രാജ്യത്തെ തൊഴിലാളികള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ എഐടിയുസി ശതാബ്ദി ദേശീയ സമ്മേളനത്തില്‍ ചര്‍ച്ചയാകും; ദേശീയ സെക്രട്ടറി വഹീദ നിസാം

Web Desk

കൊച്ചി

Posted on February 29, 2020, 6:22 pm

രാജ്യത്തെ തൊഴിലാളികള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ എഐടിയുസി ശതാബ്ദി ദേശീയ സമ്മേളനത്തില്‍ ചര്‍ച്ചയാകുമെന്ന് ദേശീയ സെക്രട്ടറി വഹീദ നിസാം. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളും അസംഘടിത തൊഴിലാളികളുടെ ക്ഷേമവുമെല്ലാം സമ്മേളനത്തില്‍ സമഗ്രമായി ചര്‍ച്ച ചെയ്യുമെന്നും വഹീദ നിസാം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏപ്രില്‍ രണ്ട് മുതല്‍ അഞ്ചു വരെ ആലപ്പുഴയിലാണ് എഐടിയുസി ശതാബ്ദി ദേശീയ സമ്മേളനം നടക്കുന്നത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 1800 പ്രതിനിധകള്‍ ഉള്‍പ്പെടെ രണ്ടായിരത്തി അഞ്ഞൂറോളം തൊഴിലാളി പ്രതിനിധികള്‍ നാല് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കും.

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിലുടക്കി വികസനം മുരടിച്ച രീതിയിലാണ് രാജ്യത്തെ തൊഴില്‍ മേഖല സഞ്ചരിക്കുന്നത്. ഈ സാഹചര്യത്തില്‍ നടക്കുന്ന ദേശീയ സമ്മേളനത്തിന് ഏറെ പ്രധാന്യമാണുള്ളത്. തൊഴിലാളി നിയമങ്ങളിലുള്‍പ്പെടെ ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ കൈ കടത്തിയതോടെ രാജ്യത്തെ തൊഴിലാളി മേഖല മുമ്പൊരിക്കലും നേരിടാത്ത വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് സഞ്ചരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളെ മറികടക്കേണ്ടതിന്റെ ആവശ്യകതയും അതിനുള്ള മാര്‍ഗങ്ങളും സമ്മേളനത്തിന്റെ പ്രധാന വിഷയമാണ്.

ഇതിന് പുറമേ രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, സ്ത്രീ തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങള്‍, രാജ്യത്തിന്റെ മറ്റ് വികസനങ്ങള്‍, ഏറെ വിവാദം നിറഞ്ഞ പൗരത്വഭേദഗതി നിയമം, ഇന്ത്യയിലെ രാഷ്ട്രിയ അന്തരീക്ഷം തുടങ്ങി വിവിധ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകുമെന്നും അവര്‍ പറഞ്ഞു. വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ജോര്‍ജ് മര്‍വ്രികോസ് സമ്മേളനത്തിന്റെ നാല് ദിവസങ്ങളിലും പങ്കെടുക്കും. ഇതിന് പുറമേ റഷ്യ, ചൈന, ക്യൂബ, ദുബായി, പാലസ്തിന്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനില്‍ അംഗങ്ങളായ ഇരുപതോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുവാനെത്തും.

സമ്മേളനത്തിന്റെ ഭാഗമായി ഏപ്രില്‍ മൂന്നിന് പ്രത്യേക സെക്ഷനുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കും. സമാപന ദിവസമായ അഞ്ചാം തിയതി നടക്കുന്ന ബഹുജന റാലിയില്‍ ഒരുലക്ഷത്തിലേറെ തൊഴിലാളികളും അവരുടെ കുടുംബങ്ങളും പങ്കെടുക്കുമെന്നും വഹീദ നിസാം പറഞ്ഞു. ദേശീയ സമ്മേളനത്തിന് മുന്നോടിയായി നാളെ സംസ്ഥാനത്തുടനീളം ആയിരത്തോളം കേന്ദ്രങ്ങളില്‍ പതാക ദിനമായി ആചാരിക്കുമെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെപി രാജേന്ദ്രന്‍ അറിയിച്ചു.

സമ്മേളനത്തിന്റെ ഭാഗമായി 22ന് കോട്ടയത്ത് മാധ്യമങ്ങളുമായി ബന്ധപ്പെട്ട് സെമിനാര്‍ സംഘടിപ്പിക്കും. സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയമാണ് സമ്മേളനത്തിന്റെ പ്രധാന വേദി. ഒരു ലക്ഷത്തോളം ആളുകള്‍ പങ്കെടുക്കുന്ന റാലി ആലപ്പുഴ കടപ്പുറത്താണ് സംഘടിപ്പിക്കുന്നതെന്നും കെപി രാജേന്ദ്രന്‍ പറഞ്ഞു. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് പി രാജു, കെഎന്‍ ഗോപി, പ്രസാദ് എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

you may also like this video;