്യയ്ക്കുള്ളത്. ഏറ്റെടുക്കുന്ന കമ്പനി 23,286.5 കോടി ബാധ്യതകള്‍ വഹിക്കേണ്ടതായി വരും. ബാക്കി കടബാധ്യതകള്‍ എയര്‍ ഇന്ത്യ അസറ്റ്സ് ഹോള്‍ഡിങ് ലിമിറ്റഡ് എന്ന എസ്‌പിവി രൂപീകരിച്ച് അതിലേക്ക് മാറ്റിയിട്ടുണ്ട്. 2007 ല്‍ ആഭ്യന്തര സര്‍വീസ് നടത്തിയിരുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സിനെ ഏറ്റെടുത്തതോടെയാണ് എയര്‍ ഇന്ത്യയും കടക്കെണിയിലേക്ക് വീണത്.
സാമ്പത്തിക താല്പര്യപത്രത്തില്‍ ഏറ്റവും ഉയര്‍ന്ന എന്റര്‍പ്രൈസസ് വാല്യു(ഇവി) വാഗ്ദാനം ചെയ്യുന്ന കമ്പനിക്കായിരിക്കും വില്‍ക്കുക. ഇതിന്റെ 15 ശതമാനം തുക ഒന്നാംഘട്ടത്തില്‍ പണമായി നല്‍കണം. ബാക്കിയുള്ള തുക നിശ്ചിത കാലാവധിയില്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയാല്‍ മതിയാകും. 

എല്ലാ ആസ്തികളും വില്‍ക്കുന്നു

എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്, എയര്‍ ഇന്ത്യ സാറ്റ്‌സിന്റെ 50 ശതമാനം ഓഹരികളും വില്പനയില്‍ ഉള്‍പ്പെടുന്നു. കൂടാതെ മുംബൈയിലെ എയര്‍ ഇന്ത്യ മന്ദിരവും ഡല്‍ഹിയിലെ എയര്‍ലൈന്‍സ് ഹൗസും വിവിധ നഗരങ്ങളിലായി എയര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളും കെട്ടിടങ്ങളുമെല്ലാം ഇടപാടില്‍ ഉള്‍പ്പെടുന്നു. എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസ് ലിമിറ്റഡ്, എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്പോര്‍ട്ട് ലിമിറ്റഡ് എന്നിവയും വില്പന കരാറിന്റെ ഭാഗമാണ്. നിലവില്‍ 4,400 ആഭ്യന്തര, 1,800 രാജ്യാന്തര ലാന്‍ഡിങ്-പാര്‍ക്കിങ് സ്ലോട്ടുകള്‍ എയര്‍ ഇന്ത്യയുടെ പക്കലുണ്ട്. ഇവയില്‍ 900 എണ്ണം വിദേശരാജ്യങ്ങളിലാണ്.

Eng­lish Sum­ma­ry : air india pri­vati­sa­tion by cen­tral government

You may also like this video :