Thursday
18 Jul 2019

ഡൽഹി പുകയുന്നു

By: Web Desk | Monday 5 November 2018 1:24 PM IST


ദില്ലി: കനത്ത മഞ്ഞുവീഴ്ച കാരണം ഉത്തരേന്ത്യയിലെ ജനജീവിതം ദുസ്സഹമായി. ദീപാവലിക്ക് ഇനി ദിവസങ്ങൾ മാത്രം  അവശേഷിക്കവെ മലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വം  നൽകി വരികയാണ്. കനത്ത മഞ്ഞ് വീഴ്‌ച്ചക്കൊപ്പം കാറ്റും ഉള്ളതിനാൽ വായുമലിനീകണം വർധിക്കാൻ സാധ്യത കൂടുതലായ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നീക്കം. സമീപ പ്രദേശങ്ങളിൽ വ്യാപകമായി കൃഷി സ്ഥലങ്ങളിൽ പുല്ല് കത്തിക്കുന്നതും അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കൂട്ടുന്നു.

ഈ സീസണിൽ  വായു ഗുണനിലവാര സൂചിക (എ.ക്യു.ഐ.) അപകടാവസ്ഥയിലേക്ക് ഉയരുകയുംചെയ്തു. വരുംദിവസങ്ങളിൽ ഇതുകൂടാനാണു സാധ്യതയെന്നു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു.  കഴിഞ്ഞ വർഷം  ദീപാവലി മലിനീകരണരഹിതമാകുമെന്ന പ്രതീക്ഷ തെറ്റിച്ചുകൊണ്ട് ഡല്‍ഹിയിലെ വായുമലിനീകരണത്തിന്റെ തോത് അപകടകരമാം വിധം ഉയർന്നിരുന്നു. അത്തരത്തിലുള്ള സാഹചര്യം കണക്കിലെടുത്ത് പടക്കം പൊട്ടിക്കുന്നതിൽ നിയന്ത്രങ്ങൾ ഇത്തവണയും ഏർപ്പെടുത്തിയിട്ടുണ്ട്.  ഇതു കൂടാതെ ഡൽഹിയിലെ വിവിധ സ്ഥലനങ്ങളിലായി നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവെച്ചിട്ടുണ്ട്.  കേന്ദ്രമലിനീകരണ നിയന്ത്രണ സമിതിയുടെ  (CPCB) റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മലിനീകരണം കൂടുന്നതിനുള്ള സാഹചര്യമാണ് നിലവിൽ ഉള്ളത്. മലീനീകരണത്തിന്റെ തോത് വർധിപ്പിക്കാൻ കാരണമായ നിയമ ലംഘനം നടത്തിയവരിൽ നിന്ന് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഒരു കോടിയിലധികം രൂപ പിഴ ഈടാക്കിയിരുന്നു.