രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (ആർജിസിബി) കാമ്പസിന് ഗോൾവാൾക്കറുടെ പേര് നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ എഐഎസ്എഫ് പ്രവർത്തകർ മാർച്ച് നടത്തി. പൂജപ്പുരയിൽ നിന്നും ആർജിസിബി ആസ്ഥാനത്തേയ്ക്ക് നടത്തിയ മാർച്ച് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ജെ അരുൺ ബാബു ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് അധികാരത്തിലിരിക്കുന്ന സംഘപരിവാർ സർക്കാർ മതേതരത്വത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന സമീപനമാണ് ഈ തീരുമാനത്തിലൂടെ കൈകൊണ്ടതെന്ന് അരുൺബാബു പറഞ്ഞു. മതരാഷ്ട്രമായി ഭാരതത്തെ മാറ്റിത്തീർക്കാനുള്ള ഗൂഢശ്രമമാണിത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റികൊടുത്ത ഗോൾവാൾക്കറുടെ പേര് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ശാസ്ത്ര സ്ഥാപനത്തിന് നൽകുന്നതിലൂടെ സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കുകയാണ്. മോഡി സർക്കാർ അധികാരത്തിൽ വന്നശേഷം വിദ്യാഭ്യാസമേഖലയാകെ കാവി വൽക്കരിക്കുകയാണ്.
രാജ്യത്തിന്റെ ചരിത്രം അവകാശപ്പെടാനില്ലാത്ത ബിജെപി, ചരിത്രത്തെ പുനഃസൃഷ്ടിക്കാൻ നടത്തുന്ന ഇത്തരം നീക്കങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.
എഐഎസ്എഫ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ശരൺ ശശാങ്കൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കണ്ണൻ എസ് ലാൽ സ്വാഗതവും മിഥുൻ ഷാജി നന്ദിയും പറഞ്ഞു. കാലടി ജയചന്ദ്രൻ, ആർ എസ് രാഹുൽ രാജ് എന്നിവർ സംസാരിച്ചു.
English Summary: AISF march against naming the research institute Golwalkar
You may like this video also