എ എം പരമന് എഐടിയുസിയുടെ സ്‌നേഹാദരം

Web Desk
Posted on May 28, 2018, 10:46 pm

തൃശൂര്‍: തൊണ്ണൂറ് പിന്നിട്ടിട്ടും കെടാത്ത വിപ്ലവവീര്യവുമായി പൊതുരംഗത്തു നിറഞ്ഞു നില്‍ക്കുന്ന ട്രേഡ് യൂണിയന്‍ നേതാവ് എ എം പരമന് എഐടിയുസിയുടെ ആദരം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്നലെ തൃശൂര്‍ പൂങ്കുന്നം കുട്ടന്‍കുളങ്ങരയിലെ വീട്ടിലെത്തി പഴയകാല സഖാവിനെ ആദരിച്ചു. എഐടിയുസിയുടെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി ആദ്യകാല നേതാക്കളെ ആദരിക്കുന്നപരിപാടിയില്‍ എഐടിയു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
തൃശൂരിലെ കമ്മ്യൂണിസ്റ്റ്-ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ വളരെ വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തെ നേരിട്ട് സംഘടനയെ നയിക്കാന്‍ മുന്‍പന്തിയില്‍ നിന്ന നേതാവാണ് എഎം പരമന്‍ എന്ന് കാനം ഓര്‍മ്മിപ്പിച്ചു. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കു വേണ്ടി ശക്തമായി വാദിച്ച വ്യക്തിയാണ് എ എം പരമന്‍. എഐടി യുസിക്ക് 100 വയസാകുമ്പോള്‍ അദ്ദേഹത്തിന് 93 വയസ് ആകുന്നു. പ്രസ്ഥാനത്തിനും നായകനും ഒരേപ്രായം. ഈ പ്രായത്തിലും തന്റെ വിപ്ലവവീര്യം കെടാതെ സൂക്ഷിക്കുന്ന ഒരു വിപ്ലവ നേതാവ് പുതുതലമുറയ്ക്ക് ആവേശമാണെന്ന് കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ഐനിവളപ്പില്‍ മാധവന്റെയും ലക്ഷ്മിയുടെയും മകനായ എ എം പരമന്‍ പതിന്നാലാം വയസില്‍ സീതാറാം മില്ലിലെ തൊഴിലാളിയായാണ് തൊഴിലാളികളെ സംഘടിപ്പിക്കാന്‍ തുടക്കമിട്ടത്. അന്ന് മില്ലില്‍ 16 അണയ്ക്ക് പണിയെടുത്താല്‍ 14 അണയേ കൂലി കിട്ടൂ. ഈ ചൂഷണത്തിനെതിരെ സീതാറാം ടെക്സ്റ്റയില്‍സ് വര്‍ക്കേഴ്‌സ് യൂണിയന്‍ എന്ന സംഘടനക്ക് രൂപം നല്‍കി. അന്നു തുടങ്ങിയ ആശയങ്ങളും നിര്‍ദ്ദേശങ്ങളുമായി ശാരീരിക അവശതകള്‍ അലട്ടുന്ന 93 ാം വയസിലും രംഗത്ത് തുടരുന്നു.
സ്വാതന്ത്ര്യം കിട്ടുന്നതിനും നാല് വര്‍ഷം മുമ്പ് പ്രസംഗത്തില്‍ രാജ്യദ്രോഹമുണ്ടെന്ന് ആരോപിച്ച് അദ്ദേഹം അറസ്റ്റിലായി. പിന്നെയും പലവട്ടം അറസ്റ്റ് ചെയ്തും ലോക്കപ്പിലിട്ടും നിശ്ശബ്ദനാക്കാന്‍ ഭരണകൂടം ശ്രമിച്ചെങ്കിലും വീര്യം ഒട്ടും ചോര്‍ന്നില്ല. 1945 മുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി. സിപിഐ സംസ്ഥാന കമ്മിറ്റി അംഗം, എഐടിയുസി സംസ്ഥാന ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, വര്‍ക്കിങ് കമ്മിറ്റി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം മൂന്ന് പതിറ്റാണ്ട് തൃശ്ശൂര്‍ മുന്‍സിപ്പല്‍ കൗണ്‍സിലറായിരുന്നു. 1987 മുതല്‍ നാല് വര്‍ഷം ഒല്ലൂര്‍ എംഎല്‍എ ആയി.
ആദരിക്കല്‍ ചടങ്ങില്‍ എഐടിയുസി സംസ്ഥാന സെക്രട്ടറി വിജയന്‍ കുനിശ്ശേരി, വര്‍ക്കിങ്ങ് വിമന്‍സ് ഫോറം സംസ്ഥാന ജന.സെക്രട്ടറി കെ മല്ലിക, എഐടിയുസി ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദന്‍, സിപി ഐ ജില്ലാ അസി. സെക്രട്ടറി പി ബാലചന്ദ്രന്‍, എ എന്‍ രാജന്‍, ഷീല വിജയകുമാര്‍, തൃശൂര്‍ മണ്ഡലം സെക്രട്ടറി അഡ്വ. സുമേഷ്, എല്‍ സി സെക്രട്ടറി കെ ആര്‍ വിനോദ് എന്നിവര്‍ സംസാരിച്ചു.