Janayugom Online
മഴക്കെടുതി - കോട്ടയത്തുനിന്നുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയത് ജോമോന്‍ പമ്പാവാലി

പ്രളയസമാനമായ സാഹചര്യത്തിലും മലയാളികളെ കൊള്ളയടിച്ച് വിമാനക്കമ്പനികള്‍

Web Desk
Posted on August 10, 2019, 10:36 pm

ബേബി ആലുവ

കൊച്ചി: മഴക്കെടുതിയുടെ ഗൗരവ സാഹചര്യം പോലും കണക്കിലെടുക്കാതെ, വിശേഷാവസരങ്ങളില്‍ പതിവുള്ളതുപോലെ ഇക്കുറിയും വിമാനക്കമ്പനികള്‍ മലയാളികളെ കൊള്ളയടിക്കുന്നു കേരളത്തോടും മലയാളികളോടും യാതൊരു പരിഗണനയുമില്ലാതെ യാത്രക്കൂലി കുത്തനെ കൂട്ടിയതിനെതിരെ വന്‍ പ്രതിഷേധമാണുയരുന്നത്.
ബക്രീദ് മുന്നില്‍ക്കണ്ട് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കൂലിയില്‍ ദിവസങ്ങള്‍ക്ക് മുമ്പേ വലിയ വര്‍ദ്ധന വരുത്തിയിരുന്നു. യുഎഇയില്‍ നിന്ന് കേരളത്തിലേക്കു 40,000 രൂപ വരെയായി യാത്രക്കൂലി ഉയര്‍ന്നു.സാധാരണ അവസരങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന യാത്രക്കൂലിയുടെ പതിന്‍മടങ്ങാണ് പെരുന്നാളുകള്‍, ഓണം, വേനലവധി തുടങ്ങിയ അവസരങ്ങളില്‍ കമ്പനികള്‍ ഈടാക്കുന്നത്. സാധാരണ അവസരങ്ങളില്‍ സര്‍വീസ് നടത്തുമ്പോള്‍ വരുന്ന നഷ്ടം വിശേഷാവസരങ്ങളിലെ സര്‍വീസുകളില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് നികത്തിപ്പോകുന്നത് എന്നാണ് വിമാനക്കമ്പനികളുടെ വാദം. വിമാനക്കമ്പനികളെ നിയന്ത്രിക്കാന്‍ ചുമതലപ്പെട്ട, വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് യാത്രാക്കൂലി തോന്നും പടി കൂട്ടുന്നതില്‍നിന്ന് കമ്പനികളെ തടയാനുള്ള അവകാശാധികാരങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി അവരും തടിയൂരുന്നു.ഗതികേടിലാകുന്നത് കേരളീയരായ പ്രവാസികളും.
യാത്രക്കൂലിയില്‍ കുത്തനെയുണ്ടായ വര്‍ദ്ധനവു മൂലം കാലേക്കൂട്ടി ടിക്കറ്റുകള്‍ തരപ്പെടുത്താത്ത ഏറെപ്പേര്‍ കുടുംബമായി നാട്ടിലേക്കു വരാന്‍ കഴിയാത്ത അവസ്ഥയിലാണ്.ബക്രീദ് കഴിഞ്ഞു മടങ്ങുന്ന അവസരത്തില്‍ ഗള്‍ഫിലേക്കുള്ള യാത്രക്കൂലിയിലും ഈ വര്‍ദ്ധനവ് ഉണ്ടാകും. നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമം നടത്തിയാല്‍ കുടുംബമായി എത്തിയവര്‍ക്ക് ഒരേ ദിവസം തന്നെ ടിക്കറ്റ് കിട്ടണമെന്നുമില്ല. അപ്പോള്‍, അമിത നിരക്കില്‍ യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. മഴയും പ്രകൃതിക്ഷോഭവും കേരളത്തില്‍ നാശം വിതയ്ക്കുന്ന അവസ്ഥയില്‍പ്പോലും പ്രവാസികളെ ദ്രോഹിക്കുന്ന വിമാനക്കമ്പനികളുടെ ക്രൂരതയ്‌ക്കെതിരെ ചെറുവിരലനക്കാന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന പരാതിയും വ്യാപകമായുയരുന്നു.

ഇതിനിടെ, വെള്ളക്കെട്ടിനെ തുടര്‍ന്ന് ഇന്ന് വൈകുന്നേരം വരെ നെടുമ്പാശേരി വിമാനത്താവളം അടച്ചിടാന്‍ തീരുമാനിച്ചതോടെ, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്കുള്ള തിരക്കു വര്‍ദ്ധിച്ചതും വിമാനക്കമ്പനികള്‍ ചൂഷണം ചെയ്യുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളില്‍ നിന്ന് കേരളത്തിലെ ഇതര വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റിന് വന്‍ തുക ഈടാക്കുന്നതായാണ് ആക്ഷേപം. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നു വിദേശങ്ങളിലേക്കു പോകാന്‍ കാലേക്കൂട്ടി ടിക്കറ്റെടുത്ത വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാരും കടുത്ത ആശങ്കയിലാണ്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഇന്ത്യ, ഇത്തിഹാദ്, എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വെയ്‌സ്, ഒമാന്‍ എയര്‍,എയര്‍ ഇന്ത്യ തുടങ്ങിയ വിമാനക്കമ്പനികള്‍ തിരുവനന്തപുരത്തു നിന്നു വിദേശങ്ങളിലേക്കു യാത്രയ്ക്കുള്ള സൗകര്യം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും യാത്രക്കാര്‍ സ്വന്തം ചെലവില്‍ തിരുവനന്തപുരത്ത് എത്തണം എന്ന പ്രശ്‌നമുണ്ട്.വിദേശ വിമാനക്കമ്പനികളടക്കം വിമാനങ്ങളില്‍ സീറ്റ് സൗകര്യം വര്‍ദ്ധിപ്പിച്ചാണ് കൊച്ചിയില്‍ നിന്നുള്ള യാത്രക്കാരെ തിരുവനന്തപുരത്തു നിന്നു കൊണ്ടുപോകാന്‍ തയ്യാറാകുന്നത് എന്നതിനാല്‍ എത്ര പേര്‍ക്ക്, എപ്പോഴൊക്കെയാണ് പോകാന്‍ കഴിയുക എന്ന കാര്യത്തിലും ആശങ്ക നിലനില്‍ക്കുന്നു.