വായുമലിനീകരണം രൂക്ഷം: രക്ഷനേടാൻ ദൈവങ്ങൾക്കും മാസ്ക്

Web Desk
Posted on November 07, 2019, 11:15 am

വാരണാസി: കനത്ത അന്തരീക്ഷ മലിനീകരണത്തെത്തുടർന്ന് ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾക്കും മാസ്ക്. ദിവസം തോറും മലിനീകരണം വർദ്ധിച്ചുവരുമ്പോൾ വിഷപുക ഏൽക്കാതിരിക്കാതിരിക്കാനാണ് ദൈവങ്ങളെ മാസ്ക് ധരിപ്പിച്ചത്. ക്ഷേത്ര പൂജാരികളാണ് ദേവീദേന്മാരെ മാസ്ക് അണിയിച്ചിരിക്കുന്നത്. വായു മലിനീകരണത്തിൽ നിന്ന് രക്ഷനേടാൻ വാരണാസി സിഗ്രയിലുള്ള ശിവപാർവതി ക്ഷേത്രത്തിലെ ദേവീദേവന്മാരുടെ മുഖമാണ് ഇത്തരത്തിൽ മാസ്ക് ധരിച്ച് മറച്ചിരിക്കുന്നത്.

”ഞങ്ങളുടെ വിഗ്രഹങ്ങൾക്ക് ജീവനുള്ളതായാണ് കണക്കാക്കുന്നത്. ദൈവങ്ങൾ സന്തോഷത്തോടെയിരിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ദൈവങ്ങളുടെ സുരക്ഷയോർത്താണ് പൊലൂഷൻ മാസ്ക് ധരിപ്പിച്ചത്,” ക്ഷേത്രത്തിലെ കാർമികൻ ഹരിഷ് മിശ്ര പറഞ്ഞു. മഞ്ഞുകാലത്ത് ദൈവങ്ങൾക്ക് പുതപ്പ് നൽകുക, ഉത്സവത്തിന് പുതിയ വസ്ത്രങ്ങൾ നൽകുക അതുപോലെ തന്നെയാണ് വായു മലീനീകരണം നേരിടാൻ മാസ്കുകൾ നൽകുന്നതെന്നും ക്ഷേത്രത്തിലെ പൂജാരി പറഞ്ഞു.

ക്ഷേത്രത്തിലെ ശിവഭഗവാന്റെയും ദേവിയുടെയും സായ് ബാബയുടെയും മൂക്കും വായും തുണി കൊണ്ട് മറച്ചിരിക്കുകയാണ്. എന്നാൽ “കാളി രൗദ്രഭാവമുള്ള ദേവതയാണ്. കാളിയുടെ നാവ് മറയ്ക്കരുതെന്നാണ് വിശ്വാസം. അതിനാൽ കാളി വിഗ്രഹത്തിന്റെ മുഖം മറയ്ക്കേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചുവെന്നും പൂജാരി പറഞ്ഞു. അതേസമയം മാസ്ക് ധരിച്ച ദേവീദേവന്മാരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.