വ്യോമസേനയുടെ മിഗ് 21 രാജസ്ഥാനിലെ ബിക്കാനീറില്‍ തകര്‍ന്ന് വീണു

Web Desk
Posted on March 08, 2019, 4:21 pm

ജയ്പൂര്‍: ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധ വിമാനമായ മിഗ് 21 പരിശീലന പറക്കലിനിടെ രാജസ്ഥാനിലെ ബിക്കാനീറില്‍ തകര്‍ന്ന് വീണു. പാരച്യൂട്ടില്‍ പറന്നിറങ്ങിയ പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു. ബിക്കാനീര്‍ നഗരത്തില്‍ നിന്നും 12 കിലോ മീറ്റര്‍ മാറിയാണ് അപകടമെന്ന് പൊലീസ് അറിയിച്ചു.

ഇന്ന് ഉച്ചയോടെ രാജസ്ഥാനിലെ നാല്‍ എയര്‍ബേസില്‍ നിന്നും പരിശീലനത്തിനായി പറന്ന വിമാനമാണ് തകര്‍ന്നത്. പൈലറ്റ് സുരക്ഷിതനാണെന്നും അപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും  വ്യോമസേന പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ മാസം 12 ന് രാജസ്ഥാനിലെ ജയ്സാല്‍മറില്‍ മിഗ് വിമാനം തകര്‍ന്നുവീണിരുന്നു. മിഗ് 27 ആണ് അന്ന് തകര്‍ന്നത്. അന്നും പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. പരീക്ഷണ പറക്കലിനിടെയായിരുന്നു അപകടം സംഭവിച്ചത്.