May 28, 2023 Sunday

Related news

May 20, 2023
May 10, 2023
April 20, 2023
April 11, 2023
March 30, 2023
March 29, 2023
March 25, 2023
March 18, 2023
March 15, 2023
March 14, 2023

കയര്‍ തൊഴിലാളികള്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി

web desk
തിരുവനന്തപുരം
February 16, 2023 12:30 pm

കേരളത്തിലെ കയർ തൊഴിലാളികളെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കയര്‍ തൊഴിലാളികള്‍ എഐടിയുസിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. കേരള സ്റ്റേറ്റ് കയർ തൊഴിലാളി ഫെഡറേഷന്‍ സംഘടിപ്പിച്ച മാര്‍ച്ച് എഐടിയുസി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്തു.

മാര്‍ച്ച് എഐടിയുസി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്യുന്നു

ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് സമരങ്ങളെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള പാവപ്പെട്ട ജനവിഭാഗങ്ങളാണ് എല്‍ഡിഎഫിന്റെ കാതല്‍. കേരളത്തിലെ കയര്‍ തൊഴിലാളികള്‍ സമരവുമായി ഭരണസിരാകേന്ദ്രത്തിലേക്കെത്തിയത്, നമ്മുടെ സര്‍ക്കാരിനോട് നമുക്ക് പറയാന്‍ അവകാശമുള്ള കാര്യങ്ങള്‍ പറയാനാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യം അധികാരത്തില്‍ വരുന്നതിനും പിന്നീട് തുടര്‍ഭരണം ലഭിക്കുന്നതിനും വിയര്‍പ്പൊഴുക്കിയത് ഈ കയര്‍ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരാണെന്ന് ബിനോയ് വിശ്വം പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ ഞെരുക്കി ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സാഹചര്യമാണിന്നുള്ളത്. ആ പ്രയാസങ്ങളെല്ലാം ഉള്‍ക്കൊണ്ടുതന്നെയാണ് നാം ന്യായമായ ആവശ്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. പ്രതിസന്ധികളെ മറികടന്ന് മുന്നോട്ടുപോകുമ്പോള്‍ ചില മുന്‍ഗണനകള്‍ നിശ്ചയിക്കേണ്ടതുണ്ട്. അതില്‍ ഏറ്റവും പ്രധാനമായി പരിഗണിക്കേണ്ടത് കയര്‍ തൊഴിലാളികളുടെ വിഷയം തന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള താല്പര്യം കോണ്‍ഗ്രസോ ബിജെപിയോ കാണിക്കില്ല. എല്‍ഡിഎഫ് മാത്രമാണ് തൊഴിലാളികള്‍ക്ക് വേണ്ടി നിലകൊള്ളുന്നത്. കയര്‍ തൊഴിലാളികള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ നിസ്സാരമല്ല, നാളത്തേക്ക് മാറ്റിവയ്ക്കാവുന്നതുമല്ല. മുഖ്യമന്ത്രിയുടെ അടിയന്തര ശ്രദ്ധ ഈ വിഷയത്തില്‍ ഉണ്ടാകണം. കയര്‍ മേഖലയിലെ പ്രശ്നങ്ങള്‍ വ്യവസായ മന്ത്രി ആഴത്തില്‍ പഠിക്കണം. അതിന് പരിഹാരമുണ്ടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. കണ്ണടച്ച് ഇരിക്കലല്ല ഇടതുപക്ഷത്തിന്റെ നയം. വ്യവസായങ്ങളും നിക്ഷേപങ്ങളുമെല്ലാം വരണം. എന്നാല്‍ കയര്‍ മേഖലയെ സംരക്ഷിക്കാനുള്ള ഇടപെടലിനും സമയം മാറ്റിവയ്ക്കേണ്ടതുണ്ടെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

ഫെഡറേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് എ അബ്ബാസ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി വി സത്യനേശന്‍ സ്വാഗതം പറഞ്ഞു. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍, മീനാങ്കല്‍ കുമാർ, മനോജ് ബി ഇടമന, ഡി പി മധു, എം ഡി സുധാകരന്‍, കെ ഉമയാക്ഷന്‍, എം കെ സീമോന്‍, വി എന്‍ ഉണ്ണികൃഷ്ണന്‍, കെ പി പുഷ്കരന്‍, സി വി രാജീവ്, കെ എസ് വാസല്‍, എന്‍ പി കമലാധരന്‍, സി കെ രാമനാഥന്‍, എസ് പ്രകാശൻ, അഫ്സല്‍ കണിയാപുരം എന്നിവര്‍ പ്രസംഗിച്ചു.

രാവിലെ 11 മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച കയർ തൊഴിലാളി പ്രകടനത്തിന് പി രാജമ്മ, ആർ. സുരേഷ്, ബി നസീർ, ബി ആർ പ്രകാശ്,സി പുരുഷൻ, പി ഡി ശൈലജ, ടി സി സ്വാമിനി, പി എസ് നായിഡു, മൈക്കിൾ സെബാസ്റ്റ്യൻ,സജീർ ജയകുമാർ, ഗോപാലകൃഷ്ണൻ, വിജയദാസ്, സുനിൽ മുരുക്കുപ്പുഴ, കെഎൽ ബെന്നി, ഉഷബാബുലാൽ എന്നിവർ നേതൃത്വം നൽകി. സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന മൂന്നു ദിവസത്തെ സത്യഗ്രഹ സമരത്തിന്റെ തുടര്‍ച്ചയായിട്ടായിരുന്നു മാര്‍ച്ച്.

 

Eng­lish Sam­mury: AITUC Coir Labour Fed­er­a­tion Sec­re­tari­at March

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.