Thursday
19 Sep 2019

സംഘപരിവാര്‍ വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കുന്നു: മുഖ്യമന്ത്രി

By: Web Desk | Sunday 4 August 2019 11:19 PM IST


തിരുവനന്തപുരം: ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍ എന്ന ആപ്തവാക്യം സാക്ഷാത്കരിക്കാനുള്ള ഉപാധികളില്‍ ഒന്നായാണ് രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ സംഘപരിവാര്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈവിധ്യപൂര്‍ണമായ ഇന്ത്യന്‍ സംസ്‌ക്കാരത്തെ അവര്‍ ഏകമുഖ ഹൈന്ദവ സംസ്‌ക്കാരമായി വ്യാഖ്യാനിക്കുകയാണ്. ചരിത്രത്തെ തിരുത്തി എഴുതാനും വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കാനുമാണ് സംഘപരിവാര്‍ ശ്രമം. അതിനായി അക്കാദമിക് സ്ഥാപനങ്ങളുടെ മതനിരപേക്ഷത ചോര്‍ത്തിക്കളഞ്ഞ് അവയെ വര്‍ഗീയതുടെ രാഷ്ട്രീയം കുത്തിനിറച്ചും സിലബസില്‍പോലും വര്‍ഗീയ വിദ്വേഷം പുലര്‍ത്തുംവിധം പൊളിച്ച് എഴുതുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന വിദ്യാഭ്യാസ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സംഘപരിവാര്‍ കാലത്ത് മതേതര വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികള്‍’ എന്നതായിരുന്നു വിഷയം.

ഇന്ത്യന്‍ വിദ്യാഭ്യാസമേഖലയെ തങ്ങളുടെ ചൊല്‍പ്പടിയില്‍ നിര്‍ത്താനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ഇതിനെ ചെറുക്കാന്‍ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ രാജ്യവ്യാപകമായി ശക്തമായി രംഗത്തുണ്ടെന്നത് ഏറ്റവും ആവേശകരമാണ്. ഇന്ത്യയില്‍ ഇടതുപക്ഷം ശക്തമല്ലാത്ത ഇടങ്ങളില്‍ വിദ്യാര്‍ഥികള്‍ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ക്കൊപ്പം അണിനിരക്കുന്നത് ഈ ഒരു കാഴ്ചപ്പാടോട് കൂടിയാണ്. അത്തരത്തില്‍ സംഘപരിവാറിനെതിരായ വിദ്യാര്‍ഥി ഐക്യം ഇന്ത്യയിലെ പ്രശസ്തമായ ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങളിലും വന്നുകഴിഞ്ഞു. ഡല്‍ഹിയിലെ ജെഎന്‍യു, ഹൈദ്രാബാദ് എച്ച്‌സിയു, മദ്രാസ് ഐഐടി, പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, യാഥവ്പൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഹിമാചല്‍പ്രദേശ്,രാജസ്ഥാന്‍,ഗുജറാത്ത് എന്നിവിടങ്ങളിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കഴിഞ്ഞകാലങ്ങളിലെ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ ഇത് തെളിയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ മതനിരപേക്ഷ പുരോഗമന നിലനില്‍പ്പിനെക്കുറിച്ചും മുന്നേറ്റത്തെക്കുറിച്ചും വിദ്യാര്‍ഥി സമൂഹം വലിയരീതിയില്‍ തല്‍പ്പരരാണെന്ന് ഇത് വ്യക്തമാക്കുന്നു.

പൊതുമേഖല സ്ഥാപനങ്ങള്‍ ഒന്നിനുപിറകേ ഒന്നായി സ്വകാര്യവല്‍ക്കരിച്ച് ഇല്ലാതാക്കിയതിനു പിന്നാലെ രാജ്യത്തെ വിദ്യാഭ്യാസമേഖലയാകെ സ്വകാര്യവല്‍ക്കരിക്കാനുള്ള ശ്രമം ബിജെപി സര്‍ക്കാര്‍ ആംഭിച്ചുകഴിഞ്ഞു. അതിനുള്ള ഉപകരണമാണ് നാഷണല്‍ എഡ്യൂക്കേഷന്‍ പോളിസി (എന്‍ഇപി) എന്ന് തിരിച്ചറിയണം. രാജ്യത്ത് വിദ്യാഭ്യാസം നടത്തുന്ന വിദ്യാര്‍ഥികളില്‍ 70 ശതമാനവും സ്വകാര്യ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള എന്‍ഇപിയില്‍ കൂടുതല്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരണമെന്നാണ് ശ്രമിക്കുന്നത്. വിദ്യാഭ്യാസം ലഭിക്കുന്ന കുട്ടികള്‍ക്ക് തൊഴിലുകള്‍ നേടിയെടുക്കാന്‍ കഴിയുന്ന വൈദഗ്ധ്യവും ശേഷിയും വേണമെന്നതില്‍ തര്‍ക്കമില്ല. ഒരു പ്രത്യേക മേഖലയില്‍ കൂടുതല്‍ തൊഴിലവസരം ലഭ്യമാണെങ്കില്‍ അതിനുതകുന്ന കഴിവ് വിദ്യാര്‍ഥികള്‍ക്ക് ആര്‍ജിക്കാന്‍ പറ്റുന്ന കോഴ്‌സുകള്‍ ഉണ്ടാവുകയെന്നതിന് ആരും എതിരല്ല. എന്നാല്‍ അതിന്റെ മറവില്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ ആകെ കുത്തകകളെ ഏല്‍പ്പിച്ചുകൊടുക്കുകയെന്ന സമീപനത്തോട് യോജിക്കാനാവില്ല. മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറ്റവും പ്രധാനമായ മതനിരപേക്ഷത, ശാസ്ത്രബോധം, സമത്വം ഇവയൊക്കെ യാഥാര്‍ത്ഥ്യമാക്കാന്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമേ കഴിയൂ. അവയ്ക്ക് തുരങ്കം വയ്ക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. വിദ്യാഭ്യാസം പൊതുസേവനമാണ് എന്നതാണ് നേരത്തെ ഉണ്ടായിരുന്ന കാഴ്ചപ്പാട്. അതില്‍ നിന്നും വ്യതിചലിച്ചുള്ള നിലപാടുമായാണ് രാജ്യത്തെ ഭരണസംവിധാനം എത്തിനില്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സെമിനാറില്‍ ചീഫ് വിപ്പ് കെ രാജന്‍ മോഡറേറ്ററായി. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ പ്രകാശ്ബാബു, റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍, കെ എസ് ശബരീനാഥന്‍ എംഎല്‍എ എന്നിവര്‍ പ്രസംഗിച്ചു. ശുഭേഷ് സുധാകരന്‍ സ്വാഗതവും പി കബീര്‍ നന്ദിയും പറഞ്ഞു.

Related News