Friday
18 Oct 2019

വായു മലിനീകരണം: ഇന്ത്യയില്‍ മരിച്ചത് 1.25 ലക്ഷം കുട്ടികള്‍

By: Web Desk | Tuesday 30 October 2018 12:25 PM IST


ന്യൂഡല്‍ഹി: 2016 ല്‍ ഇന്ത്യയില്‍ വായു മലിനീകരണം കാരണം മരിച്ചത് 1.25 ലക്ഷം കുട്ടികള്‍. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ കണക്കാണ് ലോകാരോഗ്യ സംഘടന പുറത്ത് വിട്ടിരിക്കുന്നത്. ഗാര്‍ഹിക മലിനീകരണത്തിലൂടെ 67,000 കുട്ടികളാണ് മരണപ്പെട്ടത്. ഇതേസമയം വാഹനങ്ങളിലെയും ഫാക്ടറികളിലെയും വായു മലിനീകരണത്തില്‍ 61,000 കുട്ടികളും മരിച്ചു.

വായു മലിനീകരണം മൂലമുണ്ടാകുന്ന മരണങ്ങളില്‍ അഞ്ചിലൊന്നും ഇന്ത്യയിലാണ്. വായു മലിനീകരണവും ആരോഗ്യവും എന്ന വിഷയത്തില്‍ ആദ്യമായി ലോകാരോഗ്യ സംഘടന സംഘടിപ്പിക്കുന്ന ആഗോള കോണ്‍ഫറന്‍സില്‍ വച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.

കുഞ്ഞുങ്ങളുടെ ശ്വാസകോശവും, മറ്റ് അവയവങ്ങളും വളര്‍ച്ചയുടെ ഘട്ടത്തിലായതിനാല്‍ മുതിര്‍ന്നവരെക്കാള്‍ വേഗത്തില്‍ അവര്‍ ശ്വസിക്കുന്നു. അതിനാല്‍ തന്നെ കൂടുതല്‍ വായു ഉള്ളിലെത്തുന്നു, അതുവഴി മറ്റുള്ളവരെക്കാള്‍ കൂടുതല്‍ അവര്‍ മലിനീകരണത്തിന് ഇരയാകുന്നു. നവജാതശിശുക്കള്‍ വീട്ടില്‍ പാകം ചെയ്യുമ്പോള്‍ കത്തിക്കുന്ന പുകയില്‍ നിന്നാണ് കൂടുതല്‍ വായുമലിനീകരണത്തിന് ഇരയാകുന്നത്‌. വായുമലിനീകരണം കുട്ടികളുടെ തലച്ചോറിനേയും ഗുരുതരമായി ബാധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍