എല്ലാം മറന്ന രക്ഷാപ്രവര്‍ത്തനം; തിരിച്ചു പിടിച്ചത് നിരവധി ജീവനുകളെ

സുരേഷ് എടപ്പാള്‍

കരിപ്പൂര്‍

Posted on August 08, 2020, 11:06 pm

സുരേഷ് എടപ്പാള്‍

തോരാതെ പെയ്ത മഴയെയും കൂരിരുട്ടിനെയും അതിനേക്കാളേറെ ഭീതിപടര്‍ത്തുന്ന കോവിഡിനെയും ഒരു നിമഷം അവര്‍ മറന്നു. ഒരേ ഒരു ലക്ഷ്യം തകര്‍ന്നു വീണ വിമാനത്തിന്റെ അടുത്തുത്തെത്തുക എന്നതു മാത്രമായിരുന്നു. വിമാനത്താവളത്തിന്റെ മതില്‍ ചാടി, സുരക്ഷാ വേലികള്‍ ലംഘിച്ച് ജനം ഇരച്ചെത്തി. അലമുറയിട്ടു കരയുന്നവരെയും ചോരയില്‍ കുതിര്‍ന്ന് ബോധമറ്റവരെയും കോരിയെടുത്ത് അവര്‍ കുതിച്ചു. അതുവഴി വന്ന വാഹനങ്ങളെ കൈകാട്ടി നിര്‍ത്തി ആശുപത്രികളിലേക്ക് കുതിച്ചു.

Kozhikode plane crash: 17 dead, several injured as Air India ...

ആംബുലന്‍സിനുവേണ്ടി കാത്തു നില്‍ക്കാനൊന്നും തയ്യാറാകാതെ ലോറികളിലും ഓട്ടോറിക്ഷകളിലുമൊക്കെയായി കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ആരുടെയും നിര്‍ദ്ദേശം കൂടാതെ രക്ഷാപ്രവര്‍ത്തകര്‍ കുതിച്ചു. ആ നിമിഷങ്ങളില്‍ ആരുടെയും നിര്‍ദ്ദേശങ്ങള്‍ക്കായി അവര്‍ കാത്തുനിന്നില്ല. മിനുട്ടുകള്‍ കഴിഞ്ഞതോടെ ആ സേന വിപുലമായി. കൂടെ ഫയര്‍ഫോഴ്‌സ്, പൊലീസ്, റവന്യു, സിഐ എസ്എഫ്, ആരോഗ്യവകുപ്പ്, ട്രോമാ കെ­യര്‍ വളണ്ടിയര്‍മാര്‍ എല്ലാവരും ചേര്‍ന്നു. രണ്ടു മണിക്കൂറിനുള്ളില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 16 ആശുപത്രികളിലായി കരിപ്പൂരില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ 190 പേരേയും എത്തിക്കാനായി.

Air India flight crash: Locals rush passengers to hospital

രാത്രി എട്ടിനുണ്ടായ അപകടത്തില്‍ വിമാത്തിനകുത്തും പുറത്തുമായി കിടന്ന മുഴവന്‍ പേരെയും മഴയില്‍ കുതിര്‍ന്ന് നടത്തിയ സാഹസിക ദൗത്യത്തിലൂടെ റോഡിലെത്തിക്കുമ്പോള്‍ ഒരു ലക്ഷ്യം മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ എങ്ങിനെയെങ്കിലും ജീവന്‍ സംരക്ഷിക്കണം. നിരവധി ജീവനുകളാണ് രണ്ടും കല്‍പ്പിച്ച് നടത്തിയ ആ ജനകീയ രക്ഷാദൗത്യത്തെ തുടര്‍ന്ന് തിരിച്ചുപിടിക്കാനായത്. ദുരന്തഭൂമിയില്‍ എങ്ങിനെ പ്രവര്‍ത്തിക്കണമെന്ന് ഈ ലോകത്തിനുമുന്നില്‍ കൊണ്ടോട്ടി നിവാസികള്‍ ജീവിച്ചു കാണിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രകളിലെത്തിക്കുന്നതിനു പുറമേ അപകട സ്ഥലത്ത് വാവിട്ടു കരഞ്ഞ പിഞ്ചുകുട്ടികളെ കോരിയെടുത്ത് സുരക്ഷിത സ്ഥലത്തെത്തിച്ചും അവരെ രക്ഷിതാക്കളെ കണ്ടെത്തി ഏല്‍പ്പിച്ചു സന്നദ്ധ പ്രവര്‍ത്തകര്‍ മഹനീയ മാതൃകയായി.

Kerala plane crash: DGCA's investigation team, Union minister V ...

കവളപ്പറായുടെയും പാതാറിന്റെയയും നിലവിളികള്‍ക്ക് ഒരുവര്‍ഷം പൂര്‍ത്തിയാകുന്ന കറുത്ത ദിനത്തില്‍ കരിപ്പൂരില്‍ ഉയര്‍ന്നു കേട്ട ഭയാനക ശബ്ദം ചെന്നലച്ചത് സാധാരണക്കാരായ മനുഷ്യരുടെ കര്‍ണ്ണപുടങ്ങളിലായിരുന്നു. പ്രളയകാലത്തെ ചേര്‍ത്തുപിടിക്കല്‍ പോലെ മുണ്ടുമുറുക്കിയുടുത്ത് കര്‍മരംഗത്തേക്കിറങ്ങിയ ഒരുകൂട്ടം ആളുകള്‍ യാഥാര്‍ത്ഥത്തില്‍ വലിയ ജീവാപായ മുണ്ടാകുമായിരുന്ന കരിപ്പൂര്‍ വിമാനദുരന്തത്തെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. കൊണ്ടോട്ടിയും വിമാനത്താവളവുമടങ്ങുന്ന പ്രദേശവും കോവിഡ് കണ്ടെയ്ൻമെന്റ് സോണിലാണ്.

വന്ദേഭാരത് മിഷന്റെ ഭാഗമായി വന്ന യാത്രക്കാരായതിനാല്‍ പലര്‍ക്കും കോവിഡ് രോഗബാധ ഉണ്ടായിക്കുമെന്ന വ്യക്തമായ ബോധ്യമുണ്ടായിട്ടും അതൊന്നും കണക്കിലെടുക്കാതെ നടത്തിയ ജീവന്‍ രക്ഷാപ്രവര്‍ത്തനം മാനവികതയുടെ ഉണര്‍ത്തുപാട്ടായി. യാത്രക്കാരെ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റുകയും ബാഗേജുകള്‍ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്തു. പരിക്കേറ്റവരുടെ ജീവന്‍ രക്ഷിക്കുന്നതിനായി പാതിരാത്രിയിലും മറ്റെല്ലാ ബുദ്ധിമുട്ടുകളും മാറ്റിവച്ച് സേവനസന്നദ്ധരായ കോഴിക്കോട്, മലപ്പുറം ജില്ലയിലെ ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരും ആശുപത്രി മാനേജ്‌മെന്റും ആംബുലന്‍സ്, ടാക്‌സി-സ്വകാര്യ വാഹന ഡ്രൈവര്‍മാരും രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം കൈകോര്‍ക്കുകയായിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ മലപ്പുറം, കോഴിക്കോട് ജില്ലാ കളക്ടർമാര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങളെ ഏകോപിക്കുകയും ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരുകയും ചെയ്തു.

വലിയ കൈയ്യടിയാണ് സോഷ്യല്‍ മീഡിയ കൊണ്ടോട്ടി ജനതയുടെ രക്ഷാപ്രവര്‍ത്തനത്തിനും സ്‌നേഹത്തിനും നല്‍കിയത്. സ്വന്തം ജീവന്‍ പോലും മറന്നുള്ള ദൗത്യത്തെ കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിംഗ് പുരി, വി മരളീധരന്‍, സ്പീക്കര്‍ ശ്രീരാമകൃഷ്ണ്‍, മന്ത്രിമാരായ വി എസ് സുനില്‍കുമാര്‍, കെ ടി ജലീല്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, പി കെ കുഞ്ഞാലിക്കുട്ടി എംപി തുടങ്ങി നിരവധി പേര്‍ അഭിനന്ദിച്ചു. രക്ഷാ പ്രവര്‍ത്തകര്‍ കോറന്റൈനില്‍ പോകണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പലരും അര്‍ധരാത്രിമുതല്‍ തന്നെ സ്വയം കോറന്റൈനിൽ പ്രവേശിച്ചിരുന്നു.

 

Eng­lish sum­ma­ry: air­plane crash in kozhikode fol­lowup sto­ry

You may also like this video:

 

You mAY