വിമാനം പാകിസ്ഥാനിലേയ്ക്ക് തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി സന്ദേശം

Web Desk

മുംബൈ

Posted on February 23, 2019, 7:16 pm

വിമാനം തട്ടിക്കൊണ്ടു പോകുമെന്നു ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം. എയര്‍ ഇന്ത്യയുടെ കണ്‍ട്രോള്‍ റൂമിലേക്ക് ഇന്ന് ഉച്ചയ്ക്ക് ലഭിച്ച ഭീഷണി സന്ദേശമാണ് വിമാനത്താവളത്തെ പരിഭ്രാന്തിയിലാക്കിയത്. ഇതിനെ തുടര്‍ന്ന്, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ജാഗ്രതാ നിര്‍ദ്ദേശത്തിന് ഉത്തരവിട്ടു. മുംബൈയില്‍ വന്നു പോകുന്ന എല്ലാ എയര്‍ ലൈന്‍ സര്‍വ്വീസുകളോടും കര്‍ശനമായ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുവാനും ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ എയര്‍ ലൈന്‍സിന്‍റെ വിമാനം പാകിസ്ഥാനിലേക്ക് തട്ടിക്കൊണ്ടു പോകുമെന്നായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന എയര്‍ ഇന്ത്യ ഓഫീസര്‍ക്ക് കണ്ട്രോള്‍ റൂമില്‍ ലഭിച്ച ഫോണ്‍ സന്ദേശം.ഇതിന്‍റെ അടിസ്ഥാനത്തില്‍ അടിയന്തരമായി മുംബൈ വിമാനത്താവളങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കുവാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയ സുരക്ഷാ സേനയുടെ മേല്‍നോട്ടത്തിലാണ് സുരക്ഷാ നടപടികള്‍ കൈകൊണ്ടത്.

ഇതോടെ, ടെര്‍മിനല്‍ ഭാഗത്തേക്കുള്ള പ്രവേശനം കര്‍ശന നിയന്ത്രത്തിലായി. എല്ലാ വാഹനങ്ങളും യാത്രക്കാരും ജോലിക്കാരുമടക്കമുള്ളവരെ കര്‍ശന പരിശോധനക്ക് വിധേയമാക്കിയതിന് ശേഷമാണ് പ്രധാന കവാടത്തിലൂടെ കടത്തിവിടുന്നത്. കാറുകളില്‍ ബോംബ് വയ്ക്കുവാനുള്ള സാധ്യതകളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. വിമാനത്താവളത്തിലെ സിസിടിവി നിരീക്ഷണ കേന്ദ്രങ്ങളും ജാഗ്രതയിലാണ്. രണ്ടിടങ്ങളിലായി മഹാരാഷ്ട്രാ സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസിനുള്ളില്‍ നിന്ന് നാടന്‍ബോംബുകളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിരുന്നു.