August 19, 2022 Friday

Related news

July 15, 2022
May 18, 2022
May 14, 2022
May 4, 2022
May 1, 2022
May 1, 2022
May 1, 2022
April 21, 2022
April 19, 2022
April 18, 2022

എഐടിയുസി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി കർഷക തൊഴിലാളി സംഗമം സംഘടിപ്പിച്ചു

Janayugom Webdesk
ആലപ്പുഴ
February 27, 2020 8:19 pm

അച്യുതമേനോൻ ഭരണത്തെ വിസ്മരിക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണെന്ന് ബികെഎംയു ദേശീയ വൈസ് പ്രസിഡന്റ് കെ ഇ ഇസ്മായിൽ പറഞ്ഞു. എഐടിയുസി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി കുട്ടനാട് ചേർന്ന കർഷക തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ജന്മിത്വത്തിന്റെ വേര് പിഴുതെറിഞ്ഞത് അച്യുതമേനോൻ സർക്കാരാണ്. അക്കാലത്ത് നടപ്പാക്കിയ കാർഷിക പരിഷ്ക്കരണ നിയമം കേരളത്തിന്റെ സാമൂഹ്യ സാഹചര്യങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തി. കേരളമല്ലാതെ കാർഷിക പരിഷ്ക്കരണ നിയമം സമഗ്രമായി നടപ്പാക്കിയ മറ്റൊരു സംസ്ഥാനവും ഇന്ത്യയിലില്ല. കേരളത്തിലുണ്ടായ വികസനത്തിന്റെ ആധാരവും ഈ നിയമം ആയിരുന്നു. അച്യുതമേനോന്റെ ഭരണകാലഘട്ടത്തെ തമസ്ക്കരിക്കുവാൻ ബോധപൂർവ്വമായ നീക്കം നടക്കുന്നുണ്ട്. ഈ ചരിത്ര നിഷേധത്തെ ജനം സ്വീകരിക്കില്ല. രാജ്യത്തിന്റെ നെറുകയിൽ കേരളത്തെ എത്തിച്ചത് അച്യുതമേനോൻ സർക്കാരാണ്. ആ സർക്കാരിന് ചരിത്രപ്രാധാന്യമില്ലെന്ന് പറയുന്നവർ ചരിത്രത്തെ ബോധപൂർവ്വമായ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ ആദ്യമായി ജനകീയാസൂത്രണ പദ്ധതി നടപ്പാക്കിയത് അച്യുതമേനോൻ സർക്കാരായിരുന്നു. എം എൻ ഗോവിന്ദൻ നായരുടെ നേതൃത്വത്തിൽ നടപ്പാക്കിയ ലക്ഷംവീട് പദ്ധതിയാണ് ആദ്യത്തെ ജനകീയാസൂത്രണ പദ്ധതി. മുന്നണി സംവിധാനത്തെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് ഇന്ത്യയ്ക്ക് മാതൃക കാട്ടിക്കൊടുത്ത മുഖ്യമന്ത്രിയായിരുന്നു അച്യുതമേനോൻ. മുന്നണിയിലെ കക്ഷികളെ വലിപ്പചെറുപ്പം നോക്കാതെ ഒരേപോലെയാണ് അദ്ദേഹം കണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവരേയും പിന്നോക്കക്കാരേയും മനുഷ്യരായി അംഗീകരിക്കാത്ത സാമൂഹ്യ അന്തരീക്ഷത്തെ തകർത്തെറിഞ്ഞത് കമ്മ്യൂണിസ്റ്റുകാരാണ്. ജന്മി ഭൂപ്രഭുക്കൻമാരുടെ എതിർപ്പിനെ അവഗണിച്ചും കമ്മ്യൂണിസ്റ്റുകാർ നടപ്പാക്കിയ പരിഷ്ക്കാരങ്ങൾ ജനങ്ങൾ മനസ്സാവരിച്ചു. 1957 ൽ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ കുടിയൊഴിപ്പിക്കൽ നിരോധിക്കാൻ തീരുമാനിച്ചത് ഭൂപ്രഭുക്കന്മാർക്ക് തിരിച്ചടിയായി. ഇതിനെ തുടർന്നാണ് ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ പിരിച്ചുവിട്ടതെന്നും അദ്ദേഹം പറഞ്ഞു.

ബി കെ എം യു സംസ്ഥാന പ്രസിഡന്റ് എ കെ ചന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആർ അനിൽകുമാർ സ്വാഗതം പറഞ്ഞു. എ ഐ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, ഭക്ഷ്യ‑സിവിൽ സപ്ലൈസ് മന്ത്രി പി തിലോത്തമൻ, ബി കെ എം യു സംസ്ഥാന ജനറൽ സെക്രട്ടറി പി കെ കൃഷ്ണൻ, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ജോയിക്കുട്ടി ജോസ്, പി വി സത്യനേശൻ, നേതാക്കളായ പി ജ്യോതിസ്, കെ ഗോപിനാഥൻ, ടി ആനന്ദൻ, കെ വി ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു. ബി ലാലി നന്ദി പറഞ്ഞു. ചടങ്ങിൽവെച്ച് കുട്ടനാടിന്റെ ചരിത്രകാരൻ എൻ കെ കമലാസനൻ ഉൾപ്പെടെയുള്ളവരെ ആദരിച്ചു.

Eng­lish Sum­ma­ry; AITUC Nation­al Con­fer­ence, Farm­ers’ Work­ers Asso­ci­a­tion organized

YOU MAY ALSO LIKE THIS VIDEO

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.