ആദ്യവിമാനം ഉയരുംമുമ്പേ ആകാശക്കൊള്ളയുമായി എയര്‍ഇന്ത്യ

Web Desk
Posted on November 15, 2018, 10:51 pm

കെ രംഗനാഥ്
അബുദാബി: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ വിമാനം ഡിസംബര്‍ ഒന്‍പതിനു പറന്നുയരും മുമ്പുതന്നെ എയര്‍ഇന്ത്യ ആകാശക്കൊള്ളയ്ക്ക് നാന്ദി കുറിച്ചു.
എയര്‍ ഇന്ത്യയുടെ ആദ്യ വിമാനം ഡിസംബര്‍ 9ന് രാവിലെ 10നാണ് അബുദാബിയിലേക്ക് കന്നിപ്പറക്കല്‍ ആരംഭിക്കുക. ഈ വിമാനത്തിലെ ടിക്കറ്റുകള്‍ മുഴുവന്‍ 55 മിനിറ്റിനകം വിറ്റുതീര്‍ന്നു. അന്ന് ഉച്ചയ്ക്ക് 1.30ന് അബുദാബിയില്‍ നിന്ന് തിരിച്ച് സന്ധ്യയ്ക്ക് ഏഴിന് കണ്ണൂരിലെത്തുന്ന ആദ്യ വിമാനത്തിലാണ് ടിക്കറ്റ് നിരക്ക് പല നിരക്കില്‍ ഉയര്‍ത്തിയത്. എയര്‍ ഇന്ത്യാ എക്‌സ്പ്രസിലെ കണ്ണൂരിലേയ്ക്കുള്ള വണ്‍വേ ടിക്കറ്റ് നിരക്ക് 670 ദിര്‍ഹം (13400 രൂപ)ആയിരുന്നു റിസര്‍വേഷന്റെ തുടക്കം. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ മലയാളി പ്രവാസികളുടെ തള്ളിക്കയറ്റമായപ്പോള്‍ എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമായി.
എയര്‍ ഇന്ത്യ അധികൃതര്‍ തന്നെ ഒപ്പിച്ച പണിയായിരുന്നു ഇതെന്ന സൂചനയുമുണ്ട്. വൈകിട്ട് നാല് മണിക്ക് വെബ്‌സൈറ്റ് വീണ്ടും തുറന്നപ്പോള്‍ കണ്ണൂരിലേയ്ക്കുള്ള വണ്‍വേ ടിക്കറ്റ് നിരക്ക് 2470 ദിര്‍ഹം (49400 രൂപ). ഒറ്റ മണിക്കൂര്‍കൊണ്ട് ഒരേ വിമാനത്തിലെ ഒരേ ക്ലാസിലെ ടിക്കറ്റ് നിരക്ക് 36,000 രൂപ ഒറ്റയടിക്ക് വര്‍ധിപ്പിച്ചു എയര്‍ ഇന്ത്യ കൊള്ളയുടെ ചരിത്രം ചമയ്ക്കുകയും ചെയ്തു.
186 സീറ്റുള്ള വിമാനത്തിലെ 125 സീറ്റുകളും ഇതിനകം ബുക്കിങ്ങായി. 36 സീറ്റുകള്‍ 13400 രൂപയ്ക്കും ശേഷിക്കുന്നവ 49,400 രൂപയ്ക്കും വിറ്റഴിച്ചുവെന്നാണ് അബുദാബിയിലെ എയര്‍ ഇന്ത്യാവൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന സൂചന. വണ്‍വേ യാത്രയുടെ നിരക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ 36,000 രൂപ വര്‍ധിപ്പിച്ചതോടെ ശേഷിക്കുന്ന സീറ്റുകളിലേക്കുള്ള ബുക്കിങ് സ്തംഭിച്ചതാണെന്നും അറിയുന്നു. കണ്ണൂര്‍ വിമാനത്താവളത്തെ തകര്‍ക്കാനുള്ള ആദ്യ വെടിപൊട്ടിക്കുകയായിരുന്നു എയര്‍ഇന്ത്യ ഈ കൊള്ളയിലൂടെയെന്ന ആരോപണവും ഉയര്‍ന്നുകഴിഞ്ഞു.
ഉത്തരമലബാറിലെ പ്രവാസികള്‍ക്ക് അനുഗ്രഹമാകുമായിരുന്ന കണ്ണൂര്‍ വിമാനത്താവളം അവര്‍ക്ക് ക്രമേണ അപ്രാപ്യമാക്കി മംഗലാപുരം വിമാനത്താവളത്തിലേയ്ക്കുള്ള യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ഗൂഢാലോചനയാണ് ഉദ്ഘാടന പറക്കലില്‍ തന്നെ ആകാശക്കൊള്ള തുടങ്ങിയതിനു പിന്നില്‍ എന്ന സംശയവും ഉയരുന്നു. കണ്ണൂരിലേയ്ക്ക് പോകാനിരുന്ന പലരും യാത്ര മംഗലാപുരത്തേയ്ക്ക് മാറ്റിയതായുള്ള റിപ്പോര്‍ട്ടുകളും ഈ സംശയത്തിനു ശക്തി പകരുന്നു.
സൗദി അറേബ്യയുടെ സൗദിയ, ഖത്തര്‍ എയര്‍വേയ്‌സ് എന്നീ വിമാനക്കമ്പനികളും കണ്ണൂരിലേയ്ക്ക് സര്‍വീസ് നടത്തുന്നുണ്ട്. ആ വിദേശ കമ്പനികള്‍ക്കും എയര്‍ ഇന്ത്യ കൊള്ളയ്ക്ക് ആകാശമാര്‍ഗം തുറന്നിട്ടുകൊടുത്തിരിക്കുന്നുവെന്നാണ് പ്രവാസികളുടെ മറ്റൊരു ആരോപണം.
അബുദാബിയിലേയ്ക്കും തിരിച്ചും കണ്ണൂരില്‍ നിന്നും ചൊവ്വ, ബുധന്‍, ഞായര്‍ ദിവസങ്ങളിലും സൗദിയില്‍ റിയാദിലേയ്ക്ക് വ്യാഴം, വെള്ളി, ഞായര്‍ ദിവസങ്ങളിലും തിരിച്ച് തിങ്കള്‍, വെള്ളി, ശനി ദിവസങ്ങളിലും ഖത്തറില്‍ ദോഹയിലേക്ക് തിങ്കള്‍, ചൊവ്വ, ബുധന്‍, ശനി ദിവസങ്ങളിലും തിരിച്ച് കണ്ണൂരിലേയ്ക്ക് അതേ ദിവസങ്ങളിലുമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂര്‍ സര്‍വീസുകള്‍ നടത്തുക.