എഐഎസ്എഫ് സംസ്ഥാന സമ്മേളനം; വിദ്യാര്‍ഥി ഐക്യത്തിന്റെ കാഹളമൂതാം

Web Desk
Posted on August 01, 2019, 10:51 pm

ശുഭേഷ് സുധാകരന്‍

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ അവിഭാജ്യഘടകമായിരുന്ന ആള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ ചരിത്രം ആവേശജനകമാണ്. ഇന്ത്യയിലെ ആദ്യത്തെ സംഘടിത വിദ്യാര്‍ഥി പ്രസ്ഥാനമാണ് എഐഎസ്എഫ്. ഇന്ത്യയിലെ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ചരിത്രം 19-ാം നൂറ്റാണ്ടിലാണ് ആരംഭിക്കുന്നത്. കല്‍ക്കത്തയില്‍ സ്ഥിരവാസമുറപ്പിച്ച വിവിയന്‍ ഡെറാസിയോ എന്ന ഒരു അധ്യാപകന്‍ അദ്ദേഹം കല്‍ക്കത്ത ഹിന്ദു കോളജിലെ ല്കചററായിരുന്നു. 1828ല്‍ ആരംഭിച്ച വിദ്യാര്‍ഥി സംഘടന, അക്കാദമിക് അസോസിയേഷന്‍ ആണ് ഇന്ത്യാ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ആദ്യ വിദ്യാര്‍ഥി സംഘടന. ഈ സംഘടന അക്കാദമിക് വിഷയങ്ങളെ കുറിച്ചുള്ള ഗൗരവമുള്ള ചര്‍ച്ചകള്‍ മാത്രമല്ല സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചും അതിലുപരി അന്ധവിശ്വാസങ്ങള്‍ക്കും സാമൂഹ്യതിന്മകള്‍ക്കും എതിരായുള്ള പ്രചരണവും ഈ സംഘടന നടത്തിയിരുന്നു. ഹിന്ദു, ക്രിസ്റ്റ്യന്‍, മുസ്‌ലിം തുടങ്ങി എല്ലാ മതവിഭാഗങ്ങളിലുംപെട്ട വിദ്യാര്‍ഥികള്‍ ഈ സംഘടനയില്‍ അംഗങ്ങളായിരുന്നു. അവര്‍ വളരെ സജീവമായിതന്നെ ലിബറല്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ആധുനികതയ്ക്കും സാമൂഹ്യ പുരോഗതിക്കുമായി നിലകൊള്ളുകയും ചെയ്തു.

ബംഗാളിലെ വിദ്യാസമ്പന്നരായ ചെറുപ്പക്കാരില്‍ ആധുനിക ആശയങ്ങള്‍ പ്രചരിക്കുന്നതില്‍ അക്കാദമിക് അസോസിയേഷനും തുടര്‍ന്നുവന്ന വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും വലിയ പങ്കുവഹിച്ചു. തുടര്‍ന്ന് ബോംബെ, ഡല്‍ഹി, മദ്രാസ് തുടങ്ങിയ നഗരങ്ങളിലെ കലാലയങ്ങളിലും വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ആരംഭിച്ചു. 19-ാം നൂറ്റാണ്ടിലെ യുവജന പ്രസ്ഥാനങ്ങള്‍ പൊതുവെ ‘യുവ ബംഗാള്‍’ പ്രസ്ഥാനങ്ങള്‍ എന്നാണ് അറിയപ്പെട്ടത്. 1848 ല്‍ സ്റ്റുഡന്റ്‌സ് ലിറ്റററി ആന്റ് സയന്റിഫിക് സൊസൈറ്റി, 1876ല്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളും കല്‍ക്കത്തയിലും ബോംബെയിലുമായി സ്ഥാപിതമായി. ഇന്ത്യന്‍ രാഷ്ട്രീയരംഗത്തെ കുലപതി ദാദാഭായ് നവറോജിയാണ് ലിറ്റററി ആന്റ് സയന്റിഫിക് സൊസൈറ്റി സ്ഥാപിക്കുവാന്‍ താല്‍പര്യമെടുത്തത്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനും സൊസൈറ്റി മുന്‍കൈയെടുത്തു.

സുരേന്ദ്രനാഥ ബാനര്‍ജിയും ആനന്ദ് മോഹന്‍ ബോസും ചേര്‍ന്ന് കല്‍ക്കത്തയില്‍ 1876 ല്‍ ആരംഭിച്ച സ്റ്റുഡന്റ്‌സ് അസോസിയേഷനാണ് ആദ്യമായി വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ ഇടയില്‍ പൊതുസമ്മേളനങ്ങള്‍ നടത്തുവാന്‍ ആരംഭിച്ചത്. 1885ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപിക്കുന്നതില്‍ വലിയ പങ്ക് ഈ സംഘടന വഹിച്ചു. വിദ്യാര്‍ഥി സമരങ്ങളുടെ ചരിത്രം 19-ാം നൂറ്റാണ്ടില്‍ ആരംഭിച്ചതാണ്. പാറ്റ്‌ന കോളജില്‍ വിദ്യാര്‍ഥികളെ അപമാനിച്ചുകൊണ്ട് സംസാരിച്ച പ്രിന്‍സിപ്പലിനെതിരെ 1875 ഓഗസ്റ്റ് 31ന് നടന്ന സമരമാണ് അറിയപ്പെടുന്ന ആദ്യ സമരം. അതൊരു വിജയമായിരുന്നു.

20-ാം നൂറ്റാണ്ടിന്റെ തുടക്കത്തോടുകൂടി കല്‍ക്കത്ത, ബോംബെ, മദ്രാസ്, അലഹബാദ് തുടങ്ങിയ യൂണിവേഴ്‌സിറ്റികളില്‍ അനേകം കോളജുകള്‍ സ്ഥാപിക്കപ്പെട്ടു. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ എണ്ണം രണ്ടുലക്ഷത്തിലധികവും കോളജുകളില്‍ ഇരുപത്തി അയ്യായിരത്തിലധികവും വിദ്യാര്‍ഥികളുണ്ടായി. അതോടെ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളിലെ പങ്കാളിത്തവും അവയുടെ പ്രവര്‍ത്തനവും വ്യാപകമായി. 1905 ലെ ബംഗാള്‍ വിഭജനത്തിനെതിരായി നടന്ന പ്രക്ഷോഭങ്ങളിലാണ് യുവജന‑വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ നേരിട്ട് രാഷ്ട്രീയ പ്രക്ഷോഭത്തിലേക്ക് ഇറങ്ങുന്നത്. വിദ്യാര്‍ഥികളിലും യുവജനങ്ങളിലും വലിയ ദേശീയ ബോധവും ഉണര്‍വും പ്രകടമായി.

ഒരു അഖിലേന്ത്യാ വിദ്യാര്‍ഥി സംഘടന രൂപീകരിക്കുവാനുള്ള പരിശ്രമങ്ങള്‍ 1906 ല്‍ തന്നെ ആരംഭിച്ചിരുന്നു. ആനിബസന്റ് ബനാറസില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഹിന്ദു കോളജ് മാസികയില്‍ ഒരു അഖിലേന്ത്യാ സംഘടനയുടെ സാധ്യത ചര്‍ച്ചചെയ്യുന്നുണ്ട്. എന്നാല്‍ അത്തരത്തില്‍ ഒരു സംഘടനയുടെ സ്ഥാപനം ഒന്നാം ലോകമഹായുദ്ധമടക്കമുള്ള വിവിധ സാഹചര്യങ്ങള്‍ മൂലം നടക്കാതെപോയി. എന്നാല്‍ ഒന്നാം ലോക മഹായുദ്ധത്തിനും 1917ലെ റഷ്യന്‍ വിപ്ലവത്തിനും ശേഷം സമത്വം, സ്വാതന്ത്ര്യം, സോഷ്യലിസം തുടങ്ങിയ മൂല്യങ്ങള്‍ ദേശീയ പ്രസ്ഥാനത്തിലും വലിയ സ്വാധീനം ചെലുത്തുകയുണ്ടായി. 1920ല്‍ തന്നെ ബിഹാറിലും ബോംബെയിലും പൂനെയിലും മറ്റും നിരവധി വിദ്യാര്‍ഥി യോഗങ്ങള്‍ ചേരുകയുണ്ടായി. ഇവയുടെ ഫലമായി ഒരു അഖിലേന്ത്യാ സമ്മേളനം വിളിച്ചുചേര്‍ക്കുവാനുള്ള തീരുമാനമുണ്ടായി. കോളജ് വിദ്യാര്‍ഥികള്‍ക്ക് മാത്രമായി 1920 ഡിസംബര്‍ 25ന് ഒരു സംഘടന ആള്‍ ഇന്ത്യ കോളജ് സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സ് രൂപീകരിക്കപ്പെട്ടു. ഇത് ഒരു സ്വതന്ത്ര സംഘടനയായിരുന്നു. ഗോഖലെയും ലാലാ ലജ്പത്‌റായിയുമായിരുന്നു ഈ സംഘടന രൂപീകരിക്കുവാന്‍ നേതൃത്വം നല്‍കിയത്.

ഇന്ത്യയില്‍ സര്‍വകലാശാലകളുടെ എണ്ണം 1916–17 വര്‍ഷങ്ങളില്‍ വെറും എട്ട് മാത്രമായിരുന്നു. 1921–22 ല്‍ 14 ആയും 1936–37ല്‍ 16 ആയും ഉയര്‍ന്നു. കോളജുകളാവട്ടെ 1921–22 കാലത്തെ വെറും 226 ല്‍ നിന്ന് 36–37 ല്‍ 340 ആയി ഉയര്‍ന്നു. സ്‌കൂളുകള്‍ 21–22 ല്‍ 8987 ആയിരുന്നത് 1936 ‑37 ല്‍ 14414 ആയി ഉയര്‍ന്നു. വിദ്യാര്‍ഥികളുടെ എണ്ണം 1901 — 02 വര്‍ഷങ്ങളിലെ 45 ലക്ഷത്തില്‍ നിന്ന് 1936 — 37 ല്‍ ഒരു കോടി 41 ലക്ഷമായി ഉയര്‍ന്നു. അതില്‍ 31 ലക്ഷം പെണ്‍കുട്ടികളായിരുന്നു. വിദ്യാര്‍ഥികളിലെ രാഷ്ട്രീയ അവബോധം വളരെ ഉയര്‍ന്നതായിരുന്നു. ഇതിന് കാരണമായത് 1928ല്‍ ആരംഭിച്ച യൂത്ത്‌ലീഗ് പ്രസ്ഥാനമായിരുന്നു. അവര്‍ റഷ്യന്‍ വിപ്ലവത്തിന്റെ വിജയത്തോടെ സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടരായി.

1928ല്‍ കല്‍ക്കത്തയില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അധ്യക്ഷതയിലും 1929ല്‍ ലാഹോറില്‍ മദന്‍ മോഹന്‍ മാളവ്യയുടെ അധ്യക്ഷതയിലും രണ്ട് വിദ്യാര്‍ഥി സമ്മേളനങ്ങള്‍ നടന്നു. 1930 കള്‍ മുതല്‍ വിവിധ സ്റ്റുഡന്റ്‌സ് ഫെഡറേഷനുകള്‍ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെല്ലാം തന്നെ രൂപീകൃതമായി. ഈയൊരു പശ്ചാത്തലത്തിലാണ് 1931 മാര്‍ച്ച് 26ന് കറാച്ചിയില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 700 പ്രതിനിധികള്‍ പങ്കെടുത്ത യോഗം ഒരു അഖിലേന്ത്യ സംഘടനയ്ക്ക് രൂപം നല്‍കാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ ബ്രിട്ടീഷ് അധികാരികള്‍ ഇതിലെ അപകടം മനസിലാക്കി വിവിധ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ഥികളെ ലക്‌നൗ യൂണിവേഴ്‌സിറ്റിയില്‍ വിളിച്ചുകൂട്ടി ഒരു ഔദ്യോഗിക സംഘടനയുണ്ടാക്കുവാന്‍ ശ്രമിച്ചു. പക്ഷെ, പ്രസ്തുത മീറ്റിംഗ് ദേശീയവാദികളായ വിദ്യാര്‍ഥികള്‍ കൈയ്യടക്കി. ഇതോടെ ദേശീയ വാദികളായ വിദ്യാര്‍ഥികളുടെ ഒരു അഖിലേന്ത്യാ സംഘടനയുടെ രൂപീകരണം അനിവാര്യമാണെന്ന് ദേശീയ വാദികള്‍ക്ക് ബോധ്യമായി. അങ്ങനെയാണ് 1936 ഓഗസ്റ്റ് 12–13 തീയതികളില്‍ ഇന്ത്യയിലെ എല്ലാ വിദ്യാര്‍ഥി സംഘടനകളെയും ക്ഷണിച്ചുകൊണ്ട് ഒരു സമ്മേളനം നടത്തുവാന്‍ തീരുമാനമാവുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നീ പാര്‍ട്ടികളില്‍ നിന്നെല്ലാം പ്രതിനിധികളെത്തി. വിപുലമായ ഒരുക്കങ്ങളാണ് നടന്നത്. ആള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ സ്ഥാപന സമ്മേളനം അങ്ങനെ രാജ്യം മുഴുവന്‍ പങ്കെടുത്ത വലിയ ഒരു സമ്മേളനമായി മാറി. 936 പ്രതിനിധികള്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ 211 സംഘടനകളെ പ്രതിനിധാനം ചെയ്തു. മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോര്‍, ജവഹര്‍ലാല്‍ നെഹ്‌റു, ശ്രീനിവാസശാസ്ത്രി തുടങ്ങിയ അനേകം ദേശീയ നേതാക്കള്‍ ആശംസകള്‍ നേര്‍ന്നു. ഈ സമ്മേളനമാണ് ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ എന്ന സംഘടനയുടെ ആരംഭം. പ്രേംനാരായണന്‍ ഭാര്‍ഗവ ആദ്യ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. എഐഎസ്എഫിന്റെ രണ്ടാമത്തെ സമ്മേളനം 1936 നവംബര്‍ 22 മുതല്‍ ലാഹോറില്‍ നടന്നു. ഈ സമ്മേളനത്തിലാണ് എഐഎസ്എഫിന്റെ ഭരണഘടന അംഗീകരിക്കപ്പെട്ടത്. ഈ സമ്മേളനത്തില്‍ നാസി ജര്‍മ്മനി സ്‌പെയിനിനെതിരെ നടത്തുന്ന യുദ്ധത്തിനെതിരെയുള്ള പ്രമേയം പാസാക്കി. റഷ്യന്‍ വിപ്ലവത്തില്‍ നിന്നും ആവേശമുള്‍ക്കൊള്ളണമെന്ന് ശരത്ചന്ദ്രബോസ് പ്രസംഗിച്ചു. ലോക വിദ്യാര്‍ഥി പ്രസ്ഥാനവുമായി (ണീൃഹറ ടൗേറലിെേ അീൈരശമശേീി) എഐഎസ്എഫിനെ അഫിലിയേറ്റ് ചെയ്തു. ആദ്യമായി വിദ്യാര്‍ഥികളുടെ ഒരു അവകാശപത്രിക തയ്യാറാക്കി.

എഐഎസ്എഫിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെയും ദേശീയ അന്തര്‍ദേശീയ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെയും ചരിത്രത്തിന്റെ ഭാഗമാണ്. വര്‍ത്തമാനകാലത്തും ആ മഹിതമായ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചുതന്നെയാണ് എഐഎസ്എഫ് മുന്നോട്ടുപോകുന്നത്. രാജ്യത്ത് വര്‍ധിച്ചുവരുന്ന സംഘപരിവാര്‍ ഭീകരതകള്‍, അസഹിഷ്ണുതകള്‍, ആള്‍ക്കൂട്ട കൊലകള്‍, പാഠ്യപദ്ധതികളിലെ കാവിവല്‍ക്കരണം എന്നിവയ്‌ക്കെതിരെ എഐഎസ്എഫ് രാജ്യവ്യാപക പ്രക്ഷോഭ പാതയിലാണ്. മോഡി സര്‍ക്കാരിന്റെ യുവജനവിരുദ്ധ — വിദ്യാര്‍ഥിദ്രോഹ നടപടികള്‍ക്കെതിരെ എഐഎസ്എഫ് — എഐവൈഎഫ് നേതൃത്വത്തില്‍ 60 ദിവസക്കാലം നീണ്ടുനിന്ന ലോങ്മാര്‍ച്ച് ഈ കാലയളവിലാണ് വിജയകരമായി സംഘടിപ്പിക്കപ്പെട്ടത്. രാജ്യാന്തര പ്രശസ്തനായ വിദ്യാര്‍ഥി നേതാവ് എഐഎസ്എഫുകാരനായ ജെഎന്‍യു മുന്‍ പ്രസിഡന്റ് കനയ്യകുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ വാക്കുകളും പോരാട്ടങ്ങളും രാജ്യം ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ചരിത്ര സന്ദര്‍ഭമാണിത്. രണ്ടാം മോഡി സര്‍ക്കാരും അതി തീവ്ര വര്‍ഗീയ നിലപാടുകളുമായി മുന്നോട്ടുപോകുമ്പോള്‍ എഐഎസ്എഫ് ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന പ്രക്ഷോഭങ്ങള്‍ക്കും പ്രസക്തി ഏറെയാണ്. തീര്‍ച്ചയായും വിദ്യാര്‍ഥി സമൂഹത്തിന്റെ പ്രതീക്ഷകള്‍ നിര്‍വഹിച്ച് ആശയ ദൃഢതയാര്‍ന്ന പ്രക്ഷോഭങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും തിരുവനന്തപുരത്ത് നടക്കുന്ന എഐഎസ്എഫ് 44-ാം സംസ്ഥാന സമ്മേളനം രൂപംകൊടുക്കുകതന്നെ ചെയ്യും.