Tuesday
19 Feb 2019

പ്രതിരോധമൊരുക്കാനുള്ള ആഹ്വാനമായി എഐഎസ്എഫ് ദേശീയ സമ്മേളനം

By: Web Desk | Wednesday 26 September 2018 10:44 PM IST

 ശുഭേഷ് സുധാകരന്‍

ഇന്ത്യന്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ നാല് നാളുകള്‍ നീണ്ടുനില്‍ക്കുന്ന 29-ാം ദേശീയ സമ്മേളനത്തിന് ആന്ധ്രപ്രദേശിലെ അനന്തപൂരില്‍ ഇന്ന് കൊടി ഉയരുകയാണ്.
സ്വാതന്ത്ര്യ സമ്പാദന പോരാട്ടഭൂമിയില്‍ പിറവിയെടുത്ത എഐഎസ്എഫ് വര്‍ത്തമാനകാലത്ത് വര്‍ഗീയ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ഉജ്ജ്വല ചെറുത്തുനില്‍പ്പുകള്‍ക്ക് അഭിമാനകരമായ നേതൃത്വം നല്‍കി വരികയാണ്. ഇന്ത്യയുടെ യുവത്വവും കലാലയങ്ങളും തങ്ങള്‍ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ച നരേന്ദ്രമോഡിക്കും സംഘപരിവാര്‍ ഭരണകൂടത്തിനും ശക്തമായ വെല്ലുവിളി സൃഷ്ടിക്കുന്നത്, സ്വാതന്ത്ര്യ സമരകാലത്തെന്ന പോലെതന്നെ ഇന്നും ഇന്ത്യയിലെ ക്യാമ്പസുകളാണ്.

സംഘപരിവാര്‍ ഭീകരതയുടെ ബീഭത്സമുഖം കണ്ട് ഇന്ത്യന്‍ മതേതര മനസുകള്‍ പകച്ചു നിന്നപ്പോള്‍ ഫാസിസത്തെ ചെറുക്കുവാനും പ്രതിരോധനിര തീര്‍ക്കുവാനും സാധ്യമാണെന്ന് തെളിയിച്ച ഐതിഹാസിക ലോങ് മാര്‍ച്ചിന് എഐഎസ്എഫും എഐവൈഎഫും നേതൃത്വം നല്‍കിയത് ഈ സമ്മേളന കാലയളവിലാണ്.
ഫാസിസത്തിനെതിരായ പ്രതിരോധത്തിന് ക്യാമ്പസുകളില്‍ നിന്നും രാജ്യവ്യാപകമായി ആഹ്വാനം ഉയരുമ്പോള്‍ മതേതര വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ പൊതു ഐക്യവേദി എഐഎസ്എഫ് മുന്നോട്ടുവെച്ച നിലപാടാണ്.
അറിവിന്റെ ഉറവിടങ്ങളെ തമസ്‌കരിക്കാനും വിദ്യാഭ്യാസമേഖലയില്‍ വര്‍ഗീയ അജന്‍ഡ നടപ്പാക്കാനും കേന്ദ്രസര്‍ക്കാര്‍ വ്യഗ്രത കാട്ടുകയാണ്. ഉന്നതവിദ്യാഭ്യാസ മേഖലയുടെ തലപ്പത്ത് ആര്‍എസ്എസ് പാര്‍ശ്വവര്‍ത്തികളെ പ്രതിഷ്ഠിക്കാനും പാഠ്യപദ്ധതിയില്‍ സവര്‍ണ്ണ ഹൈന്ദവത പ്രചരിപ്പിക്കാനും സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ വലിയ പ്രക്ഷോഭങ്ങളാണ് ഈ രാജ്യത്ത് ഉയര്‍ത്തിയത്.

ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ ദളിത് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകന്‍ രോഹിത് വെമുലയുടെ ആത്മഹത്യയാണ് ഇന്ത്യയുടെ കേന്ദ്ര യൂണിവേഴ്‌സിറ്റികളില്‍ പ്രതിരോധങ്ങളുടെ പ്രവാഹങ്ങള്‍ക്ക് തുടക്കംകുറിച്ചത്.
പിന്നീട് ക്യാമ്പസുകളാണ് രാജ്യത്തിലെ രാഷ്ട്രീയഗതിയെ നിര്‍ണയിച്ചത്. മോഡി ഗവണ്‍മെന്റിന്റെ സ്ഥാനാരോഹണത്തിന് ശേഷം ശക്തമായ ചെറുത്തുനില്‍പ്പുകളുടെ ഇടങ്ങളായി ക്യാമ്പസുകള്‍ രൂപപ്പെടുന്നു എന്നത് മതനിരപേക്ഷ മനസുകള്‍ക്ക് പ്രത്യാശ നല്‍കുന്ന വസ്തുതയാണ്.

ഉയര്‍ന്ന ചിന്തയും സാമൂഹ്യരാഷ്ട്രീയ ചിന്താഗതികളും പൊതുസമൂഹത്തിന് പങ്കുവയ്ക്കുന്ന ജെഎന്‍യു പോലെയുള്ള സര്‍വകലാശാലകളുടെ അടിവാരം ഇളക്കിയേ അടങ്ങൂ എന്ന പ്രതികാരബുദ്ധിയോടെ പെരുമാറുന്ന ഭരണകൂടത്തിനെതിരായ മുന്നേറ്റത്തില്‍ ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥി സമൂഹത്തെയും അണി നിരത്താന്‍ കനയ്യ അടക്കമുള്ള വിദ്യാര്‍ത്ഥി നേതാക്കന്മാര്‍ക്ക് കഴിഞ്ഞു എന്നത് ശുഭസൂചനയാണ്.
ശബ്ദിക്കുന്ന നാവുകളെ, പ്രതികരിക്കുന്ന തൂലികകളെ, ചിന്തിക്കുന്ന മസ്തിഷ്‌കങ്ങളെ നിശബ്ദമാക്കാന്‍ സംഘപരിവാര്‍ ഭരണകൂടത്തിന്റെ തണല്‍ ഉപയോഗപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ ക്യാമ്പസുകള്‍ക്ക് നിശബ്ദമാകാന്‍ കഴിയില്ല. ചെന്നൈ ഐഐടിയില്‍, പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലും, പോണ്ടിച്ചേരി സര്‍വകലാശാലയിലും അടക്കം രാജ്യത്തെ 40 കേന്ദ്രസര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥിസമൂഹം തൊടുത്ത ഫാസിസ്റ്റ് വിരുദ്ധ മുദ്രാവാക്യം രാജ്യത്തെ തെരുവുകള്‍ ഏറ്റെടുത്തു.

വിറളിപിടിച്ച സംഘ്പരിവാര്‍ ഇപ്പോള്‍ പുതിയൊരായുധം, നഗരങ്ങളിലെ ഉന്നത ചിന്താഗതിയുള്ള, പുരോഗമനവാദികളായ ബുദ്ധിജീവികളെ ഉന്മൂലനം ചെയ്യുവാനായി പുറത്തെടുത്തിരിക്കുകയാണ്. നഗരങ്ങളിലെ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരും വിദ്യാഭ്യാസ വിചക്ഷണന്മാരും ”നഗര നക്‌സലുകള്‍” ആണത്രെ. സംഘപരിവാര്‍ ദളിത് ജനതയ്‌ക്കെതിരെ മഹാരാഷ്ട്രയിലെ ഭീമകൊരേഗാവില്‍ നടത്തിയ നിന്ദ്യമായ ആക്രമണങ്ങള്‍ക്ക് മറയിടുവാനായി രാജ്യത്തെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരും എഴുത്തുകാരും അധ്യാപകരുമൊക്കെയായ ഹൈദരാബാദിലെ വരവരറാവു, ഡല്‍ഹിയിലെ ഗൗതം നലവാഖ, ഹരിയാനയിലെ സുധാ ഭരദ്വാജ്, മഹാരാഷ്ട്രയിലെ അരുണ്‍ ഫെറാറിയ, വെര്‍ണോണ്‍ ഗോണ്‍സല്‍വസ് എന്നിവരെ ഈ സംഭവവുമായി ബന്ധപ്പെടുത്തി പൂനെ പൊലീസ് അറസ്റ്റുചെയ്തപ്പോള്‍ രാജ്യത്തെ പരമോന്നത കോടതിതന്നെ ഇടപെട്ട് തടയുകയും വിയോജിക്കുവാനുള്ള അവകാശം സമൂഹത്തിന്റെ ഒരു സേഫ്റ്റി വാള്‍വാണ് എന്ന സുപ്രധാന നിരീക്ഷണം നടത്തുകയുമുണ്ടായി.
ഭരണകൂടത്തെയും സംഘപരിവാരത്തെയും വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികള്‍ ആക്കുന്ന, ഇന്ത്യ വിരുദ്ധരാക്കുന്ന തീവ്ര വര്‍ഗ്ഗീയ നയങ്ങള്‍ക്കെതിരെ യോജിച്ച പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരുന്നത് ജെഎന്‍യുവിലെ ഇടത് വിദ്യാര്‍ത്ഥി ഐക്യത്തിന്റെ ജനാധിപത്യത്തിന് കാവലായി മാറിയ ഉജ്ജ്വല വിജയമാണ്.
ഫാസിസത്തെ കടപുഴക്കി എറിയാന്‍ കൂടുതല്‍ ശക്തമായ പോരാട്ടങ്ങള്‍ക്ക് കരുത്തായി ദേശീയസമ്മേളനം മാറും. കൂടുതല്‍ കരുത്താര്‍ജിച്ച് രാജ്യത്തിന്റെ അഖണ്ഡതയും മതനിരപേക്ഷതയും സംരക്ഷിക്കാന്‍, ഫാസിസ്റ്റുകളെ ചെറുത്തു തോല്‍പ്പിക്കാന്‍ ഈ സമ്മേളനം വിദ്യാര്‍ഥി സമൂഹത്തിന് കരുത്തുപകരും.

(എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)