Tuesday
19 Mar 2019

സിറിയയില്‍ യുഎസ് വ്യോമാക്രമണം; പശ്ചിമേഷ്യ യുദ്ധനിഴലില്‍

By: Web Desk | Saturday 14 April 2018 10:01 PM IST


  • ആക്രമണം രാസായുധ സംഭരണശാലകള്‍ക്ക് നേരെയെന്ന് യുഎസും സഖ്യശക്തികളും
  • ഭൂരിഭാഗം മിസൈലുകളും സിറിയന്‍ സൈന്യം വെടിവെച്ചിട്ടു

ദമാസ്‌കസ്: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാക്കി സിറിയയില്‍ അമേരിക്ക-ബ്രിട്ടന്‍-ഫ്രാന്‍സ് കുറുമുന്നണിയുടെ വ്യോമാക്രമണം. ദൗമയില്‍ സിറിയന്‍ സൈന്യം രാസായുധാക്രമണം നടത്തിയെന്ന ആരോപണത്തിന്റെ മറവിലാണ് മിസൈല്‍ ആക്രമണം,
ആക്രമണം നടത്തിയ വിവരം യുഎസ് പ്രസിഡന്റ് ട്രംപ് അടക്കം മൂന്ന് രാഷ്ട്രത്തലവന്മാരും സ്ഥിരീകരിച്ചു. അതേസമയം ആക്രമണത്തെ ചെറുത്തെന്ന് സിറിയ വ്യക്തമാക്കി. ശക്തമായി തിരിച്ചടിക്കുമെന്ന് റഷ്യയും വ്യക്തമാക്കിയതോടെ പശ്ചിമേഷ്യ സംഘര്‍ഷഭരിതമായി. ആക്രമണത്തിനെതിരെ ഇറാനും ശക്തമായി രംഗത്തെത്തി.

വിമതസൈന്യത്തിന്റെ വെല്ലുവിളികളെ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സൈന്യം ഏതാണ്ട് പൂര്‍ണ്ണമായി തകര്‍ത്ത പശ്ചാത്തലത്തിലാണ് യുഎസും സഖ്യശക്തികളും നേരിട്ട് ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്.

മെഡിറ്ററേനിയന്‍ കടലിലുള്ള യുഎസ് യുദ്ധക്കപ്പലുകളും അല്‍താന്‍ഫ് മേഖലയിലെത്തിയ ബി1-ബി ബോംബറുകളുമാണ് ആക്രമണം നടത്തിയത്. സിറിയക്ക് നേരെ വന്ന മിക്ക മിസൈലുകളും വെടിവച്ചിട്ടതായാണ് വിവരം. തലസ്ഥാനത്തും പ്രധാന നഗരങ്ങളിലും സ്ഥാപിച്ച റഷ്യന്‍ നിര്‍മ്മിത എസ്-125, എസ്-200 മിസൈല്‍ പ്രതിരോധ സംവിധാനങ്ങളാണ് പാശ്ചാത്യ സഖ്യസേനയുടെ മിസൈലുകള്‍ തകര്‍ത്തത്. 103 മിസൈലുകള്‍ സഖ്യസേന തൊടുത്തുവിട്ടുവെന്നും കൂടുതലും സൈന്യം വെടിവച്ചിട്ടെന്നും സൈനികത്താവളങ്ങള്‍ക്കൊന്നും കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും സിറിയന്‍ സൈനിക ഉദ്യോഗസ്ഥന്‍ അലി മയ്ഹൂബ് മാധ്യമങ്ങളോട് പറഞ്ഞു.

71 ക്രൂയിസ് മിസൈലുകള്‍ വീഴ്ത്തിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ടാര്‍ടുസ്, മെയ്മിം എന്നിവിടങ്ങളിലുള്ള റഷ്യന്‍ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിക്കേണ്ടിവന്നിട്ടില്ലെന്നും റഷ്യ അറിയിച്ചു. ഇവിടെ അത്യാധുനിക എസ് 400, എസ് 300 മിസൈല്‍ വേധ സംവിധാനങ്ങളുണ്ട്. കൂടാതെ പാന്റ്‌സിര്‍ എസ്1 മിസൈല്‍ സംവിധാനവും റഷ്യന്‍ സൈനികത്താവളങ്ങളിലുണ്ട്.

ഹോംസ് നഗരത്തിലെ സൈനിക കേന്ദ്രത്തിന് നേരെ 15 മിസൈലാക്രമണം നടത്തിയെന്ന് ബ്രിട്ടീഷ് സൈന്യം അറിയിച്ചു. ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്‌സിന്റെ നാല് ടൊര്‍ണാഡോ ജെറ്റുകളാണ് യുഎസിനൊപ്പം ചേര്‍ന്നത്. സ്‌റ്റോം ഷാഡോ ക്രൂയിസ് മിസൈലുകളാണ് ഇവ സിറിയയിലെ ലക്ഷ്യങ്ങളിലേക്ക് ഉതിര്‍ത്തത്. ഫ്രാന്‍സിന്റെ സെയ്ന്റ് ദിസിയര്‍ വ്യോമത്താവളത്തില്‍ നിന്നുള്ള റഫാലെ ജെറ്റ് വിമാനങ്ങളും ആക്രമണത്തില്‍ പങ്കെടുത്തു.
ദമാസ്‌ക്കസിലെ സിറിയന്‍ സയന്റിഫിക് റിസര്‍ച്ച് കേന്ദ്രം ആക്രമിക്കപ്പെട്ടതായി മനുഷ്യാവകാശ സംഘടനയായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. ആക്രമണം തുടരാന്‍ ഉദ്ദേശമില്ലെന്നും ശക്തമായ സന്ദേശം നല്‍കുകയാണ് ലക്ഷ്യമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് വ്യക്തമാക്കി.

നേരത്തേ തയാറാക്കിയെടുത്ത ഒരു പദ്ധതിയാണ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നതെന്നും ഇത്തരം നടപടികള്‍ക്കെല്ലാം കൃത്യമായ തിരിച്ചടിയുണ്ടാകുമെന്നും യുഎന്നിലെ റഷ്യന്‍ അംബാസഡര്‍ അനറ്റലി ആന്റനോവ് മറുപടി നല്‍കി. ലോകത്ത് ഏറ്റവുമധികം രാസായുധം ശേഖരിച്ചു വച്ചിരിക്കുന്ന യുഎസിന് സിറിയയെ വിമര്‍ശിക്കാന്‍ യാതൊരു അധികാരവുമില്ലെന്നും ആന്റനോവ് പ്രസ്താവനയില്‍ പറഞ്ഞു.

വിമതരുടെ ശക്തികേന്ദ്രമായിരുന്ന കിഴക്കന്‍ ഗൗത്തയിലെ ദൗമയില്‍ ഏപ്രില്‍ ഏഴിന് നടന്ന രാസായുധാക്രമണത്തില്‍ എഴുപതോളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഇവിടെ രാസായുധം ഉപയോഗിക്കപ്പെട്ടതായി കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. സ്വതന്ത്രമായ അന്വേഷണം നടത്താന്‍ സഹകരിക്കാമെന്ന് സിറിയന്‍ സര്‍ക്കാരും അറിയിച്ചിരുന്നു. അതിനിടെ ദമാസ്‌കസില്‍ അമേരിക്കന്‍ ആക്രമണത്തിനെതിരെ ജനങ്ങള്‍ അണിനിരന്ന കൂറ്റന്‍ പ്രകടനങ്ങള്‍ നടന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സിറിയയിലെയും ലബനോനിലെയും മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

പരമാധികാര രാഷ്ട്രത്തിന് എതിരെയുള്ള വെല്ലുവിളി: പുടിന്‍

മോസ്‌കോ: അമേരിക്ക സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ഐക്യരാഷ്ട്ര സഭയുടെ ചട്ടങ്ങളും അന്താരാഷ്ട്ര നിയമങ്ങളും കാറ്റില്‍ പറത്തിയാണ് അമേരിക്കയും സഖ്യകക്ഷികളും സിറിയയില്‍ ആക്രമണം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഭീകരവാദത്തിനെതിരെ മുന്‍പന്തിയില്‍നില്‍ക്കുന്ന പരമാധികാര രാഷ്ട്രത്തിനെതിരായാണ് അമേരിക്ക ആക്രമണം നടത്തുന്നത്. അമേരിക്കയുടെ പ്രകോപനം സിറിയന്‍ ജനതയുടെ ജീവിതം ദു:സഹമാക്കുമെന്നും അന്താരാഷ്ട്രതലത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും പുടിന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയുടെ യോഗം ചേരുന്നതിന് അടിയന്തരമായി റഷ്യ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ പുടിന്‍ വ്യക്തമാക്കി.

Related News