എഐടിയുസി ജന്മശതാബ്ദി ദേശീയ സമ്മേളന ഫണ്ട്; മുനിസിപ്പല്‍ കണ്ടിജന്റ് ജീവനക്കാര്‍ ഒരു ദിവസത്തെ വേതനം നല്‍കും 

Web Desk
Posted on September 04, 2019, 7:13 pm

കോഴിക്കോട്: ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ആദ്യത്തെ സമര സംഘടനയായ എ ഐ ടി യു സി യുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനവും 42-ാം ദേശീയ സമ്മേളനവും 2020 ഏപ്രില്‍ മാസം ആലപ്പുഴയില്‍ നടക്കും. പരിപാടികളുടെ നടത്തിപ്പിനായി കേരളാ സ്റ്റേറ്റ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എ ഐ ടി യു സി) മെമ്പര്‍മാര്‍ ഒരു ദിവസത്തെ വേതനം സംഭാവനയായി നല്‍കും. ആലപ്പുഴ ജോര്‍ജ് ചടയംമുറി സ്മാരകത്തില്‍ ഫെഡറേഷന്‍ പ്രസിഡണ്ട് കെ ജി പങ്കജാക്ഷന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗമാണ് തീരുമാനമെടുത്തത്.
മുന്‍സിപ്പല്‍ കണ്ടിജന്റ് ജീവനക്കാരുടെ വേതനവും പെന്‍ഷനും പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാര്‍ച്ച് 5 ന് ഫെഡറേഷന്‍ നല്‍കിയ അവകാശപത്രികക്കു മറുപടിയായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തോടൊപ്പം തന്നെ നഗരസഭാ കണ്ടിജന്റ് ജീവനക്കാരുടേയും വേതനം ‑പെന്‍ഷന്‍ എന്നിവ പരിഷ്‌കരിക്കും എന്ന് സര്‍ക്കാര്‍ രേഖാമൂലം നല്‍കിയ ഉറപ്പിനെ യോഗം സ്വാഗതം ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ വരുത്തുന്ന കാലതാമസത്തില്‍ യോഗം ഉല്‍ക്കണ്ഠ രേഖപ്പെടുത്തുകയും ചെയ്തു. വേതന‑പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ എത്രയും വേഗം ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജനറല്‍ കൗണ്‍സില്‍ യോഗം 21 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഡി രഞ്ജിത്ത്കുമാര്‍, ട്രഷറര്‍ പി ഇ ഇസ്മായില്‍, സംസ്ഥാന നേതാക്കളായ പി എസ് നായിഡു (തിരുവനന്തപുരം), കെ എ നവാസ് (മൂവാറ്റുപുഴ), വി ടി ഗോപാലന്‍ (കോഴിക്കോട്) തുടങ്ങിയവര്‍ സംസാരിച്ചു.