Friday
19 Jul 2019

അത് ഏകാധിപത്യ നിലപാട്: എസ് എഫ് ഐക്കെതിരെ കടുത്ത വിമർശനവുമായി എ ഐ എസ് എഫ് 

By: Web Desk | Tuesday 18 June 2019 2:36 PM IST


കോട്ടയം: കാമ്പസില്‍ എസ് എഫ് ഐ സ്വീകരിക്കുന്നത് ഏകാധിപത്യ നിലപാടെന്ന് എ ഐ എസ് എഫ്. കാമ്പസുകളില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായി എസ് എഫ് ഐ മാത്രം മതിയെന്ന സമീപനത്തിലാണവര്‍. ഇത് ഇടതുപക്ഷ ഐക്യത്തെ പിന്നോട്ടടിക്കുമെന്നും എ ഐ എസ് എഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇടതുപക്ഷം വര്‍ദ്ധിത യോജിപ്പോടെ നില്‍ക്കേണ്ട കാലയളവില്‍ എസ് എഫ് ഐ നേതൃത്വം നിലപാട് തിരുത്തണം. ഇടതുപക്ഷം ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് നവതലമുറയെ ഇടതുവിരുദ്ധരാക്കാനേ ഇത്തരം സമീപനങ്ങള്‍ ഉപകരിക്കൂ. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സംഘപരിവാര്‍ ഭീകരതയ്ക്ക് എതിരെ പുരപ്പുറത്ത് കയറി പ്രസംഗിക്കുന്ന എസ് എഫ് ഐ  കേരളത്തില്‍ അതേ ഫാസിസമാണ് നടപ്പിലാക്കുന്നത്.

സി എം എസ് കാമ്പസില്‍ എസ് എഫ് ഐയുടെ അക്രമിസംഘത്തിലെ പ്രധാനപ്പെട്ട നേതാവായ ആശിഷ് കരിഞ്ഞൂരാന്‍, എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി നീരജ്, പ്രസിഡന്റ് അര്‍ജുന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള അക്രമി സംഘമാണ് എ ഐ എസ് എഫിന് നേരെ നിരന്തരം ആക്രമണം നടത്തുന്നത്. സി എം എസില്‍ എസ് എഫ് ഐ  മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്ന വിചിത്രമായ നിലപാടാണ് സ്വീകരിക്കുന്നത്. ശനിയാഴ്ച രാത്രി കോട്ടയം ടൗണില്‍ എ ഐ എസ് എഫിന്റെ പോസ്റ്റര്‍ ഒട്ടിക്കുകയായിരുന്ന പ്രവര്‍ത്തകരെ സി എം എസ് കോളെജ് ജംഗ്ഷനില്‍ എസ് എഫ് ഐ ഗുണ്ടകള്‍ തടയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സംഭവം അറിഞ്ഞെത്തിയ എ ഐ എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന കമ്മറ്റിയംഗം, ജില്ലാ സെക്രട്ടറി, ജില്ലാ ജോയിന്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ള അംഗങ്ങളെയും എസ് എഫ് ഐ ക്രിമിനല്‍ സംഘം ആക്രമിച്ചു.

കാമ്പസിന് പുറത്ത് പൊതുവഴിയില്‍ പോലും എ ഐ എസ് എഫിന് ഒരു കൊടി കെട്ടണമെങ്കിലോ ഒരു പോസ്റ്റര്‍ പതിപ്പിക്കണമെങ്കിലോ എസ് എഫ് ഐയോട് അനുവാദം ചോദിക്കണമെന്ന ആഗ്രഹത്തിലാണ് എസ് എഫ് ഐ. നവാഗതരെ സ്വാഗതം ചെയ്ത് കാമ്പസിന് പുറത്ത് സ്ഥാപിച്ചിരുന്ന എ ഐ എസ് എഫിന്റെ ബോര്‍ഡുകളും കൊടികളും 20ന് എ ഐ എസ് എഫ് സംഘടിപ്പിക്കുന്ന ഡിഡിഇ ഓഫീസ് മാര്‍ച്ചിന്റെ പോസ്റ്ററുകളും ഇവര്‍ നശിപ്പിച്ചു.

ജനാധിപത്യപരമായി ഒരു തെരഞ്ഞെടുപ്പില്‍ പോലും മല്‍സരിക്കാന്‍ അനുവദിക്കാതെ യാതൊരു വിധ സംഘടനാ പ്രവര്‍ത്തനവും കാമ്പസിന്റെ അകത്തും പുറത്തും അനുവദിക്കാതെ യൂണിവേഴ്‌സിറ്റി കോളേജ് മോഡലാണ് എസ് എഫ് ഐ  സി എം എസിലും നടപ്പാക്കാന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ വര്‍ഷം കോളെജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എ ഐ എസ് എഫ് ജില്ലാ സെക്രട്ടറിയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. എസ് എഫ് ഐയ്ക്ക് എതിരെ മത്സരിച്ചു എന്നതിന്റെ പേരില്‍ സെക്രട്ടറിയെ ആക്രമിച്ചു. എം ജി കലോത്സവം ആരംഭിക്കുന്ന സമയത്തും എ ഐ എസ് എഫ് പ്രവര്‍ത്തകരെ കാമ്പസിന് മുമ്പില്‍ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. നവാഗതരെ സ്വീകരിക്കാന്‍ എത്തിയപ്പോഴും ആക്രമിച്ചു. കഴിഞ്ഞ കുറെനാളുകളായി സി എം എസ് കോളെജില്‍ എ ഐ എസ് എഫ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നേരെ എസ് എഫ് ഐ നിരന്തരം ആക്രമണം അഴിച്ചുവിടുകയാണെന്നും എ ഐ എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ ഋഷിരാജ്, സംസ്ഥാന കമ്മറ്റിയംഗം എസ് ഷാജോ,  ജില്ലാ സെക്രട്ടറി നന്ദു ജോസഫ്, സി എം എസ് കോളെജ് യൂണിറ്റ് സെക്രട്ടറി ശരത് കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

Related News