ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം; ‘മഴപ്പെയ്യിച്ച്’ ഫയര്‍ഫോഴ്സ്

Web Desk
Posted on November 25, 2019, 10:07 am

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ പൊടിശല്യം ഒഴിവാക്കുന്നതിനായി രണ്ട് ദിവസത്തിനുള്ളില്‍ അഞ്ച് ലക്ഷം ലിറ്റര്‍ വെള്ളം തളിച്ചതായി ഫയര്‍ഫോഴ്സ്. ഡല്‍ഹി സര്‍ക്കാറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് മലിനീകരണം അതിരൂക്ഷമായ 13 കേന്ദ്രങ്ങളില്‍ വെള്ളം തളിച്ചത്. ഫയര്‍ഫോഴ്സിന്റെ പ്രത്യേക വാഹനങ്ങള്‍ ഉപയോഗിച്ച്‌ വെള്ളം അന്തരീക്ഷത്തിലേയ്ക്ക് ചീറ്റുകയായിരുന്നു. അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ആഴ്ചകള്‍ക്ക് മുമ്പ് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അതേസമയം, കാറ്റിന്റെ വേഗം കൂടിയതിനെ തുടര്‍ന്ന് ശനിയാഴ്ച മുതല്‍ വായുവിന്റെ ഗുണനിലവാരത്തില്‍ നേരിയ വര്‍ധനവുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 20 ഫയര്‍ എഞ്ചിനുകളും 400ഓളം ജീവനക്കാരും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.